Tokyo Olympics | ചാനുവിന്റെ വെള്ളി സ്വ‌ര്‍ണമായേക്കും, ഒന്നാമതെത്തിയ ചൈനീസ്താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി സംശയം.

ടോക്കിയോ : മീരഭായ് ചാനുവിന്റെ വെള്ളി മെഡൽ സ്വർണ്ണമായി മാറാൻ സാധ്യത. വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതില്‍ അവര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിക്കും. ഒളിമ്പിക്സ് നിയമം അനുസരിച്ച്‌ സ്വര്‍ണം നേടിയ താരം ഉത്തേജക പരിശോധനയില്‍ പുറത്താക്കപ്പെട്ടാല്‍ വെള്ളി മെഡല്‍ നേടിയ താരത്തിന് സ്വ‌ര്‍ണം നല്‍കും. അങ്ങനെ സംഭവിച്ചാൽ ഭാരോദ്വഹനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്ന ആദ്യ വ്യക്തിയായി ചാനു മാറും.
ചൈനീസ് താരത്തിന്റെ ഉത്തേജകപരിശോധന മത്സരശേഷം നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനാല്‍ ഒന്നുകൂടി ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം. ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഉത്തേജക പരിശോധന ഒരിക്കല്‍ കൂടി നടത്തുമെന്നത് ഉറപ്പാണ്.

Related posts

Leave a Comment