തൃശൂർ ഡിസിസി പ്രസിഡന്റായി ജോസ് വള്ളൂർ സ്ഥാനമേറ്റെടുത്തു ; വിഡി സതീശൻ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കോണ്‍ഗ്രസിന്റെ ശക്തിയും ഘടനയും ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനമായിരിക്കും വരുംനാളുകളില്‍ ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂര്‍ ഡി.സി.സി പ്രസിഡന്റായി ജോസ് വള്ളൂര്‍ ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നത് ഒരാള്‍ക്കൂട്ടമല്ല. ശക്തമായ ആശയ അടിത്തറയുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയപ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. വര്‍ഗ്ഗീയതയുമായി സന്ധി ചെയ്യില്ല. കോണ്‍ഗ്രസിനെ ഇന്ത്യയില്‍ വീണ്ടും ഒന്നാമതെത്തിക്കുക എന്നതിനായിരിക്കണം പ്രഥമപരിഗണന. സമൂഹത്തോട് അഭിസംബോധന ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തോട് കൃത്യമായ ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയണം. കുട്ടികളുടേയു വനിതകളുടേയും ചെറുപ്പക്കാരുടേയും ചിന്തകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇത്രയേറെ ചിന്താധാരകളുള്ള ഒരു പാര്‍ട്ടിയും ഇന്ത്യയില്‍ വേറെയില്ല. ആ അടിത്തറയില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയെന്ന ദൗത്യമാണ് പുതുതായി നിയോഗിക്കപ്പെട്ട കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍മാര്‍ക്കുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് എം.പി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ടി.എന്‍ പ്രതാപന്‍ എം.പി, ടി.ജെ സനീഷ്‌കുമാര്‍ എം.എല്‍.എ, പത്മജ വേണുഗോപാല്‍, ടി.വി ചന്ദ്രമോഹന്‍, പി.എ മാധവന്‍, എം.പി ജാക്‌സണ്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment