ജനദ്രോഹ സർക്കാറുകൾ ക്കെതിരെയുള്ള താക്കീതാകും തൃക്കാക്കര : ഉമ്മൻ‌ചാണ്ടി

കൊച്ചി : ജനദ്രോഹ സർക്കാരുകൾക്കെതിരെയുള്ള താക്കീതാകും തൃക്കാക്കരയിലെ ജനവിധിയെന്നും പ്രചാരണത്തിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങൾ നടപ്പിലാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ ഗവൺമെന്റുകളാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും ഉൾപ്പടെയുള്ള വികസനപദ്ധതികൾ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവർത്തനങ്ങളെ ഒരുഘട്ടത്തിൽ എതിർക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോൾ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഉയർച്ചയിലേക്ക് പോകാത്തതിന് കാരണം ഇടതുപക്ഷ ത്തിന്റെ നിലപാടുകളാണ്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ്. എന്നാൽ ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിച്ച ആറു വർഷമാണ് കടന്നു പോയത്. ഒരിക്കലും പ്രായോഗികമല്ലാത്ത കെ റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ യാതൊരു തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നില്ല. സംസ്ഥാനത്തിന്റെ ക്രമസമാധാനനില ആകെ തകർന്നിരിക്കുകയാണ്. മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാകുകയാണ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ശമ്പളം നൽകുവാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്രവും സംസ്ഥാനവും നികുതി വർധനയുടെ പേരിൽ മത്സരിക്കുന്നു. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമായ തിരഞ്ഞെടുപ്പ് ആണിത്. തൃക്കാക്കരയിൽ ഉമ തോമസ് നേടുന്ന ഭൂരിപക്ഷം സിൽവർ ലൈൻ ഉൾപ്പെടെയുള്ള ജനദ്രോഹ പദ്ധതികൾക്കെതിരെയുള്ള ജനങ്ങളുടെ താക്കീത് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം അഹങ്കാരമായി കൊണ്ടുനടക്കുന്ന ഭരണകൂടത്തെ പാഠം പഠിപ്പിക്കുവാൻ കിട്ടുന്ന അവസരം തൃക്കാക്കര ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കോൺഗ്രസ് സൃഷ്ടിച്ച വികസനത്തിന്റെ അംശമാണ് ഇടതുപക്ഷം ഭുജിക്കുന്നതെന്നും വികസനത്തിന്റെ യഥാർത്ഥ വക്താക്കൾ എന്നും കോൺഗ്രസാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

Related posts

Leave a Comment