ക്രമക്കേടിന് കൂട്ടുനിൽക്കാത്ത പൂജാരിയെ പൂട്ടിയിട്ടു; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജാതി പീഡനം

തിരുവനന്തപുരം: ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ പട്ടികജാതിക്കാരനായ പൂജാരിയെ ക്ഷേത്രം ഓഫീസിൽ പൂട്ടിയിട്ടു. മണിക്കൂറുകൾക്ക് ശേഷം പൊലീസ് എത്തുന്നതറിഞ്ഞാണ് മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് പുറമേ, ജാതി അധിക്ഷേപവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒറ്റശേഖരമംഗലം വാഴിച്ചൽ ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഞ്ജിത്ത് ആര്യങ്കോട് പൊലീസിൽ പരാതി നൽകി. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിൻറെ പേരിൽ ക്ഷേത്ര ഉപദേശക സമിതിയാണ് നിരന്തരം അധിക്ഷേപിക്കുന്നതെന്ന് രഞ്ജിത്ത് പരാതിയിൽ പറയുന്നു.
നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയും പട്ടകിജാതിക്കാനുമായ രഞ്ജിത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ സ്പെഷ്യൽ റിക്രൂട്ട്മെൻറ് വഴി ഇക്കഴിഞ്ഞ ജനുവരി 11നാണ് പാർട് ടൈം പൂജാരിയായി നിയമനം ലഭിച്ചത്. പൂജാരികൾക്ക് ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാണ് രഞ്ജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പിൽപെട്ട കോവിലുവിള ശാസ്ത്ര ക്ഷേത്രത്തിലാണ് നിയമനം കിട്ടിയത്. പാർട്ട് ടൈം ശാന്തി ആയതിനാൽ രാവിലെ മാത്രം പൂജ ചെയ്താൽ മതിയായിരുന്നു.
എന്നാൽ, ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യം അംഗീകരിച്ച്, വൈകിട്ട് പൂജയ്ക്കും ബോർ‍ഡ് അനുമതി നൽകി. വൈകിട്ടത്തെ ചെലവും ശമ്പളവും ഉപദേശക സമിതി വഹിക്കാമെന്ന നിബന്ധനയിലായിരുന്നു ഇത്. ഇതിന് ശേഷം രസീത് നൽകാതെ വഴിപാട് കഴിക്കണമെന്ന ഉപദേശക സമിതിയുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതിരുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പൂജയ്ക്കെത്തിയ രഞ്ജിത്തിനെ ഉപദേശക സമിതി സെക്രട്ടറി ശിവലാലും കൂട്ടാളി അനിലും ചേർന്ന് ഓഫീസ് മുറിയിൽ പൂട്ടിയിട്ടുവെന്ന് പരാതിയിൽ പറയുന്നു.
ജാതി പറഞ്ഞുള്ള അധിക്ഷേപത്തിലും സാമ്പത്തിക ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുന്നതിലും പരാതി പറഞ്ഞെങ്കിലും വീട്ടുവീഴ്ച ചെയ്യാനായിരുന്നു ദേവസ്വം ബോർഡ് അധികൃതരുടെ ഉപദേശം. ഈ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിൻറെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ആര്യങ്കോട് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ദേവസ്വം ബോർഡിന്റെ ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പ് ഓഫീസർ അവധിയിലാണ്. മടങ്ങിയെത്തിയ ശേഷം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.

Related posts

Leave a Comment