മുപ്പത്തിയൊമ്ബത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല, പ്രളയ ദുരന്തത്തിൽ നാട് പ്രയാസപ്പെടുമ്പോൾ സർക്കാരിന്റെ അവാർഡ് ; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ നാട് പ്രയാസപ്പെടുമ്പോൾ സർക്കാർ പുതിയ പുരസ്‌കാര തീരുമാനം എടുത്തതിനെ വിമർശിച്ച്‌ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചെറിയ കുട്ടികൾ ഉൾപ്പെടെ മരിച്ചുകിടക്കുന്ന രംഗം മനസിൽ നിന്ന് മാഞ്ഞിട്ടില്ല. സഹായം കാത്ത് വലിയൊരു വിഭാഗം ജനങ്ങൾ ഇരിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ, ദുരന്തകാലത്ത് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നു എന്ന് പറയുന്നവർക്ക് ഓരോ പുരസ്‌കാരം നൽകാമെന്നും പരിഹസിച്ചു. വളരെ കടുത്ത ഭാഷയിലാണ് രാഹുലിന്റെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മുപ്പത്തിയൊമ്ബത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല,

പിഞ്ചുകുഞ്ഞുങ്ങൾ മണ്ണിനടിയിൽ പരസ്പരം കെട്ടിപ്പുണർന്ന് കിടന്ന കാഴ്ച്ച കണ്ണിൽ നിന്നും മാറിയിട്ടില്ല,

ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം മുഴുവൻ നഷ്ടമായവരുടെ ആർത്ത് വിളിച്ച കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ട്..

അപ്പോഴാണ് കേരള രാജാവിന്റെ ‘കേരള ജ്യോതിയും, കേരള പ്രഭയും, കേരള ശ്രീയും’ പുരസ്‌കാരങ്ങൾ.

ദുരന്തകാലത്ത് പ്രതിപക്ഷം വിമർശിക്കുന്നേയെന്ന് വിലപിച്ച്‌ കാവ്യമെഴുതുന്ന ഇടത് ജീവികൾക്കെല്ലാം ഒരോ പുരസ്‌കാരം കൊടുക്കാം…

ചോര കണ്ട് അറപ്പ് മാറിയ ഒരു ഭരണാധികാരിക്കും പൗരന്റെ ജീവന്റെ വിലയറിയണമെന്നില്ല. രണ്ട് ചങ്ക് പോയിട്ട് ആർദ്രതയുള്ള ചങ്കിന്റെ അംശമെങ്കിലുമുണ്ടോയെന്ന് ഒരു പരിശോധന നടത്തുക…

എന്നിട്ട് സ്വയം ‘ഔചിത്യ ശ്രീ, ഉളുപ്പ് പ്രഭ, മനസാക്ഷി ജ്യോതി’ പുരസ്‌കാരത്തിന് അപേക്ഷി..

അവാർഡ് മോഹികളുടെ വാഴ്ത്തലുകൾ തുടരുക, ‘ദീപസ്തംഭം മഹാശ്ചര്യം’

Related posts

Leave a Comment