വെള്ളാന‌കളെ പോറ്റാന്‍ കുടിയെടാ, കുടി!

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

ഖില കേരള മദ്യപാനികളെ സന്തോഷിപ്പിന്‍! നിങ്ങള്‍ക്കു രാപ്പാര്‍ക്കാന്‍ മുന്തിരിവള്ളികള്‍ തരാന്‍ കഴിഞ്ഞില്ലെങ്കിലും അതിനുള്ള സൗകര്യമൊരുക്കാന്‍ ഇതാ നമ്മുടെ ആനവണ്ടികള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നു. വരുവിന്‍, കയറുവിന്‍, ഡിപ്പോയിലെത്തി കുപ്പി വാങ്ങി, വന്ന വണ്ടിയില്‍ത്തന്നെ മടങ്ങുവിന്‍. കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്നു വേറാരും വിളിച്ചില്ലെങ്കിലും മദ്യപാനികള്‍ അങ്ങനെ നിര്‍ത്താതെ വിളിച്ചു കൊണ്ടേയിരിക്കും. കാരണം ഈ ലോകത്ത് വേറൊരു ഭൂപ്രദേശത്തും ഇങ്ങനെയൊരു സൗകര്യം ഒരു ഭരണാധികാരിയും അവര്‍ക്കുവേണ്ടി ചെയ്തു കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല.

 നഷ്ടത്തിലോടുന്ന ആനവണ്ടി കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ വന്‍ ല‌ാഭത്തിലോടുന്ന ബിവറെജസ് കോര്‍പ്പറേഷനെ ഏല്പിക്കാനുള്ള മാന്ത്രിക തീരുമാനമായിരിക്കും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും മുന്തിയ ഭരണ നേട്ടമായി ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. ലോകത്തേക്കും കൂടിയ അളവില്‍ മദ്യം അകത്താക്കുന്നവരെന്ന റെക്കോ‍ഡ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മലയാളികള്‍ക്കു നേടിത്തന്നതാണ് ഇതുവരെയുള്ള ചരിത്ര നേട്ടം. ഇന്ത്യയില്‍ ഒരാള്‍ ശരാശരി മൂന്ന് ലിറ്റര്‍ മദ്യം അകത്താക്കുമ്പോള്‍ കേരളത്തിലത് 8.48 ലിറ്ററാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമൊഴിയുമ്പേഴേക്കും ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യം. ഇതിനു വേണ്ടി ആദ്യം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ വഴിയും അല്പം കഴിഞ്ഞാല്‍ റേഷന്‍ കടകള്‍ വഴിയും മദ്യവിതരണം കൂടുതല്‍ കാര്യക്ഷമമാക്കും.

  • ലക്ഷ്യം കെഎസ്ആര്‍ടിസി അല്ല,

             കുടി കൂട്ടുക തന്നെ

2016 ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ കേരളത്തിലെ ആകെ ബാര്‍ ഹോട്ടലുകളുടെ എണ്ണം വെറും 29. ഇപ്പോഴത്തെ എണ്ണം 639. അതായത് 2203 ശതമാനത്തിന്‍റെ വര്‍ധന. പിണറായി ഭരണത്തില്‍ കേരളത്തില്‍ ഒരു വികസനവും നടന്നില്ലെന്ന് ഇനിയാരും പറയില്ല. കുറഞ്ഞപക്ഷം കുടിയന്മാരെങ്കിലും ഈ വികസനം അംഗീകരിച്ചുകൊടുക്കും. 2016ല്‍ ബിവറെജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും കൂടി ആകെ ഉണ്ടായിരുന്ന ഔട്ട്ലെറ്റുകള്‍ 270. ഇന്നത് 309. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാര്‍ ഹോട്ടലുകള്‍ തുറക്കുക മാത്രമാണു തങ്ങള്‍ ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലടക്കം ആവര്‍‌ത്തിക്കുന്നത്. എന്നാല്‍ യുഡിഎഫ് അടച്ചുപൂട്ടിയത് 324 ബാറുകളാണ്. കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് പിണറായി സര്‍ക്കാരുകള്‍ അനുവദിച്ചത് 300ലധികം പുതിയ ബാറുകള്‍. അതോടെയാണു സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 639 ആയി ഉയര്‍ന്നത്.

 അതായത് ബെവ്കോ ഔട്ട്ലെറ്റുകളടക്കം, സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം ഇരട്ടിയോളമാക്കിയ സര്‍ക്കാരാണ് വീണ്ടും ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ അണിയറയില്‍ ശ്രമിക്കുന്നത്. ഇതു കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എന്നു പറയുന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. സര്‍ക്കാരിന്‍റെ ലക്ഷ്യം കെഎസ്ആര്‍ടിസിയല്ല, ജനങ്ങളുടെ കുടി കൂട്ടുക തന്നെയാണ്. അതെന്തിന്, എങ്ങനെ?

  • നാലായിരം കോടിയുടെ കടം വീട്ടാന്‍

28 ബസ് ഡിപ്പോകള്‍!

ഒന്നാം പ്രളയം കഴിഞ്ഞു കട്ടപ്പുറത്തായ കെഎസ്ആര്‍ടിസിയെ നിരത്തിലിറക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടപ്പോള്‍, 2019 ഡിസംബര്‍ 18ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടതുമുന്നണി നേതൃത്വത്തിന് ഒരു കത്ത് നല്‍കി. കോര്‍പ്പറേഷന്‍റെ ബാങ്ക് ബാധ്യത 3,430.56 കോടി രൂപയായെന്നായിരുന്നു പരാതി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഒരിഞ്ചു മുന്നോട്ടു പോകില്ല. പെന്‍ഷന്‍ കിട്ടാതെ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നു. സര്‍വീസിലുള്ളവര്‍ ആകെ ബുദ്ധിമുട്ടുന്നു എന്നൊക്കെ പറഞ്ഞ് ശശീന്ദ്രന്‍ കത്തില്‍ വാചാലനായി. ഒടുവില്‍ ഇടത്തന്മാരെല്ലാം കൂടിയിരുന്നാലോ‌ചിച്ച് ഒരു തീരുമാനമെടുത്തു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും ഫിക്സഡ് ഡെപ്പോസിറ്റ് എടുത്ത് തല്‍ക്കാലം ജീവനക്കാര്‍ക്കു പെന്‍ഷന്‍ കൊടുക്കുക. കോര്‍പ്പറേഷന്‍ പുനഃസംഘടനയിലൂടെ അധിക വരുമാനം കണ്ടെത്തി കോര്‍പ്പറേറ്റ് ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാമെന്നായിരുന്നു ഉറപ്പ്. പക്ഷേ, സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു കടമെടുത്ത തുകയില്‍ ചില്ലിപ്പൈസ ഇതുവരെ തിരിച്ചടച്ചിട്ടില്ല. എന്നെങ്കിലും തിരികെ കിട്ടുമെന്ന കാര്യത്തില്‍ ബാങ്കുകള്‍ക്കും പ്രതീക്ഷയില്ല.

2019 ലും മഹാപ്രളയം ആവര്‍ത്തിച്ചു. പിന്നാലെ വന്ന കോവിഡ് ഇപ്പോഴും വിടാതെ തുടരുന്നു. പ്രതിദിനം ഒരു കോടിയോളം രൂപയിലേക്കു വരെ വളര്‍ന്ന കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം കുറഞ്ഞുകുറഞ്ഞ് പൂജ്യത്തിലെത്തി. ഊര്‍ധ്വന്‍ വലിക്കുന്ന ആനവണ്ടി കോര്‍പ്പറേഷനെ ആരു രക്ഷിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബിവറെജസ് കോര്‍പ്പറേഷന്‍. പക്ഷേ, അതു നാട്ടുകാരെ പറ്റിക്കാനുള്ള പുതിയ അടവല്ലാതെ വേറെന്താണ്?

നിലവിലെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിക്ക് നാലായിരം കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ട്. ശമ്പളം ഇനത്തില്‍ 88 കോടിയും പെന്‍ഷന് 119 കോടിയും വേണം. പ്രതിമാസം 27 കോടി രൂപ ബാങ്കുകള്‍ക്കു തിരിച്ചടയ്ക്കണം. ഇതില്‍ ഒന്നിനു പോലുമുള്ള വരുമാനം ഇപ്പോള്‍ ആനവണ്ടിക്കില്ല. എന്നാല്‍ ഈ ബാധ്യതകള്‍ തീര്‍ക്കാനാണെന്നു പറഞ്ഞ് കോര്‍പ്പറേഷന്‍ വാടകയ്ക്കു നല്‍കാന്‍ കഴിയുക കൈവശമുള്ള 28 ഡിപ്പോകള്‍ മാത്രമാണ്. 45 സബ് ഡിപ്പോകളും 19 ഓപ്പറേഷന്‍ സെന്‍ററുകളും കൂടി കോര്‍പ്പറേഷന്‍റെ പക്കലുണ്ടെങ്കിലും അവിടങ്ങളില്‍ കള്ളുകച്ചവടത്തിനുള്ള സ്ഥലമില്ല. സ്ഥലസൗകര്യമുണ്ടെന്നു വകുപ്പ് മന്ത്രി പറയുന്ന 28 ഡിപ്പോകളിലും ബെവ്കോ ഔട്ട്ലെറ്റ് തുറന്നാല്‍ പരമാവധി 28 ലക്ഷം രൂപ വാടകയിനത്തില്‍ കിട്ടും. അതുകൊണ്ട്, കെഎസ്ആര്‍ടിസിയുടെ സഞ്ചിത ബാധ്യതയുടെ പലിശയുടെ ഒരംശം പോലും തിരിച്ചടയ്ക്കാന്‍ തികയില്ല. പിന്നെന്തിനാണ് കെഎസ്ആര്‍ടിയില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍? ഉത്തരം സിംപിള്‍! അധിക മദ്യവില്പനയിലൂടെ സര്‍ക്കാരിനു വരുമാനം കൂട്ടുക.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടു തലേ വര്‍ഷങ്ങളില്‍ ശരാശരി ഒന്‍പതിനായിരം കോടി രൂപയായിരുന്നു മദ്യക്കച്ചവടത്തിലൂടെ സര്‍ക്കാരിനു ലഭിച്ചത്. അവസാന വര്‍ഷത്തില്‍ ബാറുകളും ഔട്ട്ലെറ്റുകളും അടച്ചതോടെ ഈ വരവും ഏറെക്കുറെ നിലച്ചു. പിണറായി വിജയന്‍ അധികാരത്തില്‍വന്ന ആദ്യ വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ മദ്യനയം തുടര്‍ന്നു. എന്നാല്‍ 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയായപ്പോഴേക്കും സംസ്ഥാനത്ത് ബാറുകളുടെ എണ്ണം അറുനൂറിനോടടുത്തു. ഈ ‌രണ്ടു വര്‍ഷം കൊണ്ട് 35,587.98 കോടി രൂപയാണ് ബിവറെജസ് കോര്‍പ്പറേഷന്‍ മദ്യക്കച്ചവടത്തിലൂടെ ഈടാക്കിയത്.

ഒരു ലിറ്റര്‍ എക്സ്‌ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍ അറുപതു രൂപയ്ക്കു വാങ്ങി, അല്പം നിറവും ഫ്ളേവറും ചേര്‍ത്ത് പത്തിരട്ടി വിലയ്ക്ക് വിറ്റഴിക്കുന്നതാണ് കേരളത്തിലെ മദ്യക്കച്ചവടം. ഒരു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കേരളത്തിലിപ്പോള്‍ 244 ശതമാനമാണു നികുതി. ഇത്രയും വലിയ ലാഭവും നികുതിയും നല്‍കിയിട്ടാണ് കന്നുകാലികളെപ്പോലെ മദ്യപന്മാര്‍ പെരുമഴയത്തും പൊരിവെയിലത്തും ക്യൂ നില്‍ക്കുന്നത്. ഈ നെറികേടിനെയാണു കേരള ഹൈക്കോടതി തലങ്ങും വിലങ്ങും എടുത്തിട്ട് അലക്കിയത്. അതു മറികടക്കാനാണത്രേ, കെഎസ്ആര്‍ടിസിയിലെ മദ്യക്കച്ചവടം.

  • കോവിഡിന്‍റെ മറവിലും കൊടുംകൊള്ള

കോവിഡ് കാലത്ത് ഒരു കുപ്പി സാധാരണ ബ്രാന്‍ഡ് മദ്യത്തിന് നാല്പതു രൂപവരെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സെസ് ആയി ഈടാക്കുന്നുണ്ട്. അതില്‍ 35 രൂപയും സംസ്ഥാന സര്‍ക്കാരിന് കിട്ടും. നാലു രൂപ ഡിസ്ട്രിബ്യൂട്ടര്‍ക്ക്, ഒരു രൂപ ബിവറെജസ് കോര്‍പ്പറേഷന്. ഇതാണു ബാക്കി. കുടിയന്മാരെ കൂടുതല്‍ കുടിപ്പിക്കാന്‍ പിണറായി വിജയന്‍ കാണിക്കുന്ന കുടിലതന്ത്രത്തിനു പിന്നിലെ കാര്യമിതാണ്.

ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നു രണ്ടുതവണ ജനങ്ങളെ പറഞ്ഞു പറ്റിച്ചവരാണ് ഇപ്പോള്‍ നമ്മളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ബാറുകളുടെ എണ്ണം 29 ല്‍ നിന്ന് 639 ആയി ഉയര്‍ത്തിയതാണ് ആദ്യപാതകം. ഇതാണു കൂടുതല്‍ വ്യാപമാക്കാന്‍ നോക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ഇവയുടെ എണ്ണം ഇരട്ടിയാകും. ആനവണ്ടിയിലെ മദ്യകച്ചവടം വിജയിച്ചാല്‍ പിന്നെ റേഷന്‍ കടകളിലൂടെയാവും ബാക്കി കച്ചവടം. അവിടെ അരി കിട്ടിയില്ലെങ്കിലും ജവാന്‍ റം വേണ്ടുവോളം കിട്ടും. രണ്ടു ഫുള്ളിന് ഒരു കിറ്റ് ഫ്രീ എന്നൊരു പ്രചാരണ തന്ത്രം കൂടി പയറ്റിയാല്‍ സംഗതി ജോറാകും.    

Related posts

Leave a Comment