യുക്രൈന്റെ പ്രധാന ഭാഗങ്ങളിലെല്ലാം റഷ്യൻ സൈന്യം അധിനിവേശത്തിനായുള്ള നീക്കങ്ങൾ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ ഉറപ്പുനൽകി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. തന്റെ സംരഭമായ സ്റ്റാർലിങ്ക് വഴി യുക്രൈന്റെ വിവിധ പ്രദേശങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് മസ്ക് വാക്ക് നൽകിയിരിക്കുന്നത്. യുക്രൈനിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളായ ജിഗാട്രാൻസിലേക്കുള്ള കണക്ടിവിറ്റി സാധാരണ വേഗതയിൽ നിന്നും 20 ശതമാനത്തിലധികം താഴ്ന്ന അവസ്ഥയിലാണ് യുക്രൈനിലേക്ക് മസ്കിന്റെ സാഹയമെത്തുന്നത്. യുദ്ധഭീതിയിൽ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വലയുന്ന സാധാരണക്കാർക്കുൾപ്പെടെ മസ്കിന്റെ പ്രഖ്യാപനം ആശ്വാസമാകുന്നുണ്ട്. രാജ്യത്ത് ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കാൻ സ്പേസ് എക്സ് ഉടമ ഇലോൺ മസ്കിന്റെ സഹായം ഇന്നലെ യുക്രൈൻ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വാഗ്ദാനവുമായി മസ്ക് രംഗത്തെത്തിയത്. സ്പേസ് എക്സിന്റെ സാറ്റ്ലെറ്റ് ഇന്റർനെറ്റ് ഡിവിഷനായ സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് പുനസ്ഥാപിക്കാനാകുമോ എന്ന സാധ്യതയാണ് യുക്രൈൻ തേടിയത്. റഷ്യയുടെ നീക്കങ്ങൾക്കതെിരായി തങ്ങൾക്കൊപ്പം നിൽക്കണമെന്ന് മസ്കിനോട് യുക്രൈന്റെ ഉപപ്രധാനമന്ത്രിയും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെടുകയായിരുന്നു.
ഭൂമിയുടെ ഏതൊരു കോണിലും സാറ്റ്ലൈറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന അവകാശത്തോടെയാണ് സ്റ്റാർലിങ്ക് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സൈബർ പോരാളികളെ ഉൾപ്പെടെ നേരിടുന്നതിനായി മസ്ക് ഒപ്പം നിൽക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങൾ ചൊവ്വയെ കീഴടക്കാൻ ശ്രമിക്കുമ്പോൾ റഷ്യ ഭൂമിയിൽ ഞങ്ങളുടെ രാജ്യം പിടിച്ചടക്കാൻ ശ്രമിക്കുകയാണെന്ന് മൈഖൈലോ ഫെഡോറോവ് ചൂണ്ടിക്കാട്ടി. യുക്രൈനെ റഷ്യൻ റോക്കറ്റുകൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.