മാനന്തവാടി: കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവക്കായി പയ്യമ്പള്ളി പുതിയിടം മേഖലയില്‍ തിരച്ചില്‍ തുടരുമ്പോഴും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. വെള്ളിയാഴ്ച കുറുക്കന്മൂലയില് വനംവകുപ്പും, നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. വനപാലകന് കത്തി എടുക്കാന്‍ ശ്രമിച്ചത് ഏറെ നേരത്തെ സംഘര്‍ഷത്തിനും ഇടയാക്കി. ഇന്നലെ രാവിലെ 8.30 മണിയോടെ പയ്യംമ്പള്ളി പുതിയിടത്താണ് സംഭവം. മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഉന്നതവനപാലകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ദിവസങ്ങളോളം വനംവകുപ്പിന്റെ നടപടികളില്‍ പ്രതീക്ഷയര്പ്പിച്ചുനിന്ന ജനങ്ങള്‍ ഗത്യന്തരമില്ലാതെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് വെള്ളിയാഴ്ച പയ്യമ്പള്ളി പുതിയിടം മേഖലയില്‍ കണ്ടത്. പുതിയിടത്ത് വെച്ച് വ്യാഴാഴ്ച രാത്രി പത്തരക്കും ഇന്നലെ പുലര്‍ച്ചെ 12 മണിക്കും കടുവയെ കണ്ടിരുന്നു. എന്നാല്‍ വനംപാലകരെ വിവരമറിയിച്ചിട്ടും പരിശോധനക്ക് രണ്ടോളം ഉദ്യോഗസ്ഥരെ മാത്രമാണ് അയച്ചതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് പുലര്‍ച്ചെയോടെയാണ് വനപാലകസംഘം പരിശോധനക്കെത്തിയത്. ഇതിന് ശേഷം പുതിയിടത്ത് തന്നെയുള്ള കൊയിലേരി യാര്‍ഡില്‍ സ്ഥാപിച്ച ക്യാമറിയില്‍ പുലര്‍ച്ചെ ഒന്നരയോടെ കടുവ നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നു. ഇതറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തുകയും രാവിലെ 11 മണിമുതല്‍ യാര്‍ഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങള്‍ അമ്പതോളം വരുന്ന വനപാലക സംഘം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയെ കണ്ട കൊയിലേരി യാര്‍ഡിന് സമീപം ഇന്നലെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ 17 വളര്ത്തുജീവികളെയാണ് കടുവ കൊന്നത്. എന്നാലിവയെല്ലാം വെവ്വേറെ സ്ഥലങ്ങളിലായിരുന്നു. അതില്‍ നിന്ന് ഒരു സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക് കടുവ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. ഇത് വനംവകുപ്പിനെ കുഴക്കുകയാണ്. അതിനിടെ ഇരുപത് ദിവസമായിട്ടും ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാനായില്ല. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ നാലോളം വാര്‍ഡുകളിലെ ജനങ്ങള്‍ ഇപ്പോഴും കഴിയുന്നത് കടുത്ത ഭീതിയില്‍ തന്നെ. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഇതില്‍ നാലോളം ആടുകളെ ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പതിവ് പോലെ ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മുപ്പത് അംഗ ട്രാക്കിംഗ് ടീം (മയക്ക് വെടിവിദഗ്ധര്) മൂന്ന് ടീമുകളായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണി മുതല്‍ ജനങ്ങള്‍ പുറത്തിടരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊണ്ണൂറ് അംഗ പെട്രോള്‍ ടീം അംഗങ്ങളും, മുപ്പത് അംഗ ട്രാക്കിംഗ് ടീം അംഗങ്ങളുമടക്കം നൂറ്റി അറുപതോളം വനം വകുപ്പ് ജീവനക്കാരാണ് കടുവയെ കണ്ടെത്താനുള്ള സംഘത്തിലുള്ളത്. വയനാട് ജില്ലക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള വനപാലകരും കടുവയെ കണ്ടെത്താനുള്ള സംഘത്തിലുണ്ട്. അഞ്ച് കൂട് സ്ഥാപിക്കുകയും, 56 ഓളം ക്യാമറ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ രണ്ട് കുങ്കി ആനകളെയും കടുവയെ കണ്ടെത്താന്നായി ഉപയോഗിക്കുന്നുണ്ട്. കുങ്കിയാനകള്‍ ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കടുവഭീതി മൂന്നാംവാരത്തിലേക്ക്; പുതിയിടത്ത് പ്രതിഷേധവും, കയ്യാങ്കളിയും…
