ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് ; ബഡ്ജറ്റ് സമ്മേളനത്തിനിടെ രണ്ടുദിവസത്തെ പണിമുടക്കിനൊരുങ്ങി ട്രേഡ് യൂണിയനുകള്‍

ന്യൂഡല്‍ഹി: വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭത്തിലേക്ക്.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ, രണ്ടു ദിവസത്തെ ദേശവ്യാപക പണിമുടക്ക് സംഘടിപ്പിക്കാനാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.

സ്വകാര്യവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം, നാഷണല്‍ മൊണറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി തുടങ്ങിയവക്കെതിരെയാണ് യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നയത്തിന്റെ വിപത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവംബര്‍ 11 ന് തൊഴിലാളി
യൂണിയനുകള്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കൂടാതെ, സംസ്ഥാനങ്ങളിലും കണ്‍വെന്‍ഷനുകള്‍, ജാഥകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

കൂടാതെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഒപ്പുശേഖരണവും നടത്തും. ട്രേഡ് യൂണിയന്‍ നേതാക്കള്‍ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള സംയുക്ത കര്‍ഷകമോര്‍ച്ച നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്‌ഇ ഡബ്ലിയുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നാണ് ദ്വിദിന പണിമുടക്കിന് തീരുമാനിച്ചത്

Related posts

Leave a Comment