മോദി പറയുന്നത് പറങ്കികളുടെയും പരന്ത്രീസുകളുടെയും ഭാഷ

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

പാർലമെന്റിനെ ഇരുട്ടിൽ നിർത്തി പാസാക്കിയ മൂന്നു കാർഷിക ‌കരിനിയമങ്ങളും പിൻവലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നിരുപാധികം മാപ്പ് പറഞ്ഞിട്ടും രാജ്യത്തെ കർഷകരുടെ രോഷം അടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ലക്നൗവിലെ എക്കോ ​ഗാർഡൻ പാർക്കിൽ നടന്ന മഹാപഞ്ചായത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ മോദിക്കു കർശനമായ താക്കീത് നൽകി- “നിങ്ങൾ വാക്കുകളിൽ മധുരം നിറച്ച് മാപ്പ് പറഞ്ഞതു കൊണ്ടു സമരം ഉപേക്ഷിച്ചു മടങ്ങാൻ ഞങ്ങൾക്കു പറ്റില്ല. ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അം​ഗീകരിക്കണം. ഉത്പന്നങ്ങൾക്കു മിനിമം താങ്ങുവില സംബന്ധിച്ച് നയപരമായ തീരുമാനം വേണം. കരിനിയമങ്ങൾ പിൻവലിച്ചെന്നു മോദി പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്.  നിയമങ്ങൾ പിൻവലിച്ചു കൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കണം. അതുവരെ ഞങ്ങൾ വീടുകളിലേക്കു മടങ്ങില്ല.”

ബികെയു വക്താവ് രാകേഷ് തികായത്ത് കുറച്ചുകൂടി കടുപ്പിച്ചു പറഞ്ഞു, “തേനും പാലുമൊഴുകുന്ന ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചത്. പക്ഷേ, ഈ വാക്കുകൾക്ക് ആത്മാർഥതയില്ല. അതു വിശ്വസിക്കാനാവില്ല. കാരണം നിങ്ങൾ കള്ളം പറയുന്നയാളാണ്. രാജ്യത്തെ പൊതുമുതലെല്ലാം വിറ്റുതുലച്ച, വിറ്റഴിക്കുന്ന മോദി സർക്കാർ കർഷകരെ മുഴുവൻ ഒരു സ്വകാര്യ ചന്തയിൽ വിൽക്കാനാണു ശ്രമിച്ചത്.  അത് അനുവദിക്കാനാവില്ലെന്ന സഹന സമരമാണു ആദ്യഘട്ടത്തിൽ സഫലമായത്. നിയമം പിൻവലിച്ചെന്നു മോദി പറഞ്ഞാൽപ്പോരാ, പാർലമെന്റിൽ അത് തെളിയിക്കണം.” തികായത്ത് ആവശ്യപ്പെട്ടു.

കാർഷികോത്പന്നങ്ങൾക്കു മിനിമം സപ്പോർട്ടിം​ഗ് പ്രൈസ് (എംഎസ്പി) നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഉത്പാദനത്തിന് ആനുപാതികമായി വേണം താങ്ങുവില നിശ്ചയിക്കേണ്ടത്. അതിനു കമ്മിഷനെ വച്ചു എന്നു മോദി പറയുന്നു. എന്നാൽ ഇതു പച്ചക്കളവാണെന്ന് തികായത്ത്. എന്നു തന്നെയുമല്ല, പുതിയ കമ്മിഷനെ നിയോ​ഗിച്ച് സർക്കാരിന്റെ പണവും കർഷകരുടെ സമയവും നഷ്ടപ്പെടുത്തേണ്ടെന്നും തികായത്ത് പ്രധാനമന്ത്രിയെ ഓർമിപ്പിക്കുന്നു.

  • മോദിയുടെ റിപ്പോർട്ട് മോദി തന്നെ തള്ളി

  2011ൽ മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം മുഖ്യമന്ത്രിമാർ കാർഷിക മേഖലയിൽ നടപ്പാക്കേണ്ട ചില പ്രധാനപ്പെട്ട നിർദേശങ്ങളടങ്ങിയ ഒരു റിപ്പോർട്ട് അന്നത്തെ കോൺ​ഗ്രസ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനു സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പരമാർശിച്ചിരുന്ന പല ആവശ്യങ്ങളും അം​ഗീകരിക്കാൻ അന്നത്തെ സർക്കാർ തയാറായി. ബാക്കി ശുപാർശകൾ പരി​ഗണിക്കുന്നതിനിടെയാണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നത്. അധികാരമേറ്റ് ആറു വർഷമായിട്ടും ഈ റിപ്പോർട്ടിന് എന്തുപറ്റിയെന്നു രാജേഷ് തികായത്ത് ചോദിക്കുന്നു.  പിഎംഓ ഓഫീസിലെ ഏതോ പൊടിപിടിച്ച ഫയൽക്കൂമ്പാരത്തിലെവിടെയോ തഴയപ്പെട്ടുകിടക്കുകയാണ്. അതൊന്നു പൊടുതട്ടിയെടുക്കാമോ? കുറഞ്ഞപക്ഷം സ്വന്തം റിപ്പോർട്ട് എങ്കിലും നടപ്പാക്കാനുള്ള ആർജവം പ്രധാനമന്ത്രി കാണിക്കണം. അല്ലാതെ ചക്കരവർത്തമാനം പറഞ്ഞിട്ടു കാര്യമില്ല. കർഷകരുടെ മഹാപഞ്ചായത്ത് ഏകകണ്ഠമായി ആവശ്യപ്പെട്ടതതാണ്.

ഭാരതീയ കിസാൻ യൂണിയൻ ഒരു സ്വതന്ത്ര കർഷക സംഘടനയാണ്. അതിന്  ആരോടും രാഷ്‌ട്രീയവിധേയത്വം കാണിക്കേണ്ട കാര്യമില്ല. ‌തന്നെയുമല്ല, ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിനു നേതൃത്വം നൽകിയതും ബികെയു ആണ്. അതുകൊണ്ട് ഇക്കാര്യത്തിൽ അവർ പറയുന്നതിനു വലിയ വിലയുണ്ട്. തികായത്ത് പറയുന്ന റിപ്പോർട്ടിന്മേൽ അന്നത്തെ യുപിഎ സർക്കാർ വളരെ വേ​ഗത്തിൽ തീരുമാനമെടുത്തിരുന്നു. ഭരണം മാറിയപ്പോൾ റിപ്പോർട്ടും പരണത്തായിപ്പോയി. എന്നിട്ടാണു വാക്കുകളിൽ മധുരം പുരട്ടി, നരേന്ദ്ര മോദി പ്രവർത്തനങ്ങൾ കൈപ്പേറിയതാക്കുന്നത്. അതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും തികായത്ത് പറയുന്നു.

പണ്ട് പറങ്കികളും പരന്ത്രീസുകാരും സൂര്യനസ്തിമിക്കാത്ത സാമ്രാജ്യ ശക്തികളുമൊക്കെ ഇവിടെ കടുന്നവന്ന് അധികാരം സ്ഥാപിച്ചത് ഇതുപൊലെ തേനും പാലും ഒഴുക്കാമെന്നു പറഞ്ഞായിരുന്നു. ഒടുവിൽ ഇന്ത്യക്കാരുടെ മാനത്തിനും ജീവനും ജീവിതത്തിനും വില പറഞ്ഞു തുടങ്ങിയപ്പോൾ ആയുധധാരികളായ വിദേശികൾക്കു മുന്നിൽ നിരായുധരായി അണി‌നിരന്നു നിന്നു പോരാടിയ ചരിത്രമുണ്ട് ഭാരതം എന്ന ത്രക്ഷ്യരിക്ക്. പാന്റും സ്യൂട്ടും ടൈയും ബൂട്സുമൊക്കെ കെട്ടിവന്ന സായിപ്പിന്റെ മുന്നിൽ അർധ ന​​ഗ്നനായ ഒരു ഫക്കീർ കടന്നുചെന്ന് വെല്ലുവിളിച്ചിട്ടുണ്ട്. അവരുടെ പട്ടിന്റെയും മേനിപുഷ്ടിയുടെയും മുന്നിൽ ഉണ്ണാവ്രതത്തിന്റെ ഘട്​ഗം വീശി ആട്ടിയോടിച്ച ചരിത്രവുമുണ്ട്, നാനാത്വത്തിൽ ഏകത്വം കൈവരിച്ചിട്ടുള്ള ഈ പുണ്യഭൂമിക്ക്. അതേ പോരാട്ടവീര്യവും സഹന സഹിഷ്ണുതയുമൊക്കെത്തന്നെയാണ് ഇന്നും ഇന്ത്യയുടെ കരുത്ത്. അവർക്കു മുന്നിൽ എല്ലാ കാലത്തും കള്ളം പറഞ്ഞും കള്ളത്തരങ്ങൾ കാണിച്ചും പിടിച്ചുനിൽക്കാനാവില്ല, നരേന്ദ്ര മോദിക്കും കൂട്ടർക്കും. അതുകൊണ്ടാണ്, ഒരിക്കലും പിൻവലിക്കില്ലെന്നു പറഞ്ഞു ചുട്ടെടുത്ത കരിനിയമങ്ങൾ അപ്പാടെ പിൻവലിച്ചു പ്രധാനമന്ത്രിക്കു രാജ്യത്തോടു മാപ്പിരക്കേണ്ടി വന്നത്.

  • പറഞ്ഞത് അച്ഛേ ദിൻ, തന്നത് ബുരേ ദിൻ

പറഞ്ഞതൊക്കെ വിഴുങ്ങാനുള്ള വല്ലാത്തൊരു കഴിവുണ്ട്, നരേന്ദ്ര ദാമോദർദാസ് മോദിയെന്ന നമ്മുടെ പ്രധാനമന്ത്രിക്ക്. ‘അച്ഛേ ദിൻ ആയേ​ഗാ’ എന്നു പറഞ്ഞു ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്നയാളാണു ‌മോദി. എന്നിട്ട് ഇന്നോളം തന്നതെല്ലാം ‘ബുരേ ദിൻ’ മാത്രം. അതു തങ്ങളോടു വേണ്ടെന്ന ഉറച്ച സന്ദേശമാണ് രാജ്യത്തിന്റെ അന്നദാതാക്കളായ കൃഷിക്കാർ തന്നതും തന്നുകൊണ്ടിരിക്കുന്നതും. കഴിഞ്ഞ അഞ്ചു വ‌ർഷത്തിനുള്ളിൽ കർഷകർക്കു സംഭവിച്ചത്ര നഷ്ടം മറ്റൊരു മേഖലയിലും സംഭവിച്ചില്ല. കോവിഡ് പ്രതിസന്ധിമൂലം കൃഷിയിറക്കാൻ പോലും കഴിയാതെ പോയ കർഷകർക്ക് ആവശ്യമായ വിത്തും വളവും  എത്തിക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ല. സബ്സിഡി എടുത്തു കളഞ്ഞ് രാസവളങ്ങളുടെയെല്ലാം വില പല മടങ്ങ് ഉയർത്തിയെന്നു മാത്രമല്ല, യൂറിയ അടക്കമുള്ള പ്രധാന വളത്തിന്റെ ഉത്പാദനം കുറച്ച്  വളക്ഷാമം രൂക്ഷമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് വളത്തിനു കേരളത്തിലടക്കം കർഷകർ നേരിടുന്നത്.

ഒരു കിലോ​ഗ്രാമിന് അഞ്ചു രൂപ പോലും കിട്ടാതെ ടൺ കണക്കിനു തക്കാളിയാണ് ഈ വർഷം കർഷകർ റോഡിൽ തള്ളി പ്രതിഷേധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും വിളവെടുപ്പിനു പോലും നിൽക്കാതെ കർഷകർ കൃഷി ഉപേക്ഷിച്ചു മടങ്ങി. മഹാരാഷ്‌ട്രയിലടക്കം സവാളയ്ക്കു വില കിട്ടാതെ കൂട്ടിയിട്ടു നശിപ്പിച്ചു.  ഇരുപത്തഞ്ചു രൂപ വരെ വിലയുണ്ടായിരുന്ന കപ്പ (മരച്ചീനി)യ്ക്ക് അഞ്ചു രൂപയ്ക്കു പോലും വാങ്ങാനാളില്ലാതെ കേരളത്തിൽ കെട്ടിക്കിടന്നു നശിച്ചതും മോദിയുടെ കാർഷിക നിയമങ്ങൾ നിലനിന്നപ്പോഴാണ്. അഞ്ചു വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട്, മുഴുവൻ കൃഷിക്കാരെയും കടക്കെണിയിലാക്കി. കർഷക ആത്മഹത്യ പെരുകി. അതിനു പുറമേ, കർഷകർ നടത്തിയ സഹന സമരത്തിൽ പങ്കെടുത്ത് 750 ൽപ്പരം കർഷകർ രക്തസാക്ഷികളായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായ ആകെ കർഷക മരണങ്ങളിൽ പകുതിയും നരേന്ദ്ര മോദി ഭരിച്ച ആറു വർഷങ്ങളിലായിരുന്നു.

  • ‘ജയ് ജവാൻ‌, ജയ് കിസാൻ’

സ്വാതന്ത്ര്യാനന്തര കാലം മുതൽ രാജ്യരക്ഷപോലെ പ്രധാനമാണു കൃഷി എന്നു വിശ്വസിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സർക്കാരുകൾക്കാണ് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നേതൃത്വം നൽകിയത്. ‘ജയ് ജവാൻ‌, ജയ് കിസാൻ’ എന്നായിരുന്നു അക്കാലത്തെ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം തന്നെ. അതെല്ലാം അട്ടിമറിച്ച് താനാണ് കൃഷിക്കാരന്റെ രക്ഷകനെന്നു മോടി പറയാൻ മോദിയെ രാജ്യത്തെ കർഷകർ അനുവദിക്കില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് കരിനിയമങ്ങൾ പിൻ‌വലിച്ചു കൃഷിക്കാരോട് പ്രധാനമന്ത്രി മാപ്പിരന്നത്. മോദി പറയുന്ന വീൺവീക്ക് കേട്ട് സമരം അവസാനിപ്പിക്കില്ലെന്നും തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമാവാതെ പിരിഞ്ഞുപോകില്ലെന്നുമുള്ള കർഷക വെല്ലുവിളി, വിദേശ ശക്തികൾക്കു മുന്നിൽ വീറോടെ സ്വന്തം എല്ലിൻകൂട് കാണിച്ചുകൊണ്ടു വെല്ലുവിളിച്ച ഒരു മഹാത്മാവിന്റെ പുനരാവിഷ്കാരമാണ് ഓർിമിപ്പിക്കുന്നത്.  

Related posts

Leave a Comment