ഉണക്കലരിക്കൊപ്പമില്ലാത്ത തൃശൂക്കാര്‍

എൻ. എസ്

സുഹൃത്തേ, ഓണത്തിന് നാം എന്ത് പായസം വെക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച വിവരം പത്രദ്വാരാ അറിഞ്ഞിരിക്കുമല്ലോ. പച്ചരി ഇക്കുറി ഒഴിവാക്കാനാണ് ഉദ്ദേശ്യം. പച്ചരിയാണ് ആദ്യം ഉദ്ദേശിച്ചത് എന്നാല്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബോര്‍ഡ്‌വെച്ച് വിളക്ക് കത്തിച്ച് കേരള ദൈവമാക്കിയ സാഹചര്യത്തില്‍ പച്ചരിവിജയനെന്ന് പേര് വന്നതോടെ പച്ചരിയെ ശത്രുവായി പ്രഖ്യപിക്കേണ്ടുവന്നു.
കള്ളവും ചതിയുമില്ലാത്ത ഓണക്കാലത്ത് പായസക്കിറ്റ് നല്‍കുന്നവര്‍ പണ്ടത്തെ ഓണത്തിന് പപ്പടം തന്ന് പറ്റിച്ചവരാണെന്ന് ആരോ ദൂഷ്യംപറയുന്നു.
ഓണത്തിന് കേരളീയര്‍ അടുപ്പത്ത്‌വെക്കുന്ന പായസം ഉണക്കലരിയാണെന്ന് സപ്ലൈകോ വഴി സര്‍ക്കാര്‍കണ്ടെത്തിയത് കലക്കി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവരുടെ രുചിയാണ് മണവും കൊണവുമില്ലാത്ത കോറോണക്കാലത്തും തെളിഞ്ഞ്‌വന്നത്.
42 ലക്ഷം പേരാണ് പായസത്തിന് ഉണക്കലരി ആവശ്യപ്പെട്ടിരിക്കുന്നതത്രേ. കോവിഡ് മരണക്കണക്ക്‌പോലല്ല ഇതെന്ന് സപ്ലൈകോ വിശദീകരിക്കുന്നു. 42ലക്ഷം പേര്‍ ഉണക്കലരി പായസം നുകരുന്ന മനോഹരമായ തിരുവോണമാണ് വരാനിരിക്കുന്നതെന്ന മനോഹര സങ്കല്‍പ്പം നമ്മെ മധുരപുളകിതരാക്കുന്നു. ബാക്കിയുള്ളവര്‍ക്ക് താല്‍പ്പര്യം സേമിയപായസമാണ്. എത്ര കൃത്യമാണ് വിജയന്‍ സര്‍ക്കാരെന്ന് നോക്കൂ. ഈ സര്‍ക്കാര്‍ ഉണക്കലരിപായസത്തിനൊപ്പമാണ്. ഏത് കമ്പനിക്കാരുടെ സേമിയായാണ് നാം ഇഷ്ടപ്പെടുന്നതെന്നും ഭരണകൂടം തിരിച്ചറിയുന്നു.
ഓണത്തിന് മലയാളികള്‍ ഉണക്കലരി പായസവും സേമിയാ പായസുവുമാണ് കുടിക്കുന്നതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ സര്‍ക്കാര്‍ ഇതിനെല്ലാം അപ്പുറത്ത് പാലടയും പഴംപ്രഥമനും പുല്‍കുന്ന തൃശുക്കാരുടെ വീട്ടുമുറ്റത്തെ മുക്കൂറ്റിപ്പൂവ് മൂക്കത്ത് വിരല്‍ വെച്ച് ചിരിക്കുന്നു.
കിറ്റില്‍ വല്ലോന്റേം പായസക്കൂട്ട് തിരുകുന്ന സര്‍ക്കാര്‍ നമ്മുടെ മില്‍മയുടെ പായസക്കൂട്ടിനെ തഴഞ്ഞതെന്തേയെന്ന് ചോദിക്കുന്നു കരുവന്നൂര്‍ പുഴത്തീരത്തെ തുമ്പച്ചെടി.

Related posts

Leave a Comment