ഓർമയിൽ ഇന്ന് : പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച ദിവസം

പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച ദിവസമാണിന്ന്. 1951 ഡിസംബർ 8ാം തിയ്യതിയാണ് ഇന്ത്യയുടെ ഭാവി വികസനത്തെക്കുറിച്ചുള്ള ജവഹർലാൽ നെഹ്‌റുവിന്റെ സ്വപ്‌നപദ്ധതിയുടെ പൂർണ്ണരൂപം ഇന്ത്യൻ പാർലമെന്റിൽ നെഹ്‌റു തന്നെ അവതരിപ്പിച്ചത്. ആസൂത്രണ കമ്മീഷണായിരുന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പ് ചുമതല. 2014ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ ആസൂത്രണ കമ്മീഷൻ നിർത്തലാക്കി. ഇതോടെ പഞ്ചവത്സര പദ്ധതികൾക്ക് അന്ത്യം കുറിക്കപ്പെട്ടു.
പട്ടിണിയിലും ദുരിതത്തിലും വികസന മുരടിപ്പിലും കഴിഞ്ഞ ഒരു രാജ്യത്തെ ഘട്ടം ഘട്ടമായി വികസനത്തിന്റെയും ദാരിദ്ര്യമുക്തിയുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് കൃത്യമായ ആസൂത്രണത്തോടെ നെഹ്‌റു വിഭാവനം ചെയ്ത പഞ്ചവത്സര പദ്ധതികളിലൂടെയായിരുന്നു. 1951 മുതൽ 1956 വരെയുള്ള ഒന്നാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും നെഹ്‌റു പാർലമെന്റിൽ വിശദീകരിച്ചത്. കാർഷിക മേഖലയുടെ വികസനമായിരുന്നു ഇതിൽ പ്രധാനമായും ഉന്നം വെച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതി വൻ വിജയമായതിനെ തുടർന്ന് രണ്ടാം പഞ്ചവത്സര പദ്ധതി 1956ൽ ആരംഭിച്ചു. പൊതുകാര്യ വികസനങ്ങൾക്കായിരുന്നു ഇവിടെ പ്രാധാന്യം. ജലവൈദ്യുത പദ്ധതികൾ ആരംഭിച്ചത് ഈ കാലത്താണ്. ഇതിന് പുറമെ ഭിലായ്, ദുർഗാപൂർ, റൂർക്കല എന്നിവിടങ്ങളിൽ സ്റ്റീൽ പ്ലാന്റുകൾ സ്ഥാപിച്ചതും ഇതിലുൾപ്പെടുത്തിയാണ്. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യവും കാർഷിക വികസനമായിരുന്നു. ഗോതമ്പ് കൃഷിയുടെ വികസനത്തിനായിരുന്നു മുൻഗണന.
പൊതുമേഖലയ്ക്ക് ഊന്നൽ നൽകുകയും എന്നാൽ സ്വകാര്യ മേഖലയെ കൈവിടാതിരിക്കുകയും ചെയ്യുന്ന മിശ്ര സമ്പദ് വ്യവസ്ഥ എന്ന കാഴ്ചപ്പാട് നെഹ്‌റു അവതരിപ്പിച്ചതും ഈ അവതരണ പ്രസംഗത്തിലാണ്. 2069 കോടി രൂപയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതിക്കായി നീക്കി വെച്ചത്. പിന്നീട് ഇത് 2378 കോടിയായി ഉയർത്തി. 2.1% വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 3.6% വളർച്ച കൈവരിക്കാൻ സാധിച്ചു.
2014ൽ നരേന്ദ്രമോദി റദ്ദാക്കിയതിന് പുറമെ 1977 ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി റദ്ദാക്കിയിരുന്നു. 2012മുതൽ 2017 വരെ വിഭാവനം ചെയ്ത പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയാണ് രാജ്യത്തിന്റെ ചരിത്രത്തിലെ അവസാന പഞ്ചവത്സര പദ്ധതി. 2014ൽ നരേന്ദ്രമോദി ആസൂത്രണ കമ്മീഷൻ റദ്ദാക്കിയതോടെ ഇത് പാതി വഴിയിൽ അവസാനിച്ചു.

Related posts

Leave a Comment