വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതി

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടി. നന്ദകുമാർ, നിയമ പരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ എന്നിവരാണ് അംഗങ്ങൾ. ഇവർ വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കുന്നതല്ലെന്നു തോന്നുന്നതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സംബന്ധിച്ചു പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിർദേശങ്ങളും ഈ സമിതി സർക്കാരിനു നൽകുമെന്നു മന്ത്രി പറഞ്ഞു.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും പുതുതായി നിലവിൽവന്ന നിയമങ്ങൾ സംബന്ധിച്ചും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കു വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതുമൂലം അതിവേഗം നടക്കേണ്ട കാര്യങ്ങൾപോലും നൂലാമാലകളിൽപ്പെടുകയാണ്. ഇതു മുൻനിർത്തി ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. വ്യവസായ എസ്റ്റേറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പൊതു രൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് റെഡ്രസ് മെക്കാനിസം സംബന്ധിച്ച ബില്ല് ഈ നിയമസഭയിൽത്തന്നെ അവതരിപ്പിച്ചു പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment