തിരുവനന്തപുരം – കാസർഗോഡ് അതിവേഗ റെയിൽപ്പാത പദ്ധതി ഉപേക്ഷിക്കണം ; മുഖ്യമന്തിയോട് കൊടിക്കുന്നിൽ സുരേഷ് എംപി.

തിരുവനന്തപുരം : തിരുവനന്തപുരം – കാസർഗോഡ് അതിവേഗ റെയിൽപ്പാത പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കേരളത്തിൽ നിന്നുള്ള എം പി മാരുടെ ഓൺലൈൻ കോൺഫറൻസിൽ കൊടിക്കുന്നിൽ സുരേഷ് എം പി.
65000 കോടി രൂപ പൊതുഖജനാവിൽ നിന്നും കേന്ദ്രസർക്കാരിന്റെയും മറ്റു സാമ്പത്തിക ഏജൻസികളിൽ നിന്നും, അതിനോടൊപ്പം മറ്റ് വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്തു നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിനൊരു വൻ ദുരന്തമായി മാറുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി യോഗത്തിൽ ചൂണ്ടിക്കാണിച്ചു.
ഗുരുതരമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതും ഇറുപ്പത്തിയയ്യായിരത്തോളം കുടുംബങ്ങളെ കുടിയിലൊഴിപ്പിക്കേണ്ടിയും വരുന്ന ഈ പദ്ധതി കേരളത്തിനു വലിയ ബാധ്യതയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്തെ നിലവിലുള്ള റെയിൽവേ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി വേഗത വർധിപ്പിക്കുന്നതിന് പകരം 65000 കോടി രൂപയുടെ തിരുവനന്തപുരം കാസർഗോഡ് അതിവേഗ റെയിൽപ്പാത നിർമിക്കുന്നതിന് പിന്നിൽ വൻ അഴിമതിയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി യോഗത്തിൽ ആരോപിച്ചു.

സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവുമായി ചേർന്ന് റെയിൽവേയുടെ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ആധുനികവൽക്കരിച്ചു നിലവിലുള്ള റെയിൽവേ യാത്രാസംവിധാനങ്ങൾ മെച്ചപ്പെടുത്താമെന്നിരിക്കെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് സംസ്ഥാനസർക്കാർ മുന്നോട്ടുപോകുന്നത് ദുരൂഹതയുണർത്തുന്നുവെന്നും എം പി ചൂണ്ടിക്കാണിച്ചു .

മോദി സർക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും സെൻട്രൽ വിസ്ത പദ്ധതിയെയും പാർലമെന്റിലും തെരുവിലും സമരവേദികളിലും ഘോരഘോരം എതിർക്കുകയും ആറന്മുള വിമാനത്താവള പദ്ധതിയെ പാരിസ്ഥിതിക പ്രശ്നനത്തിന്റെയും, തണ്ണീർത്തടപദ്ധതിയുടെയും പേരിൽ അട്ടിമറിക്കുകയും ചെയ്ത ഇടതുമുന്നണി ഗവണ്മെന്റ് , വൻ പാരിസ്ഥിതിക ദുരന്തമാകാൻ പോകുന്ന സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് എം പി ചോദിച്ചു. ഈ വിഷയത്തിൽ ഇടതുപക്ഷ എം പി മാരുടെ നിലപാട് ഇരട്ടത്താപ്പാണെന്നു കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.

തിരുവനന്തപുരം കാസർഗോഡ് അതിവേഗ റെയിൽപ്പാത നടപ്പാക്കുന്നതുമായിട്ട് തുടക്കം മുതൽ ഉള്ള പ്രവർത്തനങ്ങളിൽ ദുരൂഹത നിറഞ്ഞുനിൽക്കുന്നുവെന്നു കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു. എം പി മാർ അറിയാതെ റെയിൽവേ മന്ത്രാലയവുമായും , ധന മന്ത്രാലയവുമായും, പ്ലാനിങ് കമ്മീഷനുമായും സംസ്ഥാന ഗവണ്മെന്റിന്റെ പ്രതിനിധികൾ ചർച്ച നടത്തി, വിവിധ സാമ്പത്തിക ഏജന്സികളുമായും ചർച്ച നടത്തിയും മുന്നോട്ടുപോകുമ്പോൾ കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ളവർക്ക് പദ്ധതിയുടെ വിശദാംശങ്ങൾ നൽകാതെ മുന്നോട്ടുപോകുന്നത് സംശയാസ്പദമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.

നിരവധി ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടേയും പള്ളികളുടേയും സമീപത്തുകൂടിയായി, അവയുടെ നിലനിൽപ്പിനു ഭീഷണിയായി കടന്നുപോകുന്ന സിൽവർ ലൈൻ പാതയുടെ വിശദ വിവരങ്ങള്‍ ജനപ്രതിനിധികളുമായിപ്പോലും ആലോചിക്കാതെ നടപ്പാക്കുന്നത് ജനങ്ങളില്‍ ഭീതിയും ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്. നിർദിഷ്ട സിൽവർ ലൈൻ പാത നിർമ്മാണത്തിനെതിരെയും ഈ പാത കടന്നു പോകുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടു വന്നിരിക്കുകയാണ് എന്നും എം പി ചൂണ്ടിക്കാട്ടി.

ജനരോഷവും പരിഥിതിക ആഘാതവും ജനങ്ങളുടെ നിലനിൽപ്പിനു പോലും ഭീഷണിയാകുന്ന സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിൽനിന്നും ഉടനടി പിന്മാറണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി യോഗത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കാസർഗോഡ് അതിവേഗ റെയിൽപ്പാത പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കുമെന്നും, ഇത് കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്നും , ഇതിനെ എതിർക്കുന്നവർ കേരളത്തിന്റെ താല്പര്യങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കൊടിക്കുന്നിൽ സുരേഷ് എം പിയും തമ്മിൽ ഓൺലൈൻ യോഗത്തിൽ വാക്കുതർക്കമുണ്ടാകുകയും, മുഖ്യമന്ത്രിയുടെ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ മറുപടിയിൽ പ്രതിഷേധിച്ച്‌ കൊടിക്കുന്നിൽസുരേഷ് എം പി ഓൺലൈൻ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

Related posts

Leave a Comment