ഇന്ന് സോണിയാഗാന്ധിയുടെ 75-ാം പിറന്നാൾ ; അനുഭവ തീയിൽ കുരുത്ത അനുപമ നേതൃത്വം ; എം കെ രാഘവൻ എംപി എഴുതുന്നു

സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്, തന്റെ ഭർത്താവ് മാംസകഷ്ണങ്ങളായി ചിന്നിചിതറിയ ശ്രീംപെരുമ്പത്തൂരിന്റെ മണ്ണിലേക്ക് നടത്തിയ ഒരു തീർത്ഥയാത്രയ്ക്ക് ശേഷമായിരുന്നു. തടിച്ചുകൂടിയ ജനാവലിയെ അഭിസംബോധന ചെയത അവരുടെ വാക്കുകളിലുണ്ടായിരുന്നു താൻ പ്രകടിപ്പിക്കാൻ പോകുന്ന നിലപാടിന്റെ സ്ഥൈര്യം: ”എന്റെ വ്യക്തിപരമായ ദു:ഖമെല്ലാം ഉള്ളിലൊതുക്കി, ഇന്ന് നിങ്ങളുടെ മുമ്പിൽ വന്ന് നിൽക്കാനും നിങ്ങളുമായ് സംവദിക്കാൻ എനിക്കാവേശം തന്നത് ഈ രാജ്യത്തിനുവേണ്ടി ജീവിതവും ത്യാഗവും തൊട്ടറിഞ്ഞ ഒരു കുടുംബാംഗം എന്ന നിലയിലാണ്.

ഏതെങ്കിലും രാഷ്ട്രീയപദവിയോ അധികാര സ്ഥാനമോ നൽകണം എന്നാവശ്യപ്പെടാനല്ല മറിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഏക ആശങ്ക നിങ്ങളുമായ് പങ്കുവെക്കാനാണ് ഞാനിവിടെ വന്നത്. നമ്മുടെ സമൂഹത്തെ ചില്ലുകൊട്ടാരം പോലെ തകർക്കാൻ അനുവദിച്ചുകൂട. നമ്മുടെ ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പ്രാദേശികത്വത്തിന്റെയോ പേരിൽ വേർതിരിച്ച് നിർത്താനും നമുക്ക് അനുവദിച്ചുകൂട…”ആ ഉറപ്പ് കാത്തുസൂക്ഷിച്ചാണ് സോണിയാഗാന്ധി ഇന്നും നമ്മെ നയിക്കുന്നത്. രാജീവ്ഗാന്ധി വധിക്കപ്പെട്ട കാലം മുതൽ സോണിയ പാർട്ടി പദവികളിലേക്ക് വരണമെന്ന ആവശ്യം നിരന്തരമായ് മുഴങ്ങിയെങ്കിലും അധികാര സ്ഥാനങ്ങളിൽ നിന്നും പാർട്ടി പദവികളിൽ നിന്നും അകന്നു നിന്ന സോണിയയെയാണ് നാം കണ്ടത്.

പക്ഷെ 1996 ലെ പരാജയത്തിനു ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് നേരിട്ട വെല്ലുവിളികൾ അവരെ മാറ്റി ചിന്തിപ്പിച്ചു. അകത്തളങ്ങളിൽ ഒതുങ്ങിക്കൂടിയ ഈ സ്ത്രീയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് എതിരാളികൾ പരിഹസിച്ചു. 1998ൽ കൊൽക്കത്ത എ ഐ സി സി സമ്മേളനത്തിൽ സോണിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഘടന എന്ന നിലയിൽ കോൺഗ്രസ് പുതുജീവൻ കൊതിക്കുകയായിരുന്നു.
വിനയവും പക്വതയും പാകതയും അടയാളപ്പെടുത്തിയ സോണിയ എതിർപ്പുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ജനമനസ്സിൽ ഇടംനേടിയത്. പതിമൂന്നാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായി സോണിയ, വാജ്പേയ് സർക്കാറിനെതിരായ പ്രതിപക്ഷ ശബ്ദത്തെ ഏകോപിപ്പിച്ചു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബി ജെ പി മുദ്രാവാക്യത്തെ നേരിട്ടത് ”കോൺഗ്രസിന്റെ കൈ, സാധാരണക്കാർക്കൊപ്പ”മെന്ന മറുപടിയുമായാണ്.

രാജ്യമാകമാനം പ്രചാരണം നടത്തി അവർ പാർട്ടിയെ അധികാരത്തിൽ തിരികെ കൊണ്ടുവന്നു. ഒന്നം യു പി എ ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ സോണിയ പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും കോൺഗ്രസ് നേതാക്കൾ മാത്രമായിരുന്നില്ല. സി പി എമ്മിന്റെ ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത്ത് ഉൾപ്പെടെ ഈ ആവശ്യവുമായ് അവരിൽ സമ്മർദ്ദം ചെലുത്തി. അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കാനാണ് തന്റെ മനസ്സ് പറയുന്നതെന്ന് അവർ ആണയിട്ടപ്പോൾ അത് സമാനതകളില്ലാത്ത ചരിത്രം കൂടിയായി. ”തനിക്കു നേരെ നീട്ടിയ അധികാരത്തിന്റെ പാനപാത്രം സ്വമേധയാ വലിച്ചെറിഞ്ഞ ശ്രീരാമനെപ്പോലെയാണ് സോണിയാഗാന്ധി” എന്ന് അന്ന് ഡോ.സുകുമാർ അഴീക്കോട് നടത്തിയ നിരീക്ഷണം പിന്നീടുള്ള ഓരോ സംഭവഗതിയിലും സത്യമെന്ന് അടയാളപ്പെടുത്തി.

2009 മുതൽ അവർക്കൊപ്പം പാർലമെന്റിൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും സൂക്ഷ്മമായ് നിരീക്ഷക്ഷിക്കാനും ശക്തമായ നിർദ്ദേശങ്ങൾ നൽകാനും അവർ കാട്ടിയ ആർജ്ജവം നേരിട്ടറിഞ്ഞതാണ്. കോഴിക്കോട് റെയിൽവേസ്റ്റേഷന് അന്താരാഷ്ട്ര പദവി ലഭിച്ചതിലുൾപ്പെടെ സോണിയയുടെ ഇടപെടൽ നന്ദിയോടെ ഓർക്കുന്നു. തുടർച്ചയായ പത്തുവർഷത്തെ ഭരണകാലത്തെ എല്ലാ ക്ഷേമപ്രവർത്തനങ്ങൾക്കും യു പി എ അധ്യക്ഷയായ സോണിയയുടെ കയ്യൊപ്പുണ്ടായിരുന്നു. കാർഷിക കടം എഴുതി തള്ളൽ, വിവരാവകാശ നിയമം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യസുരക്ഷാ പദ്ധതി, ആരോഗ്യ സുരക്ഷാ പദ്ധതി, സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങിയ നിരവധി ക്ഷേമവികസന പദ്ധതികളുടെയും ന്യൂനപക്ഷആദിവാസിദളിത് സമുദായങ്ങളുടെയും ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കാൻ യു പി എ സർക്കാറിന് സാധിച്ചു. സച്ചാർ കമ്മിറ്റി ശുപാർശകളിന്മേൽ യു പി എ സർക്കാർ കൈക്കൊണ്ട നടപടികൾ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിക്കാനുള്ളതായിരുന്നു.
തന്നെ വ്യക്തിപരമായ വിമർശിച്ചവരെ പോലും ഉൾക്കൊള്ളാൻ അവർ കാട്ടിയ വിശാലമനസ്‌കത മാതൃകാപരമാണ്. മഹാരാഷ്ട്രയിൽ എൻ സി പിയുമായുള്ള സഖ്യവും ശരത്പവാറിന് സുപ്രധാന മന്ത്രിസ്ഥാനവും ഇതിന്റെ ഭാഗമായ് വന്നുചേർന്നതായിരുന്നു. രാജീവ്വധത്തിനു ശേഷം തമിഴ്നാട്ടിൽ ഡി എം കെയുമായ് സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെ അവർക്കു വേണമെങ്കിൽ വൈകാരികമായ് എതിർക്കാമായിരുന്നു. എന്നാൽ ആ സഖ്യത്തിനും അവർ പച്ചക്കൊടി കാട്ടി. ഭർത്താവിന്റെ വധക്കേസിൽ ജയിലിൽ കഴിയുന്ന നളിനിക്കു മനുഷ്യത്വത്തിന്റെ തിരി നീട്ടാൻ അവരും മക്കളും തയ്യാറായപ്പോൾ അത്ഭുതത്തോടെയാണ് രാജ്യം അത് വീക്ഷിച്ചത്. രാഷ്ട്രീയ എതിരാളികൾക്കു നേരെ മോശമായ ഒരു പ്രയോഗവും നടത്താതെ, മാന്യമായ രാഷ്ട്രീയ നേതൃത്വമാണ് സോണിയയുടെ സവിശേഷത.

1968ൽ ഇന്ദിരാഗാന്ധിയുടെ മരുമകളായി, കേട്ടുകേൾവി മാത്രമുള്ള ഈ രാജ്യത്തേക്ക് എത്തിച്ചേർന്ന സോണിയ എന്ന സ്ത്രീ അഭിമുഖീകരിച്ച ദുരന്തങ്ങൾ തുല്യതയില്ലാത്തതാണ്; ആദ്യം ഭർതൃസഹോദരന്റെ അകാലമൃത്യു, തൊട്ടുപിന്നാലെ ഭർതൃമാതാവ് വെടിയേറ്റ് തന്റെ കയ്യിൽകിടന്ന് പിടഞ്ഞു, പിന്നീട് ഒരുനോക്ക് കാണാൻ പോലുമാകാത്ത വിധം ചിന്നഭിന്നമായ് രക്തസാക്ഷിത്വം വരിച്ച ഭർത്താവ്.
എല്ലാ പ്രതിസന്ധികളെയും നേരിട്ട ഇച്ഛാശക്തിയോടെയാണ് സോണിയാഗാന്ധി പ്രസ്ഥാനത്തെ നയിക്കുന്നത്. രാജ്യത്തെ മതേതര-ജനാധിപത്യ ചേരി സോണിയാഗാന്ധിയിൽ പ്രതീക്ഷയുടെ കെടാനാളം കാണുന്നതും അതുകൊണ്ടു കൂടിയാണ്.

Related posts

Leave a Comment