അഞ്ചാംപത്തികളെ തിരിച്ചറിയുക; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാളും ബി ജെ പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തും ശരിവെച്ചിരിക്കയാണ്. ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്ന പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ ഇവര്‍ പാരപണിത് ദുര്‍ബലപ്പെടുത്തുകയാണ്. ബിഹാറിലും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിച്ചുകൊണ്ട് ബി ജെ പിക്കെതിരായ വോട്ടുകള്‍ ചിതറി പാഴാക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ബി ജെ പിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് ഉവൈസിയുടെ പ്രവര്‍ത്തനം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ലഭിക്കുമായിരുന്ന ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയുടെ വിജയം ഉറപ്പുവരുത്തുകയുണ്ടായി. രണ്ടു ഡസന്‍ സീറ്റുകളില്‍ ഇത്തരം അവിഹിതബന്ധങ്ങളുണ്ടായിരുന്നു. വന്‍തുക ബി ജെ പിയില്‍ നിന്ന് സ്വീകരിച്ചുകൊണ്ടായിരുന്നു ഉവൈസിയുടെ വഞ്ചന. ബി ജെ പി വിരുദ്ധവാദം പ്രസംഗിക്കുകയും പിന്‍വാതിലിലൂടെ ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ആള്‍രൂപമാണ് ഉവൈസി. കര്‍ഷകരും ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളും പോരാട്ടത്തിനിറങ്ങിയ ഒരിടത്തും ഉവൈസിയെ കണ്ടിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വലവീശി കാശ് വാരുകയാണ് അദ്ദേഹം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ ഡല്‍ഹി ജുമമസ്ജിദിലെ ഇമാം സ്വീകരിച്ച ക്ഷുദ്രവഴികളാണിത്. ഉവൈസിയെ രാകേഷ് ടികായത്ത് ഉപമിച്ചത് മൂക്കുകയറില്ലാത്ത കാളക്കൂറ്റനോടാണ്. പണം വാങ്ങി ജനാധിപത്യത്തെയും ന്യൂനപക്ഷങ്ങളെയും ഒറ്റുകൊടുക്കുകയാണ് ഉവൈസി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരസ്യമായി ഉവൈസി വിമര്‍ശിക്കുന്നതും ഉവൈസിയെ യോഗി അധിക്ഷേപിക്കുന്നതും നാടകമാണ്. ഇതിനകംതന്നെ ബി ജെ പിയുമായി അവര്‍ രഹസ്യധാരണയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഉവൈസി സമാജ്‌വാദി പാര്‍ട്ടിയുടെ ഏജന്റാണെന്നാണ് ആദിത്യനാഥിന്റെ ആരോപണം. ബിഹാറില്‍ മുസ്‌ലിം ജനസംഖ്യ ഏറെയുള്ള സീമാഞ്ചല്‍ മേഖലയില്‍ 20 സീറ്റുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി ജെ പിയുടെ വിജയം ഉറപ്പാക്കിയത്. ഇതേപോലെ ഉത്തര്‍പ്രദേശിലും നൂറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഉവൈസിയുടെ പദ്ധതി. ഇത്തവണ മുസ്‌ലിംകള്‍ അഖിലേഷ് യാദവിന് വോട്ട് ചെയ്യുമെന്നാണ് യു പി യിലെ ചെറുകക്ഷികള്‍ കരുതുന്നത്. ഹൈദരാബാദില്‍ നടന്ന ഭാരത് കിസാന്‍ യൂണിയന്‍ റാലിയിലാണ് രാകേഷ് ടികായത്ത് ഉവൈസിയെ കഠിനമായി ആക്ഷേപിച്ചത്. ഉവൈസി എന്ന കാളക്കൂറ്റനെ ഹൈദരാബാദുകാര്‍ തന്നെ പിടിച്ചുകെട്ടണമെന്നായിരുന്നു ടിക്കായത്തിന്റെ അഭ്യര്‍ത്ഥന. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന സമരത്തിന്റെ ഏറ്റവും ഉന്നതനായ നേതാവായി ടികായത്ത് ഉയര്‍ന്നുവന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലെ പല നേതാക്കള്‍ക്കും രസിച്ചിട്ടില്ല.
തെലങ്കാനക്ക് പുറത്ത് മുസ്‌ലിം വോട്ടുകച്ചവടത്തിനൊരുങ്ങുന്ന ഉവൈസി ന്യൂനപക്ഷങ്ങളെ മാത്രമല്ല കര്‍ഷകരെയും ബി ജെ പിക്ക് പണയംവെക്കാന്‍ ശ്രമിക്കുകയാണ്. കടിഞ്ഞാണില്ലാത്ത ഈ കാളയെ പിടിച്ചുകെട്ടണമെന്നും ടിക്കായത്ത് പരിഹസിക്കുകയുണ്ടായി. ബി ജെ പിയുടെ മറ്റൊരു മരുമകനാണ് അരവിന്ദ് കെജ്‌രിവാള്‍. ബി ജെ പിക്കെതിരെ വലിയ ശബ്ദത്തില്‍ സംസാരിക്കുകയും പതിഞ്ഞ സ്വരത്തില്‍ സഹായിക്കുകയും ചെയ്യുന്ന കെജ്‌രിവാള്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടിടങ്ങളിലും ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയുടെ വിജയം അനായാസകരമാക്കുകയാണ് കെജ്‌രിവാളിന്റെ ലക്ഷ്യം. ഇതിന് പകരമായി എ എ പിയുടെ ഡല്‍ഹി ഭരണത്തിന് ബി ജെ പി യാതൊരു തലവേദനയും സൃഷ്ടിക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ഡല്‍ഹി അതിര്‍ത്തികളിലും നടന്ന വന്‍സമരത്തെ തള്ളിപ്പറഞ്ഞ കെജ്‌രിവാള്‍ സമര കേന്ദ്രം സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രവുമല്ല സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും തടയുകപോലുമുണ്ടായി. ഉവൈസിയെപോലെയും കെജ്‌രിവാളിനെപോലെയുമുള്ള അഞ്ചാംപത്തികള്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആപത്താണ്. ഒന്ന് ഈനാംപേച്ചിയാണെങ്കില്‍ മറ്റേത് മരപ്പട്ടിയാണ്.

Related posts

Leave a Comment