തോപ്പില്‍ രവി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക ; ഇന്ന് 32-ാം ചരമവാർഷികദിനം

കെ എം ഐ മേത്തർ

തോപ്പില്‍ രവിയെ സ്മരിക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ പതിറ്റാണ്ടുകള്‍ അപ്പുറത്തേക്ക് മറിയുകയാണ്.ദേശം വിട്ട് രാജ്യം പിടിച്ച രാജകുമാരനും രാജാവുമായിരുന്നു രവി.കൂര്‍ക്കഞ്ചേരി വിട്ട് കൊച്ചി വഴി കൊല്ലത്തിന്റെ ഹൃദയം കീഴടക്കിയ രാജകുമാരന്‍.
‘വന്നു, കണ്ടു, കീഴടക്കി’ എന്ന് പറയുന്നത് രവിയെ സംബന്ധിച്ച് അര്‍ത്ഥവത്തായ വിശേഷണമാണ്. അമ്പതുകളുടെ അന്ത്യത്തില്‍ കെ.എസ്.യുവിലൂടെയാണ് രവിയുടെ പൊതു പ്രവര്‍ത്തന രംഗത്തേക്കുള്ള കടന്നുവരവ്. അറുപതുകളുടെ തുടക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ഞങ്ങള്‍ തമ്മില്‍ അടുക്കുന്നതും ബന്ധം വളരുന്നതും.ആരുടെ മുന്നിലും കൂസാതെ തലയെടുപ്പോടെ നിലകൊണ്ട സി.കെ.ജി യെന്ന സി.കെ. ഗോവിന്ദന്‍ നായര്‍ കെ.പി.സി.സി പ്രസിഡന്റും ഞങ്ങളുടെ അനിഷേധ്യ നേതാവുമായിരുന്ന കാലമായിരുന്നു അത്. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പച്ച പിടിച്ചു വരുന്ന സമയം.യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി വാസു പണിക്കരെ റിട്ടേണിംഗ് ഓഫീസറാക്കി. എം.എ.ജോണിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തൃശൂരില്‍ നിന്നുള്ള തോപ്പില്‍ രവിയെ സെക്രട്ടറിയായും ട്രഷററായി എന്നെയും തിരഞ്ഞെടുത്തു.വയലാര്‍ രവിയും എ.സി. ജോര്‍ജും എ.സി ജോസും സംസ്ഥാന കമ്മറ്റിയിലുണ്ട്.കോഴിക്കോട് നിന്നുള്ള എന്‍ പി മൊയ്തീനും ഷണ്‍മുഖദാസും കൊല്ലത്തു നിന്നുള്ള തങ്കപ്പനും മുന്‍നിര പോരാളികള്‍ ആയിരുന്നു.

അക്കാലത്ത് യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ല. പകരം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സംഘടനാ സംവിധാനം നിയന്ത്രിച്ചിരുന്നത്.എറണാകുളമായിരുന്നു ആസ്ഥാനം.യൂത്ത് കോണ്‍ഗ്രസിന്റെ ‘യൂത്ത്’ എന്ന പ്രസിദ്ധികരണം തുടങ്ങുന്നത് ഞങ്ങളുടെ നേതൃത്വത്തിലായിരുന്നു.അതിന്റെ മുഖ്യ ചുമതല തോപ്പില്‍ രവിക്കായിരുന്നു. രവി തന്നെയായിരുന്നു അതിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നത്. യൂത്ത് മാഗസിന്റെ ആദ്യ ലക്കത്തില്‍ കവര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നത് രണ്ട് ചിത്രങ്ങളാണ്.ഒന്ന് പി ടി ചാക്കോയുടെ ഗഘ ഗ5006 എന്ന കാറിനൊപ്പം ഉള്ള ചിത്രവും രണ്ടാമത് ഏ ജെ ജോണ്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിന്റെ ചിത്രവും ആയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.എറണാകുളത്തായിരുന്നു മാഗസിന്റെ അച്ചടിയും മറ്റു പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്.അക്കാലത്താണ് യൂത്ത് കോണ്‍ഗ്രസും ഈഗിള്‍സ് ക്ലബും ചേര്‍ന്ന് ലോട്ടറി തുടങ്ങുന്നതും യൂത്ത് കോണ്‍ഗ്രസ് ഓഫീസിന്റെ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും.കെട്ടിടം പണി പൂര്‍ത്തിയായതോടെ താമസം യൂത്ത് കോണ്‍ഗ്രസ് ഹൗസിലായി.സംഘടന ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തുടനീളം യാത്രകളും ക്യാമ്പുകളുമായി തകൃതിയായി മുന്നേറുന്ന കാലമായിരുന്നു അത്.


സ്വന്തമായി വരുമാനമില്ലാത്തത് ആ കാലത്ത് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാവര്‍ക്കും വലിയ പ്രശ്‌നമായിരുന്നു.രവിക്കും അത്തരത്തിലുള്ള സാമ്പത്തിക ഞെരുക്കം നന്നേ ഉണ്ടായിരുന്നു.കവിത എഴുത്തും വായനയും വാക്ചാതുരിയവുമുള്ള രവിക്ക് ഒരു തൊഴില്‍ കണ്ടെത്തലായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.വയലാര്‍ രവിയും എം.എ. ജോണും,ഞാനും കൂടി മലയാള മനോരമയില്‍ കെ.എം മാത്യുവിനെ കണ്ട് വിഷയം അവതരിപ്പച്ചു. തൃശൂരില്‍ മനോരമ ലേഖകനായിരുന്ന കെ.ആര്‍.ചുമ്മാറും ഞങ്ങളെ സഹായിച്ചു, അങ്ങനെ തോപ്പില്‍ രവി മനോരമയില്‍ പത്ര പ്രവര്‍ത്തകനായി. സജീവ രാഷ്ട്രീയം പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നത് കൊണ്ട് രവി സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞു.തൃശൂരും കോഴിക്കോട്ടും ലേഖകനായ രവി കൊല്ലത്തേക്ക് മാറ്റപ്പെട്ട തോടെ പ്രവര്‍ത്തനമണ്ഡലം പിന്നീടങ്ങോട്ട് കൊല്ലമായി മാറുന്ന കാഴ്ചയാണ് ഏവരും കണ്ടത്.ഇക്കാലത്തെല്ലാം കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നു.ക്ലാസെടുത്തും പ്രമേയവും, മുദ്രാവാക്യമെഴുതി കൊടുത്തും പുതിയ തലമുറയെ ജ്വലിപ്പിച്ചു നിര്‍ത്തി.കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും പിന്നണിയില്‍ സജീവമായിരുന്ന രവി മുന്‍ നിരയിലേക്ക് വരാന്‍ തീരുമാനിച്ചു. മനോരമ ലേഖകന്‍ എന്ന ജോലി ഒഴിഞ്ഞു.കൊല്ലത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ഡി.സി.സി വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ഉള്‍പ്പടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത രവി തന്റെതായ ഉത്തരവാദിത്വങ്ങളില്‍ മികവുപുലര്‍ത്തി. 1982 ലെ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ വി വി ജോസഫിനെ 4199 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തോപ്പില്‍ രവി കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭയ്ക്കുള്ളില്‍ ചടുലമായ ഇടപെടലുകള്‍ കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട എംഎല്‍എ ആയിരുന്നു രവി.അദ്ദേഹത്തിന്റെ പ്രസംഗത്തിന് മറ്റു സാമാജികര്‍ പോലും കാതോര്‍ത്തിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും സ്വീകാര്യനായിരുന്ന നിയമസഭാ സാമാജികന്‍ ആയിരുന്നു അദ്ദേഹം. ഒരിക്കല്‍ ചലച്ചിത്രങ്ങളുടെ പേരുകള്‍ കോര്‍ത്തിണക്കി അദ്ദേഹം സഭയില്‍ നടത്തിയ പ്രസംഗം ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്.
രാഷ്ട്രീയ നേതാവ് എന്നതിലുപരി കവി,പത്ര പ്രവര്‍ത്തകന്‍, അഭിനേതാവ്,വാഗ്മി തുടങ്ങി വ്യത്യസ്ത മുഖമുള്ള തോപ്പില്‍ രവി നല്ലൊരു സഹൃദയനായിരുന്നു.ഞങ്ങളുടെ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും അതുതന്നെയായിരുന്നു .ചടുലമായും തീഷ്ണതയോടെയും മുദ്രാവാക്യങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് രചിക്കാനുള്ള അപാര കഴിവ് ഞാനുള്‍പെടുന്ന പഴയ തലമുറ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. പഴയ തലമുറയിലെ നേതാക്കള്‍ക്ക് ബഹുമുഖ സവിശേഷതകള്‍ ഏറെയായിരുന്നു.മുദ്രാവാക്യ രചന ഒരു സാഹിത്യ സൃഷ്ടിയാക്കി മാറ്റിയത് രവിയാണ്.പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രവി എഴുതിയ മുദ്രാവാക്യങ്ങള്‍ ഇന്നും തെളിമയോടെ നില കൊള്ളുന്നു. അക്ഷരങ്ങള്‍ പെറുക്കി വെയ്ക്കലല്ല ആശയ സമ്പന്നവും ആവേശം ആളിക്കത്തിക്കുന്നതുമായിരുന്നു അക്കാലത്തെ മുദ്രാവാക്യങ്ങള്‍.

‘ഞങ്ങളിലില്ല ക്രൈസ്തവ രക്തം
ഞങ്ങളിലില്ല ഹൈന്ദവ രക്തം
ഞങ്ങളിലില്ല മുസ്ലിം രക്തം
ഞങ്ങളിലുള്ളത് മാനവ രക്തം.’

‘വര്‍ഷം പത്ത് കഴിഞ്ഞോട്ടെ
പിള്ളേര് ഒന്ന് വളര്‍ന്നോട്ടെ
ഇ.എം.എസിനെ ഇയ്യം പൂശി ഇല്ലത്തേക്ക് പറപ്പിക്കും ‘
(ഇ.എം.എസ് ഭരണകാലത്ത് രവി എഴുതിയ മുദ്രാവാക്യം, പിന്നീടങ്ങോട്ട് ഈ മുദ്രാവാക്യത്തിന് വലിയ പ്രചാരമാണ് ഉണ്ടായത്)

‘ജവഹര്‍ലാല്‍ ജി കൊളുത്തിത്തന്നൊരു
സോഷ്യലിസത്തിന്‍ ദീപശിഖ
തലമുറ തലമുറ
കൈമാറി കെടാതെ
ഞങ്ങള്‍ സൂക്ഷിക്കും’
(നെഹ്‌റുവിന്റെ മരണശേഷം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജവഹര്‍ ജ്യോതി പ്രയാണത്തിനുവേണ്ടി തയ്യാറാക്കിയ മുദ്രാവാക്യം)
പ്രസംഗമായിരുന്നു രവിയുടെ മറ്റൊരു മേഖല.കേരളത്തിലെ എക്കാലത്തെയും മികച്ച പ്രാസംഗികന്‍ പനമ്പളളി ഗോവിന്ദ മേനോനാണ്.രവി മാതൃകയാക്കിയതും പനമ്പിളളിയെയാണ്.കവിതയും ശ്ലോകവും ഉപമയും ഉല്‍പ്പ്രേക്ഷയും നിറച്ച വാക്മയ വിരുന്നായിരുന്നു രവിയുടെ പ്രസംഗങ്ങള്‍.രവിയുടെ വാക്ചാതുര്യവും ആദര്‍ശനിഷ്ഠയും മൂല്യബോധവും പുതിയ തലമുറയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് പകര്‍ത്തുവാന്‍ സാധിക്കുന്ന നല്ല മാതൃകയാണ്.ലാഭേച്ഛ കൂടാതെ പൊതുരംഗത്ത് നന്‍മയുടെ പ്രകാശം പരത്തിയ തോപ്പില്‍ രവിയുടെ നല്ല പാരമ്പര്യം നിലനില്‍ക്കപ്പെടണം.

രവിയുടെ ദീപ്ത സ്മരണകള്‍ക്ക് പ്രണാമം……

Related posts

Leave a Comment