ഇതാണ് ആന്റണി പറഞ്ഞ സർവനാശം

മൂന്നാം കണ്ണ്

സി. പി. രാജശേഖരൻ

2021 മാർച്ച് 24.

ഏകദേശം ഒരു വർഷത്തിനു ശേഷം ആദ്യമായി തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിൽ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗവും മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന എ.കെ. ആന്റണി വാർത്താ സമ്മേളനം നടത്തി പറഞ്ഞു,

“വളരെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് വരുന്നത്. കേരള ജനത വളരെ കരുതലോടെ പ്രവർത്തിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ ഇപ്പോഴുണ്ടായിരിക്കുന്ന ലാളിത്യം താൽക്കാലികമാണ്. പാലം കടക്കാനുള്ള സൂത്രപ്പണിയാണത്. അതുകഴിഞ്ഞാൽ ഇതൊക്കെ മാറും. രണ്ടാമതൊരിക്കൽ കൂടി അദ്ദേഹം അധികാരത്തിലെത്തിയാൽ കേരളത്തിന്റെ സർവനാശമായിരിക്കും ഫലം. പ്രതിപക്ഷത്തുള്ളവർക്കു മാത്രമല്ല, സിപിഎമ്മിലെ നേതാക്കൾക്കു പോലും രക്ഷയുണ്ടാവില്ല.”

എ.കെ. ആന്റണി

 അന്ന് ആന്റണി ഇത്രയും കടുപ്പിച്ചു പറഞ്ഞപ്പോൾ പിണറായി വിജയന്റെ ശക്തനായ രാഷ്‌ട്രീയ എതിരാളിയുടെ വിമർശനമാണെന്നു കരുതിയവരാണേറെ. എന്നാലിപ്പോൾ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അം​ഗവും മുതിർന്ന നേതാവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി പോലും തുറന്നു പറയുന്നു, “പാർട്ടിക്കു മുന്നിൽ ഞാൻ തോറ്റുപോയി. എനിക്ക് ഒന്നും ചെയ്യാനായില്ല..” തലസ്ഥാനത്തെ സിപിഎം നേതാക്കളോടു പൊതുവിലും വനിതാ നേതാക്കളോടു പ്രത്യേകിച്ചും ശ്രീമതി ചോദിക്കുന്ന മറ്റൊരു നീറുന്ന ചോദ്യം കൂടിയുണ്ട്,

“ നിങ്ങളൊക്കെ ഏതു ലോകത്താണു ജീവിക്കുന്നത്?”

പി.കെ. ശ്രീമതി

സിപിഎം പോളിറ്റ് ബ്യൂറോ അം​ഗവും പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പത്നിയുമായ വൃന്ദ കാരാട്ട് ഉന്നയിച്ച ഒരു പരാതിയിൽ ഇടപെട്ടപ്പോഴുണ്ടായ ദുരവസ്ഥയെക്കുറിച്ചാണു ശ്രീമതിയുടെ രോഷപ്രകടനം. വൃന്ദ കാരാട്ടിനും പി.കെ. ശ്രീമതിക്കുമൊക്കെ പാർട്ടിയിൽ സംഭവിച്ച ഈ ദുരന്തങ്ങളെക്കുറിച്ചാണ് ആന്റണി വളരെ മുൻകൂട്ടി പ്രവചിച്ചത്. അന്നദ്ദേഹത്തെ തള്ളിപ്പറഞ്ഞ സിപിഎം നേതാക്കൾ ഇപ്പോൾ തുറന്നു സമ്മതിക്കുന്നു, പിണറായി സർക്കാരിൽ സ്വന്തം പാർട്ടിയിലെ നേതാക്കൾക്കു പോലും ഒരു സ്വാധീനവുമില്ല. പിണറായിയുടെയും ശിങ്കിടികളായ ചിലരുടെയും വരുതിയിലാണ് പാർട്ടിയും ഭരണവും. സിപിഎം എന്ന പൊതു കൂട്ടായ്മയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടമായിരിക്കുന്നു.

പാർട്ടിക്ക് അനഭിമതരായവരെ എണ്ണം പറഞ്ഞ് വെട്ടി കൊലപ്പെടുത്തിയതാണ് സിപിഎം സമീപകാലത്ത് ചെയ്തു കൂട്ടിയ മഹാപാതകങ്ങളിൽ പ്രധാനം. എന്നാലിപ്പോൾ ഒരമ്മ നൊന്തുപെറ്റ കുഞ്ഞിനെ അവളിൽ നിന്നടർത്തി മാറ്റി മറ്റൊരാൾക്കു നൽകുകയും പെറ്റമ്മയെപ്പോലും വഞ്ചിച്ചു പാർട്ടിയിലെ അസുരവിത്തുകളെ സംരക്ഷിക്കുകയുമാണു സിപിഎം നേതൃത്വവും ഭരണകൂടവും ഇപ്പോൾ ചെയ്യുന്നത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമ എസ് ചന്ദ്രൻ എന്ന യുവതി നേരിടുന്ന മാതൃത്വ വെല്ലുവിളിയും അതാണ്. കേരളത്തിന്റെ സമൂഹ മനഃസാക്ഷിയുടെ നെരിപ്പോടായി അതു മാറി.

 അനുപമ പാർട്ടിയുടെ വർ​ഗശത്രുവല്ല. ഒരിക്കൽ ഉറ്റമിത്രമായിരുന്നു.  എസ്എഫ്ഐയുടെ കരുത്തുറ്റ നേതാവ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി കോർപ്പറേഷനിലേക്ക്,  പേരൂർക്കടയിൽ നിന്നു മത്സരിക്കാൻ പാർട്ടി പരി​ഗണിച്ച സ്ഥാനാർഥികളിൽ ഒരാൾ. സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അം​ഗം ജയചന്ദ്രന്റെ മകൾ. ഡിവൈഎഫ്ഐ പേരൂർക്കട ഏരിയ കമ്മിറ്റി പ്രസിഡന്റ് അജിത് കുമാറിന്റെ ഭാര്യ. എന്നിട്ടും അവൾക്ക് പാർട്ടിയിൽ നിന്നു നീതി കിട്ടിയില്ല. സിപിഎമ്മിന്റെ സമുന്നത നേതാക്കളായ വൃന്ദ കാരാട്ടും പി.കെ. ശ്രീമതിയും നേരിട്ട് ഇടപെട്ടിട്ടും ഒരു പരി​ഗണനയും കിട്ടിയില്ല. അതാണു സിപിഎമ്മിന്റെ പുതിയ മുഖം. എ.കെ. ആന്റണി മുന്നറിയിപ്പ് നൽകിയ പിണറായി വിജന്റെ ഏകാധിപത്യ- ഫാഷിസത്തിന്റെ ദുർമുഖം.

സിപിഎമ്മിലെ സമീപകാല അപചയങ്ങളുടെയെല്ലാം നേർസാക്ഷ്യമാണ് തിരുവനന്തപുരത്തെ അനുപമ എസ് ചന്ദ്രന്റെ കേസ്. പാർട്ടി നേരിട്ടു നടത്തുന്ന അനാശാസ്യ നടപടികൾ, അനധികൃത ഇടപെടലുകൾ, പാർട്ടി സെൽഭരണ ഭീകരത, കുറ്റവാളികളെ സംരക്ഷിക്കൽ, നാടുകടത്തൽ തുടങ്ങി സർവനാശത്തിന്റെ സകല തൊങ്ങലുകളും ഈ കേസിൽ കാണാനാവും. ഇവിടെ ഒരു നിമിഷത്തേക്കെങ്കിലും അനുപമയെയും പ്രതിക്കൂട്ടിൽ നിർത്തേണ്ടതുണ്ട്. വിദ്യാർഥി-യുവജന നേതാവെന്ന നിലയിൽ മികച്ച മാതൃക കാട്ടേണ്ടിയിരുന്ന ആളാണ് അവർ. പക്ഷേ, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ അജിത്ത് കുമാർ എന്ന ഡിവൈഎഫ്ഐ നേതാവിനെ അവർ പ്രണയിച്ചു. അജിത്തിന്റെ ഭാര്യ നസിയയുടെ ദുഃഖം അവർ തിരിച്ചറിഞ്ഞില്ല.

 ഇവരുടെ പ്രണയം ഒരൊറ്റ രാത്രി കൊണ്ട് പൊട്ടിമുളച്ചതോ, പൂത്തുലഞ്ഞതോ അല്ല. അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളിലെ നിരവധി സുഹൃത്തുക്കൾക്ക് അറിവുണ്ടായിരിന്നതാണത്. പ്രണയിക്കുന്നതു കുറ്റമല്ലെങ്കിലും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഒരാളെ പ്രണയിച്ചു സ്വന്തമാക്കുമ്പോൾ, വഴിയാധാരമായിപ്പോകുന്ന മറ്റൊരു ജീവിതത്തെേക്കുറിച്ച് എസ്എഫ്ഐയിലെയും ഡിവൈഎഫ്ഐയിലെയും സഖാക്കൾ ആലോചിക്കണമായിരുന്നു. പക്ഷേ, അത്തരം സദാചാര മൂല്യങ്ങൾക്കൊന്നും ഈ സംഘടനകളിൽ ഇപ്പോൾ പ്രസക്തിയില്ല.

അജിത്തുമായുള്ള ബന്ധത്തിൽ കഴിഞ്ഞ ഒക്റ്റോബർ 19ന് ഒരു കുഞ്ഞ് പിറന്നു. പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട അജിത്തുമായുള്ള ബന്ധം കുടുംബത്തിന് അപമാനമാണെന്ന് സിപിഎം പ്രാദേശിക നേതാവായ അനുമപയുടെ അച്ഛൻ ജയചന്ദ്രനും അമ്മ സുനിത ജെയിംസും മനസിലാക്കി. അവർ മകളെ മടക്കിക്കൊണ്ടുവരാർ ആകാവുന്നത്ര ശ്രമിച്ചു. ഒടുവിൽ അനുപമയുടെ കുഞ്ഞിനെ സൂത്രത്തിൽ തട്ടിയെടുത്ത് ആന്ധ്രപ്രദേശ് സ്വദേശികളായ അധ്യാപക ദമ്പതികൾക്കു ദത്ത് നൽകി. അതിന് പാർട്ടിയുടെ സമുന്നത നേതൃത്വം അപ്പാടെ ജയചന്ദ്രന്റെ പക്ഷം നിന്നു. 

അനുപമയുടെ മാതൃത്വത്തെക്കാൾ വലുത് ജയചന്ദ്രന്റെ ദുരഭിമാനമാണെന്നു പാർട്ടി തീരുമാനിച്ചു. കാരണം ജയചന്ദ്രൻ പാർട്ടിക്കു വളരെ വേണ്ടപ്പെട്ടയാളാണ്.  അതാണിപ്പോൾ  ഏറ്റവും വലിയ വെല്ലുവിളിയായി സാംസ്കാരിക കേരളം ഏറ്റെടുത്തിരിക്കുന്നത്.

അനുപമയുടെ പ്രശ്നം സങ്കീർണമാകുന്നതു മറ്റു ചില കാരണങ്ങളാലാണ്. പ്രസവിച്ചു മൂന്നാം നാൾ മുതൽ സ്വന്തം കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഒരമ്മ പൊലീസിൽ പരാതി നൽകിയാൽ അതിന്മേൽ ഒരു നടപടിയും സ്വീകരിക്കാതെ അടയിരിക്കാൻ കേരള പോലീസിന് എങ്ങനെ കഴിഞ്ഞു? പരാതി കിട്ടിയില്ലെന്നു കളവ് പറഞ്ഞവരെയും പൂഴ്ത്തിവച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതല്ലേ? സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്നാഥ് ബഹറയ്ക്കും വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും ഈയമ്മ പരാതി നൽകിയിട്ടും ഒരു മറുപടി പോലും നൽകാൻ ചുമതലപ്പെട്ട ഭരണഘടനാ സമുന്നതർ തയാറാകാതിരുന്നതും പാർട്ടിക്കാരെ സംരക്ഷിക്കുക എന്ന കാട്ടുനീതി ഒന്നുകൊണ്ടു മാത്രം.

വൃന്ദ കാരാട്ട്

ഇതിനെക്കാളൊക്കെ പ്രധാനമായ മറ്റൊരു കാര്യം കൂടിയുണ്ട്. ആരാണ് പാർട്ടി? ആരു പറയുന്നതാവും പാർട്ടി കേൾക്കുക? കേന്ദ്ര കമ്മിറ്റി അം​ഗത്തിനും പോളിറ്റ് ബ്യൂറോ അം​ഗത്തിനും പോലും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിലാണു കേരളത്തിലെ സിപിഎം. അതാണു പി.കെ. ശ്രീമതി പാർട്ടിക്കു മുന്നിൽ താൻ തോറ്റുപോയെന്നു തുറന്നു പറയുന്നത്. കേരളത്തിൽ സിപിഎമ്മിന്റെ ഭരണതലത്തിലെ ഉന്നതമായ പദവിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദം. മുഖ്യമന്ത്രി എന്ന നിലയിൽ രാഷ്‌ട്രീയ കാര്യങ്ങളിൽ ഇടപെടാൻ പിണറായി വിജയനുള്ള പരിമിതികൾ മറികടക്കാൻ അദ്ദേഹം നിയോ​ഗിച്ചിരിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയാണ് പുത്തലത്ത് ദിനേശ്. പാർട്ടി നേതാക്കളുടെ പരാതികളും മറ്റ് ആവശ്യങ്ങളും മുഖ്യമന്ത്രിക്കു വേണ്ടി നടത്തിക്കൊടുക്കേണ്ടയാൾ. അയാൾക്കു മുന്നിലാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അനുപമയുടെ പരാതി പറഞ്ഞത്. ശ്രീമതിയെ അതിനു പ്രേരിപ്പിച്ചത് പിബി അം​ഗം വൃന്ദ കാരാട്ട്. എന്നിട്ടും ഈ കേസിൽ ദിനേശ് ഇടപെട്ടില്ല. അതായതു മുഖ്യമന്ത്രിയുടെ ഓഫീസിൽ മുതിർന്ന സിപിഎം നേതാക്കൾക്കു പോലും ഒരു പിടിപാടുമില്ലെന്നു വ്യക്തം.

പിണറായി വിജയൻ

  അവിടെ സ്വാധീനമുള്ളത് സ്വർണക്കടത്തുകാർക്കും ഡോളർ കടത്തുന്നവർക്കും കുട്ടികളെ കടത്തുന്നവർക്കും ഒക്കെയാണ്. അനുപമയുടെ കണ്ണീരിനെക്കാൾ പേരൂർക്കട ഏരിയാ കമ്മിറ്റിയുടെ കുട്ടിക്കച്ചവടത്തിനാണ് സിപിഎമ്മിനു കമ്പം. ഇത്തരം കമ്പക്കെട്ടിനു ചൂട്ടുപിടിക്കാനാണ് ഷിജു ഖാനെപ്പോലുള്ള ഏജന്റുമാരെ പാർട്ടി ഓരോ ജില്ലയിലും ശിശു ക്ഷേമ സമിതികളുടെ ഭരണ നിർവഹണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസുകളിൽ അനധികൃതമായി ഉത്പാദിപ്പിക്കപ്പെടുന്ന മനുഷ്യക്കുഞ്ഞുങ്ങളെ ഒളിച്ചു കടത്താനുള്ള കേന്ദ്രങ്ങളായി ശിശുക്ഷേമ സമിതികളുടെ ഓഫീസുകൾ അധഃപതിച്ചിരിക്കുന്നു. ഇതല്ലേ, കഴിഞ്ഞ മാർച്ചിൽ എ.കെ. ആന്റണി മുന്നറിയിപ്പ് നൽകിയ സർവനാശം?

ഗതി കെട്ടപ്പോൾ പരാതിയുമായി മാധ്യമങ്ങളെ സമീപിക്കാനുള്ള അനുപമയുടെ തീരുമാനമാണ് സിപിഎമ്മിന്റെ പുതിയ അപചയങ്ങളെക്കുറിച്ച് ലോകമറിയാൻ കാരണം. മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാൻ മന്ത്രിസഭയിൽപ്പോലും ചർച്ച ചെയ്യാതെ 2020ൽ  മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ ചെറുത്തു തോല്പിക്കാൻ കേരളീയ പൊതു സമൂഹത്തിനു കഴിഞ്ഞിരുന്നില്ലെങ്കിൽ സർവനാശത്തിന്റെ ഇത്തരം ഏടുകൾ പുറംലോകം അറിയുക പോലുമുണ്ടായിരുന്നില്ല.    

Related posts

Leave a Comment