കേരളത്തിൽ മൂന്നാം തരംഗം? അവലോകന യോഗത്തിൽ ആശയക്കുഴപ്പം ; കടുത്ത നിയന്ത്രണങ്ങൾ വരുന്നു

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മൂന്നാം തരംഗം എത്തിയോയെന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ആശയക്കുഴപ്പം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യം കൂടുതൽ പഠിക്കേണ്ടതാണെന്ന അഭിപ്രായമാണ് കോവിഡ് അവലോകന യോഗത്തിൽ ഉയർന്നത്. ഇന്നലെ 17,518 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് 13.63. കഴിഞ്ഞ മൂന്നുദിവസങ്ങളിലെ ശരാശരി ടിപിആർ 12.1 ശതമാനമാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ (17 ശതമാനം).
മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിൽ കാര്യമായ കുറവുണ്ടായിട്ടും കേരളത്തിൽ അസാധാരണ സാഹചര്യം നിലനിൽക്കുന്നോയെന്ന സംശയമാണ് ആരോഗ്യവിദഗ്ധർ പ്രകടിപ്പിക്കുന്നത്. ഇതേക്കുറിച്ച് പഠനം നടത്തണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നുമാണ് സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വര്‍ധനവുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാംതരംഗമാണോ എന്ന് പറയാനാവില്ല. കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. നേരത്തെയുള്ള ഡെല്‍റ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ഗൗരവമായിട്ട് തന്നെ കാണേണ്ടതുണ്ട്. നല്ല രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുപോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരടക്കം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതു തുടരാനാണ് തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടങ്ങളില്‍ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്ര കൺടെയ്ൻമെന്റ് സോണ്‍ നടപ്പാക്കും.
അതേസമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. എങ്കിലും സമൂഹ ജാഗ്രത പാലിക്കണം. ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടില്‍ തന്നെ തുടരാന്‍ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അതിവേഗം വാക്സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് ശ്രമിക്കുന്നത്. ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആള്‍കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment