സ്മരണയിൽ ഇന്ന് – മുൻ കെ. പി. സി. സി പ്രസിഡന്റും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്

1898-ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട് കുലീന കുടംബത്തിൽ ജനിച്ച മുഹമ്മ്ദ് അബ്ദുറഹിമാൻ പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് പഠനം നടത്തി. വാണിയമ്പാടി മദ്രസാ ഇസ്ലാമിയ്യയിൽ പഠനം തുടർന്നു. കോഴിക്കോട് ബാസൽ മിഷൻ സ്‌കൂളിൽ ചേർന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി. മദിരാശി മുഹമ്മദൻ കോളേജിൽ എഫ്.എ.പരീക്ഷ പാസായി പ്രസിഡൻസി കോളേജിൽ ബി.എ ഓണേഴ്‌സിന് ചേർന്നപ്പോഴാണ് മൗലാനാ മുഹമ്മദലിയുടേയും മൗലാനാ അബ്ദുൽകലാം ആസാദിന്റേയും ആഹ്വാനം ശ്രവിച്ച് മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശക്തി പകർന്നപ്പോൾ കിരാതമർദ്ദനങ്ങളാണ് ഏറ്റുവാങ്ങിയത്.
പട്ടാള നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് ഹിന്ദു പത്രത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ 1921 ഒക്‌ടോബർ 12-ന് അബ്ദുറഹിമാൻ സാഹിബിനെ അറസ്റ്റുചെയ്തു. പട്ടാളക്കോടതി രണ്ടുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ബല്ലാരി ജയിലിൽ കൈകാലുകൾ ഇരുമ്പു ചങ്ങലകളിൽ ബന്ധിക്കപ്പെട്ടാണ് അദ്ദേഹത്തെ പാർപ്പിച്ചത്. ഈ സന്ദർഭത്തിലാണ് ഒരു പത്രം ആരംഭിക്കാനുള്ള ആശയം മൊട്ടിടുന്നത്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ കോഴിക്കോട്ടെത്തി അൽഅമീൻ പത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. അൽ അമീനിലൂടെ അബ്ദുറഹിമാൻ സാഹിബ് നടത്തിയ സത്യഗർജ്ജനം ഉദ്യോഗസ്ഥ മേധാവികളേയും പ്രമാണിമാരേയും ഞെട്ടിച്ചു. ആദർശധീരരും രാജ്യസ്‌നേഹികളും നീതിക്കും സത്യത്തിനും വേണ്ടി വാദിച്ച പരശ്ശതം ആളുകളും അൽഅമീനിനെ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ തീജ്ജ്വാല പടർത്തുവാൻ പ്രതിജ്ഞയെടുത്ത അൽഅമീൻ ദേശീയാവേശം പകരുകയും മതമൈത്രിക്ക് വേണ്ടി പോരാടുകയും ചെയ്തപ്പോൾ അധികാരികൾ പത്രത്തെ അടച്ചുപൂട്ടി. അബ്ദുറഹിമാൻ കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയപ്പോൾ ഒരു നേതാവിനും ഒരുകാലത്തും അനുഭവിക്കേണ്ടതായി വന്നിില്ലാത്ത കിരാതമർദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കണ്ണൂർ, വെല്ലൂർ, ബല്ലാരി ജയിലുകളിൽ മാറിമാറി കഴിയേണ്ടിയും വന്നു. മോചിതനായപ്പോൾ ബ്രിട്ടീഷുകാർ ആവിഷ്‌ക്കരിച്ച ആൻഡമാൻ പദ്ധതിയേയും മാപ്പിള ഔട്ട്‌റേജയസ് ആക്ട് തുടങ്ങിയ കരിനിയമങ്ങളേയും അതിശക്തമായി എതിർത്ത് മുന്നേറി.
1937-ൽ മലപ്പുറം ഡിവിഷനിൽ നിന്ന് മദിരാശിയിലെത്തി. അസംബ്ലിയിലേക്ക് കോൺഗ്രസ് സ്ഥനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിയമസഭയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധപിടിച്ചുപറ്റി. അബ്ദുറഹിമാൻ സാഹിബ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും ഏറ്റെടുത്തു. ഇ.എം.ശങ്കരനമ്പരൂതിരിപ്പാടായിരുന്നു സെക്രട്ടറി. കോൺഗ്രസ് ജനകീയ പ്രസ്ഥാനമായി വളരാനും സമരസംഘടനയായിത്തീരാനും ഇതിടയാക്കി. മുനിസിപ്പൽ കൗസിലർ, ഡിസ്ട്രിക്ട് ബോർഡ് മെമ്പർ, അദ്ധ്യാപക യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹം അവശത അനുഭവിക്കുന്നവരുടെ രക്ഷാകേന്ദ്രമായി കണ്ടത് കോഴിക്കോെട്ട അൽഅമീൻ ലോഡ്ജായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും കെ.എ.കൊടുങ്ങല്ലൂരും, ഇ.മൊയ്തുമൗലവിയും , എൻ.പിഅബുസാഹിബും ഉൾപ്പെടെയുള്ള അക്ഷരസ്‌നേഹികൾക്കും ദേശീയ-രാഷ്ട്രീയ പ്രവർത്തകർക്കും അക്ഷരാർത്ഥത്തിൽ അത്താണിയായിരുന്നു അൽഅമീൻ ലോഡ്ജ്. ഇതേക്കുറിച്ച് സ്വാതന്ത്ര്യസേനാനി ഇ.മൊയ്തുമൗലവി ‘എന്റെ കൂട്ടുകാരൻ’ എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി ദർശിക്കാൻ ധീരനായ ആ പടനായകന് വിധി അനുവദിച്ചില്ല. 1945 നവംബർ 22-ാം തീയതി കൊടിയത്തൂരിൽ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു തിരിച്ചുവരവേ ഹൃദ്രോഗബാധയാൽ ജീവൻപൊലിയുകയാണുണ്ടായത്. 48 വയസ്സ് മാത്രമേ മരിക്കുമ്പോൾ അബ്ദുറഹിമാൻ സാഹിബിന് പ്രായമുണ്ടായിരുന്നുള്ളു. ഒരു പുരുഷായുസ്സിൽ ചെയ്തുതീർക്കാവുന്ന അമൂല്യസേവനമാണ് അദ്ദേഹം രാജ്യത്തിന് കാഴ്ചവെച്ചത്.
1926-ൽ 28-ാമത്തെ വയസ്സിൽ അബ്ദുറഹിമാൻ സാഹിബ് വിവാഹിതനായിരുന്നു. പിറ്റേവർഷം വസൂരിരോഗത്താൽ ഭാര്യ കുഞ്ഞിബീവാത്തു മരണമടഞ്ഞു. പിന്നീട് പുനർവിവാഹത്തിന് അദ്ദേഹം തയ്യാറായില്ല. അൽഅമീൻ പത്രമാണ് അബ്ദുറഹിമാൻ സാഹിബിന്റെ നിത്യസ്മാരകം. പത്രം നടത്തിപ്പിൽ നിരവധി ക്ലേശങ്ങൾ അദ്ദേഹം അനുഭവിച്ചു. അൽഅമീൻ അസ്തമിച്ചുപോയെങ്കിലും കേരളീയഹൃദയങ്ങളിൽ അതിനെക്കുറിച്ചുള്ള ഉപകാരസ്മരണകൾ ഒരിക്കലും മായില്ല. ഒരു പത്രത്തിന് ജനഹൃദയങ്ങളിൽ ആത്മധൈര്യം വളർത്താനാവുമെന്ന് അൽഅമീൻ തെളിയിച്ചു.
ആദ്യം ത്രൈവാരികയായി ആരംഭിച്ച അൽഅമീൻ 1930 ജ് 25 മുതലാണ് ദിനപത്രമായത്. അതേവർഷം ആഗസ്റ്റ് നാലിന് ഓർഡിനെൻസാണ് അമീനെ പിടികൂടിയത്. നവംബറിൽ വീണ്ടും പ്രസിദ്ധീകരിച്ചു. സാമ്പത്തിക കുഴപ്പം നിമിത്തം വീണ്ടും ത്രൈവാരികയാക്കി. 1935 മാർച്ച് 15-ന് വീണ്ടും ദിനപത്രമായി. 1939 സെപ്തംബർ 29-ന് സർക്കാർ താക്കീതനുസരിച്ച് നിർത്തി. ഇക്കാലങ്ങളിലൊക്കെ തൂലിക ചലിപ്പിച്ചും ത്യാഗം സഹിച്ചും മുറുമുറുപ്പില്ലാതെ ജോലി നിർവഹിച്ച ഗോപാലപിള്ള, എ.മുഹമ്മദ് കണ്ണ്, ടി.പി.കുഞ്ചുണ്ണിമേനോൻ, വക്കം അബ്ദുൽഖാദർ, എ.വി.മേനോൻ, അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ കെ.എ.ഇബ്രാഹിം തുടങ്ങിയവർ വലിയൊരു പാഠമാണ് പിൻതലമുറക്ക് നൽകിയത്.

Related posts

Leave a Comment