തൃക്കാക്കര പഴയ കരയല്ല ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

എഴുതിയ ചുമരുകള്‍ മായ്ക്കുക എന്നത് സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത നാണംകെട്ട നടപടിയാണ്. തെരഞ്ഞെടുപ്പ് സംബന്ധമായി ഇത്തരം കീഴടങ്ങലുകള്‍ സിപിഎമ്മിനകത്ത് വര്‍ധിച്ചുവരികയാണ്. ഏകശിലാ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍, കൈക്കൊണ്ട തീരുമാനം പിന്‍വലിക്കുകയെന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാള്‍ ദുഷ്‌കരമായിരുന്നു. നിയമസഭയില്‍ നൂറ് തികയ്ക്കാന്‍ വേണ്ടി സാമുദായിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അരാഷ്ട്രീയക്കാരന് അരിവാള്‍ ചുറ്റിക ചാര്‍ത്തിക്കൊടുത്തത് തൃക്കാക്കരയില്‍ കരകയറില്ലെന്നതിന്റെ വിളംബരമാണ്. പതിനൊന്ന് വര്‍ഷത്തെ തൃക്കാക്കരയിലെ യുഡിഎഫ് കുത്തക അവസാനിപ്പിക്കാന്‍ സാമുദായിക പരീക്ഷണം നടത്തുന്നതിനെതിരെയും ഡിവൈഎഫ്‌ഐ നേതാവിനെ വിളിച്ചുണര്‍ത്തി ഇലയിട്ടതിന് ശേഷം ചോറ് വിളമ്പാതെപോയ പാര്‍ട്ടി നേതൃത്വത്തിന്റെ നെറികേടിനെതിരെയും സിപിഎമ്മില്‍ പ്രതിഷേധം ഇരമ്പുകയാണ്. മാണി വിതയത്തിലിനെയും സാനു മാഷെയും സെബാസ്റ്റ്യന്‍ പോളിനെയും ജെ.ജേക്കബിനെയും പരീക്ഷിച്ച സിപിഎം ഇപ്പോള്‍ ഒരു ഡോക്ടറെ ഏതോ മാളത്തില്‍ നിന്ന് തപ്പിപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ ഭാഗമായ തൃക്കാക്കരയില്‍ വോട്ടര്‍മാരുടെ മതനിരപേക്ഷ നിലപാടിനെ പരിഹസിക്കുന്നതിന് തുല്യമാണ് സാമുദായിക മാനദണ്ഡമനുസരിച്ച് സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചത്. കെ എസ് അരുണ്‍കുമാര്‍ എന്ന ചെറുപ്പക്കാരന്‍ ചുമരുകളില്‍ സ്ഥാനം കണ്ടെത്തിയെങ്കിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാതെ പോയത് സിപിഎമ്മിനകത്തെ കടുത്ത അന്തച്ഛിദ്രം കാരണമാണ്. ഒരു ഉപതെരഞ്ഞെടുപ്പില്‍പോലും സാമുദായിക വര്‍ഗീയ പ്രീണനം നടത്തുന്ന സിപിഎമ്മിന് രാഷ്ട്രീയ ഭരണകാര്യങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാന്‍ സാധ്യമല്ലെന്നുള്ളതിന്റെ പരസ്യപ്രഖ്യാപനമാണിത്. പാര്‍ട്ടിക്കാരനല്ലാത്തൊരാളെ നേരംഇരുട്ടി വെളുക്കുന്നതിന് മുമ്പെ ചുവന്ന വെള്ളത്തില്‍ ജ്ഞാനസ്‌നാനം ചെയ്യിച്ചത് സിപിഎമ്മിന്റെ തകര്‍ച്ചയാണ്. എന്നും ജനാധിപത്യ ചേരിയോട് കൂറും മമതയും കാണിച്ചിട്ടുള്ള എറണാകുളം ജില്ല, എല്‍ഡിഎഫ് വന്‍വിജയം നേടിയ അവസരങ്ങളില്‍പോലും മറുകണ്ടം ചാടിയിട്ടില്ല. വിവിധ സമുദായക്കാരും തൊഴിലാളികളും ദരിദ്രരും ഇടത്തരക്കാരും സമ്പന്നരും ഇടകലര്‍ന്ന് ജീവിക്കുന്ന തൃക്കാക്കരയുടെ മണ്ണില്‍ മതവും ജാതിയും ഒരുകാലത്തും യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നില്ല. ഇന്ത്യയിലെ മികച്ച ഐടി ഹബ്ബ് എന്നറിയപ്പെടുന്ന ഇന്‍ഫോപാര്‍ക്ക് തൃക്കാക്കരയുടെ മണ്ണിലാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്നപ്പോള്‍ ഫാക്ട് മുതല്‍ കൊച്ചി മെട്രോ വരെ എറണാകുളം ജില്ലയില്‍ സ്ഥാപിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. കൊച്ചിയെയും പരിസര പ്രദേശങ്ങളെയും വികസനത്തിന്റെ ശൃംഗങ്ങളിലെത്തിച്ചത് കോണ്‍ഗ്രസായിരുന്നു. വികസനത്തിനുവേണ്ടി വോട്ട് ചെയ്യുകയാണെങ്കില്‍ ആദ്യ വോട്ട് കോണ്‍ഗ്രസിനായിരിക്കും. ഈ മഹാനഗരത്തെ വളര്‍ത്തുന്നതില്‍ മണ്‍മറഞ്ഞ നിരവധി കോണ്‍ഗ്രസ് നേതാക്കളെ വിസ്മരിച്ചുകൊണ്ട് നേട്ടപട്ടിക പൂര്‍ത്തിയാക്കാന്‍ സാധ്യമല്ല. പനമ്പിള്ളി ഗോവിന്ദമേനോനും കെ.എ.ദാമോദര മേനോനും എ.സി.ജോര്‍ജും കെ.കരുണാകരനും അടക്കം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് വളര്‍ത്തിയ നിരവധി ഭരണാധികാരികളെ വിസ്മരിച്ച് എറണാകുളത്തിന്റെ വികസനചരിത്രം പൂര്‍ത്തിയാക്കാനാവില്ല. കൊച്ചി പഴയ കൊച്ചിയല്ല എന്ന് പറഞ്ഞതുപോലെ തൃക്കാക്കര പഴയ കരയല്ല. വികസനത്തിന്റെ ഗോപുരങ്ങളും മിനാരങ്ങളും നിറഞ്ഞുനില്‍ക്കുന്ന തൃക്കാക്കരയുടെയും സമീപ മണ്ഡലങ്ങളുടെയും വികസനത്തില്‍ കോണ്‍ഗ്രസ് പതിപ്പിച്ച സുവര്‍ണ മുദ്രകള്‍ക്ക് പകരം വെയ്ക്കാന്‍ സംസ്ഥാനത്ത് മറ്റൊരിടം ചൂണ്ടിക്കാണിക്കാനില്ല. വികസനത്തിനുവേണ്ടി ഇവിടെ അനാവശ്യമായ കുടിയൊഴിപ്പിക്കലോ പൊളിച്ചുമാറ്റലോ ഉണ്ടായിട്ടില്ല. മനുഷ്യത്വ മുഖമുള്ള വികസനമായിരുന്നു കോണ്‍ഗ്രസ് നടപ്പാക്കിയത്. തൃക്കാക്കര വികസനത്തിനായി കെ റെയിലിനെ പിന്തുണയ്ക്കുമെന്ന് പറയുന്ന എല്‍ഡിഎഫിന്, കനത്ത തിരിച്ചടിയാണ് ലഭിക്കാനിരിക്കുന്നത്. തൃക്കാക്കരയുടെ പ്രഥമ എംഎല്‍എ ബെന്നി ബഹനാനും പിന്‍ഗാമി പി.ടി.തോമസും തുടങ്ങിവെച്ചതും തുടരുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാതെയും നിലച്ചുപോകാതെയും തുടര്‍ച്ചയുണ്ടാക്കുക എന്ന ദൗത്യമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് നിര്‍വഹിക്കാനുള്ളത്. തൃക്കാക്കരയെ വിഴുങ്ങുന്ന പ്രളയത്തിന് പരിഹാരം, ആവശ്യമായ റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വീതിയും ആഴവുമുള്ള ഓവുചാലുകള്‍ തുടങ്ങിയവ മണ്ഡലത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നു. അഞ്ചുവര്‍ഷക്കാലം തൃക്കാക്കരയുടെ ജനപ്രതിനിധിയായിരിക്കാന്‍ ഭാഗ്യം ലഭിച്ച പി.ടി.തോമസിന് ഈ നഗരത്തെ സംബന്ധിച്ച് നിരവധി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബെന്നിയും പി.ടിയും ഈ നഗരത്തിന് നല്‍കിയ സ്വപ്‌നതുല്യമായ വികസനമാണ് തൃക്കാക്കര പഴയ കരയല്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്.

Related posts

Leave a Comment