പി ടി തോമസിന് ഇന്ന് അന്ത്യാഞ്ജലി ; ഇന്നലെ അന്തരിച്ച പി ടി തോമസിന്റെ ഭൗതിക ശരീരം ഇന്ന് വൈകീട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും

വെല്ലൂർ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ (71) ഭൗതിക ശരീരം ഇന്ന് വൈകീട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പി ടി തോമസ് ഇന്നലെ രാവിലെ 10.15നാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്ന അദ്ദേഹം നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിട്ടുണ്ട്. വീക്ഷണം ചീഫ് എഡിറ്റർ, കോണ്‍ഗ്രസ് നിയമസഭ കക്ഷി സെക്രട്ടറി, എ.ഐ.സി.സി അംഗം പദവികൾ അലങ്കരിച്ചുവരികയായിരുന്നു. നേരത്തെ വീക്ഷണം മാനേജിങ് ഡയരക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നായിരുന്നു ജനം.. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട്ടെയും എറണാകുളത്തെയും ലോ കോളേജുകള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാലാ സെനറ്റ് അംഗവും ആയിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റുമായി. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1991ലെയും 2001ലെയും തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996 ലെയും 2006 ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ മൽസരിച്ചെങ്കിലും പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു. 1990ല്‍ വാത്തിക്കുടി ഡിവിഷനില്‍ നിന്ന് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ശക്തമായ നിലപാടുകൾ പി.ടി.തോമസ് എന്ന രാഷ്ട്രീയക്കാരനെ തികച്ചും വ്യത്യസ്ഥാമാക്കി. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന പിടി തോമസിന്റെ നിർദേശത്തിനെതിരെ കടുത്ത എതിർപ്പുയർന്നെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ കണ്ടെത്തലുകളും മുട്ടിൽ മരംവെട്ടും കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിലപാടുകളും വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചത്. വ്യക്തികൾ മാതൃക കാട്ടിയുള്ള മദ്യവർജ്ജനമാണ് നമ്മുടെ സമൂഹത്തിൽ നടപ്പാക്കേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടകുളും സമൂഹം ഏറെ ചർച്ചചെയ്തു. കാര്യങ്ങൾ കൃത്യമായി പഠിച്ച ശേഷം മാത്രം നിലപാട് പ്രഖ്യാപിക്കുമെന്നതും ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുമായിരുന്നുവെന്നതും കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹത്തെ ഏറെ പ്രിയങ്കരനാക്കി. നിലാപടുകളിലെ കാർക്കശ്യവും സത്യസന്ധതയും പതറാത്ത ശബ്ദവും രാഷ്ട്രീയ നേതൃ നിരയിൽ പിടിയെ വ്യത്യസ്ഥനായി അടയാളപ്പെടുത്തിയ ഘടകങ്ങളായിരുന്നു.  
മികച്ച എം.എല്‍.എക്കുള്ള അബൂദാബി വീക്ഷണം റീഡേഴ്‌സ് ഫോറത്തിന്റെ സി.പി. ശ്രീധരന്‍ അവാര്‍ഡ്, കുവൈത്ത് സി.എം. സ്റ്റീഫന്‍ കള്‍ച്ചറല്‍ ഫോറം അവാര്‍ഡ്, തൃപ്രയാര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വി.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഒമ്പത് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച കേരളത്തിലെ മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു. ‘വലിച്ചെറിയാത്ത വാക്കുകള്‍’, ‘എ.ഡി.ബിയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ, ഭാര്യ: ഉമ, മക്കള്‍: ഡോ. വിഷ്ണു തോമസ്, വിവേക് തോമസ്. മരുമകള്‍: ബിന്ദു.
കണ്ണുകൾ ദാനം ചെയ്യണമെന്നും സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ പാടില്ലെന്നും അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മൃതദേഹത്തില്‍ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, മൃതദേഹം രവിപുരം ശ്മാനശനത്തില്‍ ദഹിപ്പിക്കണം,  ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണ തുടങ്ങിയവയും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങളായിരുന്നു.
മൃതദേഹം വെല്ലൂര്‍ ആശുപത്രിയില്‍നിന്ന് റോഡ് മാര്‍ഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് ഇന്ന് രാവിലെ 6.30ഓടെ എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയില്‍ എത്തിക്കും. തുടർന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡി.സി.സി ഓഫിസിലെത്തിക്കുന്ന മൃതദേഹം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരമുണ്ടാവും. 1.30 മുതല്‍ 4.30 വരെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലെ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് ആറ് മണിക്ക് മുമ്പായി എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൂന്നു ദിവസം ദുഃഖാചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പിയാണ് ഇക്കാര്യമറിയിച്ചത്.

Related posts

Leave a Comment