ഇന്ന് ലോക പ്രകൃതി സംരക്ഷണദിനം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ അന്തരീക്ഷവും ഉൽപാദനപരമായ സുസ്ഥിരതയുമാണ് ആരോഗ്യമുള്ള ജനതയുടെ അടയാളങ്ങൾ. ജലം, വായു, മണ്ണ്, ഊർജ്ജം, സസ്യങ്ങൾ, ധാതുക്കൾ, ജന്തുക്കൾ മുതലായവയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കുന്നു. നാം പ്രകൃതിയെ എങ്ങിനെ ചൂഷണം ചെയ്യുന്നു, അതിന്റെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ് എന്ന് ബോധവൽക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആഗോളതാപനം, പകർച്ചവ്യാധികൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയുണ്ടാകുന്നത് മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതി ചൂഷണം കൊണ്ടാണ്. പ്രകൃതി സംരക്ഷണം ഭാവി തലമുറയുടെ ക്ഷേമത്തിനായാണ് നാം പരിപാലിക്കുന്നത്. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം നാം കൈവെടിയരുത്. ഇന്ന് ലോകം വായുവിനും വെള്ളത്തിനും പച്ചപ്പിനും വേണ്ടി കേഴുകയാണ്. മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും കാലത്തെങ്കിലും പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിലുള്ള ആപത്ത് നാം മനസ്സിലാക്കേണ്ടതാണ്. പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് പരിരക്ഷ നൽകുകയാണ്. ദിവസംതോറുമെന്നോണം നശിച്ചുകൊണ്ടിരിക്കുന്ന ധനസമ്പത്തിനെക്കുറിച്ച് ഓർക്കാനും അത് സംരക്ഷിക്കാനുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടായേ തീരൂ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഈ ദിനാചരണത്തിലൂടെ സാധ്യമാകുന്നു. പ്രകൃതി എന്ന സംജ്ഞ സൂചിപ്പിക്കുന്നത് മൊത്തത്തിലുള്ള ഭൗതിക പ്രപഞ്ചത്തെയാണ്. ജീവനും പ്രതിഭാസവും പ്രകൃതിയുടെ ഘടകങ്ങളാണ്. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമുള്ള ഭൂമിയിൽ മാത്രമാണ് ജീവൻ ഉള്ളതെന്ന വിശ്വാസത്തെ അഭിമരിക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് കണ്ടുവരുന്നത്. ചൊവ്വയിൽ ജീവന്റെ തുടിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പരിസ്ഥിതി ശാസ്ത്രജ്ഞൻമാർ ഭൂമിയിലെ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം പ്രകൃതിവിഭവങ്ങളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യൽ മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൂടിയതും ശക്തവുമായ പാരിസ്ഥിതിക നിയമങ്ങൾ ലോക രാഷ്ട്രങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ശാസ്ത്രം എന്ന ശാസ്ത്രശാഖ തന്നെ രൂപം കൊണ്ടത്. ഭൂമിയുടെ അന്തരീക്ഷത്തെയും മറ്റുള്ള പരിസ്ഥിതി ഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവർത്തനങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും പഠനവിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഭാവി തലമുറകൾക്ക് കൂടി വേണ്ടിയാണ്. വർത്തമാന ഭാവി തലമുറകളുടെ ക്ഷേമം ഉറപ്പ് വരുത്താൻ ഉത്തരവാദിത്തമുള്ള മനുഷ്യരായ നാമെല്ലാവരും പ്രകൃതിയെ സംരക്ഷിക്കുന്നതിന് തയ്യാറാവണം. സുസ്ഥിരവും ഉൽപാദനപരവുമായ ഒരു സമൂഹത്തിന്റെ അടിത്തറയാണ്. വർത്തമാനഭാവി തലമുറകളുടെ ക്ഷേമം ഉറപ്പു വരുത്തുവാൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഏറെയുണ്ടെങ്കിലും അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി ഒരു രാജ്യത്തെയും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്നില്ല. ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഭൂമിയിൽ നിന്ന് ഊഷരമായ മരുഭൂമിയിലേക്കുള്ള യാത്രയിലാണ് നാം. നാനാവിധത്തിലാണ് നമ്മുടെ പരിസ്ഥിതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകളെക്കുറിച്ച് വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമാർജ്ജനത്തിനും വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം മാലിന്യം കുന്നുകൂടുന്നതാണ്. മാലിന്യങ്ങളും വിസർജ്ജ്യങ്ങളും പൊതുഇടങ്ങളിൽ നിക്ഷേപിക്കുന്ന സാമൂഹ്യദ്രോഹത്തെ അടിച്ചമർത്തുന്ന നിയമങ്ങൾ അനിവാര്യമാണ്. മാലിന്യ പ്രശ്നം ഒരു രാജ്യത്തെ മാത്രം പ്രതിഭാസമല്ല. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും മാലിന്യം സൃഷ്ടിക്കുന്ന തലവേദന ഏറിയും കുറഞ്ഞും നിലനിൽക്കുന്നു. നാളയെക്കുറിച്ചുള്ള സ്വപ്നങ്ങൾ മെയ്യുമ്പോൾ ഇന്നത്തെ അടിയന്തര പ്രശ്നങ്ങളായ മാലിന്യ നിർമാർജ്ജനത്തിന് നമ്മുടെ സ്വപ്നങ്ങളിൽ പ്രഥമവും പ്രധാനവുമായ സ്ഥാനം നൽകിയേ മതിയാവൂ. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന ജീവന്റെ ശൃംഖല ഓരോ കണ്ണിയും പൊട്ടിതീരുകയാണ്. അതിനെ പ്രതിരോധിക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങൾ അനിവാര്യമാണ്.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ; വീക്ഷണം എഡിറ്റോറിയൽ
