ഓർമയിൽ ഇന്ന് : ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

നെഹ്റുവിന്റെ ഓര്‍മ്മകള്‍ തന്നെ ഇന്ന് വീണ്ടും പങ്കുവെക്കുന്നു. ഇന്ത്യയുടെ മഹാക്ഷേത്രം എന്ന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ഭക്രാനംഗല്‍ അണക്കെട്ടിന്റെ കോണ്‍ക്രീറ്റ് ഒഴിക്കുക എന്ന പാവനകര്‍മ്മം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കരങ്ങളാല്‍ നിര്‍വ്വഹിക്കപ്പെട്ടത് 1955ലെ ഇന്നത്തെ ദിവസമാണ്.

പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണറായ ലൂയിസ് ഡെയിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് സത് ലജ് നദിക്കു കുറുകെ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച് ആദ്യം ആലോചിച്ചത്. വലിയ സാമ്പത്തിക ബാദ്ധ്യത വരുമെന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത് മുന്നോട്ടു നീക്കിയില്ല. 1919ല്‍ എന്‍ജിനിയറായിരുന്ന ഖോസ്ല വീണ്ടും പദ്ധതിയുമായി മുന്നോട്ടു വന്നപ്പോഴും ബ്രിട്ടീഷ് സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. 1938ല്‍ തെക്കു കിഴക്കന്‍ പഞ്ചാബില്‍ ക്ഷാമമുണ്ടായപ്പോള്‍ അണക്കെട്ട് നിര്‍മ്മാണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നെങ്കിലും രണ്ടാംലോക മഹായുദ്ധം ആരംഭിച്ചതോടെ അതും ഉപേക്ഷിച്ചു. 1947ലെ ബജറ്റില്‍ അണക്കെട്ട് നിര്‍മ്മാണത്തിന് പണം വകയിരുത്തിയെങ്കിലും ഇന്ത്യാ – പാക് വിഭജനം മൂലം ആ പദ്ധതിതിയും ഉപേക്ഷിക്കുകയായിരുന്നു . പിന്നീട് സ്വാതന്ത്ര്യത്തിനുശേഷമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അമേരിക്കന്‍ എന്‍ജിനിയറായ സോള്‍കമായിരുന്നു പദ്ധതിയുടെ ശില്‍പ്പി . 740 അടി ഉയരവും 1700 അടി നീളവും 30 അടി വീതിയുമുള്ള അണക്കെട്ടിന് 244 കോടി രൂപയോളം ചെലവായി. അക്കാലത്ത് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായിരുന്നു ഇത്.

ചരിത്രം എത്ര ഇരുട്ട് കൊണ്ട് മൂടാന്‍ ശ്രമിച്ചാലും ഇന്ത്യയുടെ ഗ്രാമീണ കര്‍ഷകരുടെ കണ്ണീരിനു പരിഹാരമുണ്ടാക്കാനും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചു സ്വയം പര്യാപ്തത കൈവരിക്കാനും ചിലവഴിച്ചത് ഫലപ്രാപ്തി യില്‍ എത്തി എന്നത് യാഥാര്‍ഥ്യം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ചരിത്രത്തില്‍ നിന്നു മാഞ്ഞുപോകില്ല. കാരണം ആ പനിനീര്‍പ്പൂവിന്റെ പരിമളം പരത്തിയ വ്യക്തിത്വത്തെ മായ്ച്ചു കളയണമെങ്കില്‍ ഇതുപോലെ അദ്ദേഹം നിര്‍മിച്ചെടുത്ത ഈടുവെപ്പുകളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യേണ്ടിവരും. അതിനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്നിട്ടിരിക്കുന്ന ഈ ഓര്‍മ്മദിനത്തില്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ നടന്ന അനുസ്മരണത്തിലും നമ്മള്‍ അനുഭവിച്ചിരിക്കുന്നു.

Related posts

Leave a Comment