തിരുവല്ലയിലെ ന​ഗ്ന ചിത്രങ്ങൾ: ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കും, ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കും

തിരുവല്ല: സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സിപിഎം നടപടി തുടങ്ങി. പ്രധാന പ്രതിയും കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ഇയാളെ സംരക്ഷിക്കാനാണു പാർട്ടി തീരുമാനം. എന്നാൽ, രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ.


ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്നായിരുന്നു യുവതി പാർട്ടിക്കു നൽകിയ പരാതി. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികൾ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ തന്നെ സ്വഭാവഹത്യ ചെയ്യുന്നു എന്നു പറഞ്ഞ് അവർ തിരുവല്ല പൊലീസിൽ പരാതി നൽകിയതോടെയാണ് പാർട്ടി ഉണർന്നത്. സജിമോൻ, നാസർ എന്നിവരുൾപ്പെടെ 12 പേർക്കെതിരെയാണ് പൊലീസ് കേസ്. ഇതിൽ പത്ത് പേർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.

Related posts

Leave a Comment