കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജനങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ല ; സർക്കാരിനെതിരെ ടിനി ടോം

കൊച്ചി: വാക്സിനേഷന്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ എന്തുചെയ്‌തെന്ന ചോദ്യമുന്നയിക്കുന്നില്ലെന്ന് നടന്‍ ടിനി ടോം. സിനിമ ഷൂട്ടിങ് അനുമതിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ടിനി ടോം . വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ലെന്ന് ടിനി ടോം പറയുന്നു.

‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും. എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്. അതുകൊണ്ട് എത്ര സ്വര്‍ണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ സന്തോഷവാന്മാരാകില്ല’, ടിനി ടോം പറഞ്ഞു.

നിലവിലെ അവസ്ഥയില്‍ എല്ലാ സംഘടനകളും സെല്‍ഫ് വാക്‌സിനേറ്റഡ് ആകുന്നതാണ് നല്ലതെന്നും അമ്മ സംഘടന ചെയ്തതുപോലെ യൂണിറ്റിലുള്ളവരും, ഫെഫ്കയും അടങ്ങുന്ന മറ്റുള്ളവരും ഇതുപോലെ കാര്യങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ ഷൂട്ടിംഗ് അടക്കമുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും ടിനി ടോം പറഞ്ഞു. ‘അമ്മ’യുടെ നേതൃത്വത്തില്‍ അമൃത ആശുപത്രിയുടെ സഹകരണത്തോടെ ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം വാക്സിന്‍ സൗജന്യമായി നല്‍കിയെന്ന് താരം പറയുന്നു.

‘ആര്‍ട്ടിസ്റ്റുകളെല്ലാം വാക്‌സിനേറ്റഡ് ആയിട്ടുണ്ട്. വാക്‌സിനേറ്റഡ് അല്ലാതിരുന്ന മുന്നൂറോളം പേരെയും അവരുടെ കുടുംബാംഗങ്ങളെയും, ഡ്രൈവര്‍മാര്‍ എന്നിങ്ങനെ സംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരെയും അമൃത ആശുപത്രിയുടെ സഹകരണത്തോടെ ‘അമ്മ’ തന്നെ ചിലവുകള്‍ വഹിച്ച്‌ സൗജന്യമായി വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഓരോ സംഘടനകളും സെല്‍ഫ് വാക്‌സിനേറ്റഡ് ആയാല്‍ ഇന്‍ഡസ്ട്രി സേഫ് ആകും’, ടിനി ടോം പറയുന്നു.

Related posts

Leave a Comment