‘ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’; രംഗീന കാര്‍ഗര്‍

ഡൽഹി: ആഗസ്റ്റ് 20 ന് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ടിൽ നിന്ന് തന്നെ തിരിച്ചയച്ചതായി അഫ്ഗാൻ പാർലമെന്റ് വനിതാ അംഗം രംഗീന കാർഗർ. കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലെത്തിയ തന്നെ എയർപോർട്ട് അധികൃതർ തടഞ്ഞുവയ്ക്കുകയും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചയക്കുകയുമായിരുന്നെന്ന് രംഗീന പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
‘ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല’. എയർപോർട്ടിൽ നിന്നും തിരിച്ചയച്ചതിൽ നിരാശയോടെ കാർഗർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഫര്യാബ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന രംഗീന 2010 മുതൽ വോൾസി ജിർഗയിലെ(അഫ്ഗാൻ പാർലമെന്റ്) അംഗമാണ്. ആഗസ്ത് 20ന് നയതന്ത്ര പാസ്‌പോർട്ടുമായി ഇസ്തംബൂളിൽ നിന്ന് ദുബായ് വിമാനത്തിൽ കാർഗൻ ഡൽഹിയിലെത്തിയത്. ഇതിന് മുൻപും ഇതേ പാസ്‌പോർട്ട് ഉപയോഗിച്ച്‌ പലതവണ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, ഇത്തവണ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുണ്ടെന്ന് പറഞ്ഞ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഇസ്തംബൂളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നെന്ന് കാർഗർ പറഞ്ഞു.

‘അവർ എന്നെ തിരിച്ചയച്ചു, ഒരു കുറ്റവാളിയോടെന്ന പോലെയാണ് പെരുമാറിയത്. ദുബായിൽ വച്ച്‌ എന്റെ പാസ്‌പോർട്ട് തിരികെ നൽകിയില്ല. ഇസ്താംബൂളിൽ എത്തിയപ്പോൾ മാത്രമാണ് എനിക്ക് പാസ്‌പോർട്ട് തിരികെ നൽകിയത്’. രംഗീന കാർഗർ പറഞ്ഞു.

‘അവർ എന്നോട് ചെയ്തത് ശരിയായ നടപടിയല്ല. കാബൂളിലെ സ്ഥിതി മാറി, ഇന്ത്യൻ സർക്കാർ അഫ്ഗാൻ സ്ത്രീകളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരു കാരണവും വ്യക്തമാക്കാതെയാണ് തന്നെ തിരിച്ചയച്ചത്’. അവർ കൂട്ടിച്ചേർത്തു.

‘ഞങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലാണ്, ഞങ്ങൾക്ക് ഇന്ത്യയുമായി തന്ത്രപരമായ ബന്ധമുണ്ട്, ഇന്ത്യയുമായി ചരിത്രപരമായ ബന്ധമുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ അവർ ഒരു വനിതാ പാർലമെന്റ് അംഗത്തോട് ഇങ്ങനെയാണ് പെരുമാറിയത്’. കാർഗർ പറഞ്ഞു.

Related posts

Leave a Comment