ഊരുകള്‍ മരണക്കളങ്ങളാകുമ്പോള്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


അട്ടപ്പാടി വീണ്ടും നവജാത ശിശുക്കളുടെ കൊലയറകളായി മാറുകയാണോ? കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ അഞ്ച് കുഞ്ഞുങ്ങളെയാണ് മരണം തട്ടിയെടുത്തത്. ഈ വര്‍ഷം അവസാനിക്കാനിരിക്കെ പതിനൊന്ന് കുട്ടികള്‍ ഇക്കാലയളവില്‍ മരണപ്പെട്ടു. ശിശുമരണങ്ങള്‍ അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥയായി തുടരുകയാണ്. 2013-ലാണ് അട്ടപ്പാടി ഊരുകളിലെ മരണനിരക്കിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. അന്ന് 43 കുഞ്ഞുങ്ങളാണ് മരിച്ചത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി ആരോഗ്യ സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും അതൊക്കെ അട്ടിമറിക്കപ്പെട്ടു. അമ്മമാരുടെയും ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും പോഷകാഹാര കുറവായിരുന്നു മരണത്തിന്റെ പ്രധാന കാരണം. വികസിത രാജ്യങ്ങള്‍ക്കൊത്ത മുന്തിയ ആരോഗ്യവും പോഷകാഹാരലബ്ധിയുമുള്ള കേരളത്തില്‍ അട്ടപ്പാടിയില്‍ മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. അട്ടപ്പാടിയിലെ ബഹുഭൂരിപക്ഷം അമ്മമാരും വിളര്‍ച്ച ബാധിച്ചവരാണ്. അരിവാള്‍ രോഗവും വ്യാപകമാണ്. ഉദ്യോഗസ്ഥന്മാരുടെ താല്പര്യപ്രകാരം ആദിവാസികളുടെ സ്വാഭാവിക ഭക്ഷണം നിര്‍ത്തി റേഷനരിയും മറ്റും നല്‍കുന്നതാണ് പലരുടെയും രോഗത്തിന്റെ കാരണം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭക്ഷണം അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ശാരീരിക പ്രശ്‌നങ്ങളാണ് മറ്റ് രോഗങ്ങളായി മാറുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ആഹാരസാധനങ്ങളിലും ഔഷധങ്ങളിലും ചികിത്സയിലും ആദിവാസികള്‍ക്ക് വിശ്വാസമില്ല. ആദിവാസി ക്ഷേമത്തിന് അനുവദിക്കുന്ന ഫണ്ട് 90 ശതമാനവും മോഷ്ടിക്കപ്പെടുകയാണ്. 32,000 ഊരുനിവാസികളാണ് 194 ഊരുകളിലായി താമസിക്കുന്നത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ട്രൈബല്‍ ആശുപത്രിയുണ്ടെങ്കിലും രോഗം കണ്ടുപിടിച്ച് ചികിത്സിക്കാന്‍ മിടുക്കുള്ള ഡോക്ടര്‍മാരുടെ അഭാവമാണ് രോഗശമനത്തിന് തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ ആശുപത്രികളുമായി ട്രൈബല്‍ ആശുപത്രികള്‍ ഉണ്ടാക്കുന്ന കച്ചവടം സര്‍ക്കാര്‍ ആശുപത്രിയുടെ വിശ്വാസ്യത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. ട്രൈബല്‍ ആശുപത്രികളിലെത്തുന്ന പല കേസുകളും തൃശൂരിലെയോ പെരിന്തല്‍മണ്ണയിലെയോ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതിയിലാണ് അഴിമതി അടയിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ഇ എം എസ് ആശുപത്രിയുമായി ഇവര്‍ കരാറിലേര്‍പ്പെട്ടിരിക്കയാണ്. കഴിഞ്ഞവര്‍ഷം മാത്രം പന്ത്രണ്ട് കോടിരൂപയുടെ ബിസിനസാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇത് ഈ വര്‍ഷം പതിനെട്ട് കോടിയായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. സര്‍ക്കാരിന്റെ അലസനയങ്ങളാണ് അട്ടപ്പാടിയെ കുഞ്ഞുങ്ങളുടെ കൊലഭൂമിയാക്കി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താറുള്ള രോഗനിര്‍ണയ ക്യാമ്പുകള്‍ പലതും പരാജയമായിരുന്നു. അതേസമയം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹമാണ് ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം. ഏത് അവസ്ഥയില്‍ മരണം നടന്നാലും പോഷകാഹാരക്കുറവിന്റെ മേല്‍ കുറ്റംചാര്‍ത്തി അധികൃതര്‍ കൈയ്യൊഴിയുകയാണ് പതിവ്. ഇപ്പോഴുണ്ടായ നാല് കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കാമായിരുന്നു. അട്ടപ്പാടിയിലെ ശിശുമരണത്തെ സംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെങ്കിലും ഈ ബഹളങ്ങളൊക്കെ അവസാനിച്ചാല്‍ ആ അന്വേഷണങ്ങള്‍ക്കും മുമ്പുണ്ടായ ഗതികേട് തന്നെയായിരിക്കും സംഭവിക്കുക. അട്ടപ്പാടി ഊരുകളിലെ ശിശുമരണത്തിന്റെ കാരണങ്ങള്‍ തേടിപ്പോയാല്‍ അത് എത്തിച്ചേരുന്നത് അധികൃതരുടെ അഴിമതിയിലും അശ്രദ്ധയിലുമാണ്.
ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ 138 ശിശുക്കള്‍ മരണപ്പെട്ടുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ കണക്ക് വെളിപ്പെട്ടാല്‍ നാം ഞെട്ടിപ്പോകും. ഭ്രൂണഹത്യ, മറ്റ് ഗര്‍ഭമലസിപ്പിക്കല്‍ രീതിയിലൂടെ മരണം തട്ടിയെടുത്ത ആദിവാസി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണങ്ങള്‍ക്ക് ഒരു രേഖയുമില്ല. തീര്‍ത്തും അപരിഷ്‌കൃത രീതിയിലുള്ള ഗര്‍ഭമലസിപ്പിക്കല്‍ ഇപ്പോഴും നടക്കുന്നു. 2013-ല്‍ 32 ശിശുമരണങ്ങളുണ്ടായപ്പോള്‍ അന്നത്തെ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയറാം രമേശ് ഊര് സന്ദര്‍ശിക്കുകയും സമഗ്രമായ പഠനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഉത്തരവിടുകയുമുണ്ടായി. അട്ടപ്പാടിയിലെ അസാധാരണ അവസ്ഥ വിലയിരുത്തി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടിക്ക് പ്രത്യേക സഹായം ഏര്‍പ്പെടുത്തി. ഒരുവര്‍ഷം കഴിഞ്ഞ് കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ ഈ പദ്ധതിയും നിലച്ചു. കോടികളാണ് ഇതുവഴി ഇടനിലക്കാരും ഉദ്യോഗസ്ഥരും കീശയിലാക്കിയത്. ശിശുമരണം എന്ന അവസ്ഥ ഒറ്റപ്പെട്ടതല്ല. കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭക്ഷണ സാധനങ്ങളും ആരോഗ്യ പരിരക്ഷാ രീതിയും മാറിയതും അവരുടെ ഉപജീവന-ഭക്ഷണ സംസ്‌കാരങ്ങള്‍ക്ക് മാറ്റംവന്നതുമാണ് ഈ ദുരവസ്ഥയുടെ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിലയിലുള്ള പഠനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. വ്യാപകരീതിയിലുള്ള ശിശു മരണം നമ്മുടെ ആരോഗ്യ-രോഗപ്രതിരോധ അവബോധങ്ങള്‍ക്ക് ഉണ്ടാക്കിയത് കനത്ത പ്രഹരമാണ്. നമ്മുടെ ആരോഗ്യ ജാഗ്രതക്കും ശുചിത്വബോധത്തിനും ഏല്‍പ്പിച്ച ആഘാതമാണ് അട്ടപ്പാടിയിലെ ശിശുമരണം. ഊരുകള്‍ ഇപ്പോള്‍ കൊലയറകളായി തീര്‍ന്നിരിക്കുന്നു.

Related posts

Leave a Comment