പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; രണ്ട് യുവാക്കള്‍ ജീവനൊടുക്കി

മുംബൈ: പീഡനക്കേസിൽ അകത്താക്കുമെന്ന ഭീഷണിയെ തുടർന്ന് മഹാരാഷ്ട്രയിൽ രണ്ട് യുവാക്കൾ ജീവനൊടുക്കി. ഔറംഗാബാദ് സില്ലോദിൽ പാറാവുകാരായി ജോലിചെയ്യുന്ന ധ്യാനേശ്വർ ഷിർസാദ് (20), യോഗേഷ് ഖിസ്തെ (23) എന്നിവരാണ് മരിച്ചത്. ജോലി ചെയ്യുന്ന ഗോഡൗണിനുള്ളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാക്കളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ കൂട്ടുകാരൻ ഗോഡൗണിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും കുറിപ്പിൽ പറയുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മൂന്ന് പേരെ പിടികൂടുകയും ചെയ്തു. സ്കൂൾ ജീവനക്കാരനായ ഷെയ്ഖ് മോയിൻ, ഷെയ്ഖ് മുസ്തഫ, ഇവരുടെ സുഹൃത്തായ യുവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾ ഞായറാഴ്ച സില്ലോദിലെ ഒരു ഫാമിന് സമീപത്തുള്ള വിജനമായ സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ സമീപത്ത് ജോലിചെയ്യുന്ന ഷിർസാദും ഖിസ്തെയും ഇവരെ വിലക്കി. തുടർന്ന് മൂവർ സംഘം ബൈക്കിൽ മടങ്ങുന്നതിനിടെ വാഹനം തെന്നി വീണ് ഇവർക്ക് പരിക്കേറ്റു. ഇതിനുപിന്നാലെയാണ് യുവതി ഉൾപ്പെടെയുള്ളവർ രണ്ടു പേരെയും ഭീഷണിപ്പെടുത്തിയത്.

Related posts

Leave a Comment