ഇതു കേരളത്തിന്‍റെ ഓണ സമ്മാനംഃ ശ്രീജേഷ്

കൊച്ചിഃ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ കേരളത്തിലും ഹോക്കി എന്ന കായികക്കൂട്ടായ്മക്ക് ഉണര്‍വേകുമെന്ന് മലയാളി താരം പി.ആര്‍. ശ്രീജേഷ്. ഹോക്കി സ്റ്റിക്ക് പിടിച്ചു നടന്നു പോകുന്നത് അപമാനമായി കണ്ട ഒരു സമയമുണ്ടായിരുന്നു. ഇനിയത് നമ്മുടെ കുട്ടികള്‍ക്ക് അഭിമാനമാകും. അതിനുള്ള തുടക്കമാണ് ഈ വിജയമെന്നും ശ്രീജേഷ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ഹോക്കിയെ ജനകീയ‌മാക്കുന്ന ദൗത്യമാണ് ഇനി താന്‍ ഏറ്റെടുക്കുകയെന്നും സ്കൂള്‍ കുട്ടികളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോ ഒളിംപികിസില്‍ വെങ്കലം നേടിയ ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. തന്‍റെ മൂന്നാമത്തെ ഒളിംപിക്സാണു കഴിഞ്ഞത്. ആദ്യ ഒഴിംപിക്‌സ് 2012ല്‍ ഒരു കളി പോലും വിജയിക്കാനായില്ല. 2016 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇത്തവണ വെങ്കല മെഡലും നേടി. നമ്മുടെ രാജ്യത്തെ വിജയപീഠം കയറ്റണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേ ടീമിലെ എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളൂ എന്നും ശ്രീജേഷ്.

തനിക്കു നല്‍കിയ സ്വീകരണത്തിന് അദ്ദേഹം കേരളത്തോടു നന്ദി പറഞ്ഞു. ഇത്തവണത്തെ ഏറ്റവും മികച്ച ഓണസമ്മാനമാണിതെന്നും അദ്ദേഹം വിശദമാക്കി. ചരിത്ര വിജയം നേടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ആദരിച്ചില്ല എന്ന പരാതിയുണ്ടോ എന്ന ചോദ്യത്തിന് ടീമിന്‍റെ വിജയമാണ് ഇതുവരെ ചിന്തിച്ചതെന്നായിരുന്നു മറുപടി. കേരളത്തിലെ കുട്ടികളില്‍ ഹോക്കിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കണം. 2024 പാരീസ് ഒളിംപിക്സില്‍ സ്വര്‍ണം നേടണം. ഇതാണു തന്‍റെ ലക്ഷ്യം. തന്‍റെ മികവിന് സംസ്ഥാനം ഉചിതമായ അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശ്രീജേഷ്.

Related posts

Leave a Comment