സ്വപ്നയും അനിതയും ചില അവതാര ലക്ഷ്യങ്ങളും

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

“എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും” എന്നതാണു നാട്ടുനടപ്പ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പൊലീസ് ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊലീസ് യോഗം കഴിഞ്ഞപ്പോള്‍ സേനയിലെ അസംതൃപ്തരുടെ മനോഗതം ഇതായിരുന്നു എന്നാണ് അശരീരി. അനഭിമതരുമായി അനാവശ്യ കൂട്ടുകെട്ട് വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. കളങ്കിത വ്യക്തിത്വങ്ങളെ കാണാന്‍ പോകുന്നതിനു മുന്‍പ് അവരെക്കുറിച്ചുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയോട് അനുഭാവമുള്ളവരും അടുപ്പമുള്ളവരും ഇക്കാര്യം തലകുലുക്കി സമ്മതിച്ചപ്പോള്‍, മുഖ്യമന്ത്രി തന്നെ ആദ്യം കളങ്കിതരെ അകറ്റി നിര്‍ത്തണമെന്നു കുശുകുശുക്കുകയും ചെയ്തു.

വെറും ഇരുനൂറ് രൂപയുടെ ബാങ്ക് നിക്ഷേപം കൈവശം വച്ച്, രണ്ടര ലക്ഷം കോടി രൂപയുടെ വാഗ്ദാനം നിരത്തി, കേരളത്തിലെ ഏതാനും ചിലരില്‍ നിന്നു മാത്രം കോടികള്‍ കൈയിട്ടു വാരിയ മോന്‍സന്‍ മാവുങ്കലെന്ന അത്ഭുത മനുഷ്യനും കേരള പൊലീസിലെ ഉന്നതരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു മുഖ്യമന്ത്രി യോഗം വിളിച്ചത്. അവിടെ വച്ചാണ് കളങ്കിത വ്യക്തിത്വങ്ങളുമായി അനാവശ്യ കൂട്ടുകെട്ട് വേണ്ടെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതു കേട്ട് പൊലീസ് ആസ്ഥാനത്തെ ഏമാന്മാര്‍ അക്ഷരാര്‍ഥത്തില്‍ വട്ടംചുറ്റിപ്പോയി. അതില്‍ തല കറങ്ങി വീണുപോയത് ഐജി ലക്ഷ്മണ ആയിരുന്നു.

  • ക്ഷണിച്ചു വരുത്തി ഇറക്കിവിട്ടു

ഡിജിപി അനില്‍ കാന്ത് മുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗമാണ് ശനിയാഴ്ച ഓണ്‍ലൈന്‍ ആയി നടന്നത്. ഈ  യോഗത്തില്‍ മറ്റ് മൂന്ന് ഡിജിപിമാരും എഡിജിപിമാരും ഐജിമാരും എഐജിമാരും മറ്റും പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കാനായിരുന്നു പൊലീസ് മേധാവിയുടെ നിര്‍ദേശം. അതനുസരിച്ചാണ് ഐജി ലക്ഷ്മണയും ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ എത്തിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹം കളങ്കിത വ്യക്തിത്വങ്ങളുമായി (മോന്‍സണ്‍ മാവുങ്കല്‍) അടുപ്പമുള്ള ആളാണെന്നു മുഖ്യമന്ത്രിക്ക് ഇന്‍റലിജന്‍സ് വിവരം ലഭിച്ചത്. അതോടെ ലക്ഷ്മണയെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഉറക്കിവിട്ടു. അദ്ദേഹത്തോട് മാറിയിരുന്ന് ഓണ്‍ലൈന്‍ ആയി പങ്കെടുക്കാനായിരുന്നു പിന്നീടുള്ള നിര്‍ദേശം.

അപ്പോള്‍ സാധാരണക്കാര്‍ക്ക് ന്യായമായ ഒരു സംശയം വരാം. മോന്‍സണ്‍ മാവുങ്കലുമായി നേരിട്ടു സൗഹൃദമുള്ളയാളാണ് ലക്ഷ്മണ എന്ന് ഇതിനകം പൊലീസ് തന്നെ സമ്മതിക്കുന്നു. കേസിന്‍റെ അന്വേഷണ പരിധിയില്‍ ലക്ഷ്മണയുമുണ്ട്. എങ്കില്‍ അതില്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ അദ്ദേഹത്തെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടല്ലേ? അങ്ങനെ ചെയ്യാതെ അദ്ദേഹത്തെ എന്തിനാണ് യോഗത്തിലേക്കു വിളിച്ചു വരുത്തിയ ശേഷം ഇറക്കിവിട്ടത്?

മോന്‍സണുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഐജി ലക്ഷ്മണയെ മാറ്റി നിര്‍ത്തിയാല്‍ പൊലീസ് ആസ്ഥാനത്തു മറ്റു പലരും സര്‍വീസില്‍ ബാക്കിയുണ്ടാവില്ല. ആദ്യം തെറിക്കുന്നത് ഏതാനും ദിവസം മുന്‍പ് മാത്രം പദവി ഒഴിഞ്ഞ മുന്‍ ഡിജിപി ലോക്നാഥ് ബഹറയാണ്. അദ്ദേഹത്തോടൊപ്പം ടിപ്പുവിന്‍റെ സിംഹാസനത്തിലിരുന്നവര്‍ അനവധിയുണ്ട്. അവരെയെല്ലാം പുറത്താക്കേണ്ടി വരും. പൊലീസ് മേധാവിയായിരുന്ന ലോക് നാഥ് ബഹറയുടെ കൊച്ചി മെട്രോയിലെ കസേരയ്ക്കു പോലും ഇളക്കം സംഭവിച്ചേക്കാം. ഇതു മുന്നില്‍ക്കണ്ട് മുന്‍ ഡിജിപി മുങ്ങി നടക്കുമ്പോളാണ് പൊലീസ് ആസ്ഥാനത്തെ യോഗം എന്നതിനുമുണ്ട് വല്ലാത്തൊരു കൗതുകം.

  • അവതാരങ്ങളുടെ കണ്‍കണ്ട ദൈവം!

കളങ്കിത വ്യക്തിത്വങ്ങളോട് അകലം പാലിക്കണണമെന്നു തങ്ങളെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തു യോഗ്യത എന്നു സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വടക്കേ ബ്ലോക്കിലേക്കു സാധാരണക്കാര്‍ക്കു മാത്രമല്ല, ഇടതുപക്ഷ എംഎല്‍എമാര്‍ക്കു പോലും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അവിടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സാമാന്യം കനപ്പെട്ടവര്‍ക്കു പോലും കടന്നു ചെല്ലാനാവില്ല. പക്ഷേ, സ്വപ്ന സുരേഷ്, അനിത പുല്ലയില്‍ തുടങ്ങിയ വിദേശ ഇന്ത്യക്കാര്‍ക്ക് ഒരു തടസവുമില്ലാതെ അവിടേക്കു കടന്നു ചെല്ലാം, മുഖ്യമന്ത്രിയെ കാണാം. തങ്ങളുടെ ഇഷ്ടക്കാരായ പ്രവാസികള്‍ക്കും അവരുടെ നാട്ടിലെ പ്രമാണിമാര്‍ക്കും വേണ്ടി എന്തും ചെയ്യാം. ആരുമില്ല ചോദിക്കാന്‍.

യുഎഇ കോണ്‍ലുറ്റിലെ ഒരു കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ് ഒന്നിലേറെ തവണ മുഖ്യമന്ത്രിയെ ഓഫീസിലും വീട്ടിലും ചെന്നുകണ്ട് സംസാരിച്ചിട്ടുണ്ട്. അതിന്‍റെ പിന്‍ബലത്തിലാണ് അവര്‍ മുന്നൂറ് കിലോഗ്രാമിലധികം സ്വര്‍ണം നയതന്ത്ര ബാഗേജുകള്‍ വഴി കള്ളക്കടത്ത് നടത്തിയത്. കസ്റ്റംസ് കമ്മിഷണറായിരുന്ന രാമമൂര്‍ത്തിയുടെ ഉരുക്കുമുഷ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ സ്വപ്നയും ശിവശങ്കറും ശിങ്കിടികളും ചേര്‍ന്ന് സെക്രട്ടേറിയറ്റ് അപ്പാടെ കള്ളക്കടത്തുകാര്‍ക്കു തീറെഴുതി കൊടുപ്പിക്കുമായിരുന്നു.

അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഗ്രത കൂടി ഇല്ലായിരുന്നെങ്കില്‍ തലസ്ഥാനത്തെ ഹജൂര്‍ കച്ചേരിയിലിപ്പോള്‍ വിദേശ കണ്‍സള്‍ട്ടന്‍റുമാര്‍ തിങ്ങിനിറയുമായിരുന്നു. സ്വപ്ന സുരേഷ് എന്ന മാദക സുന്ദരിയുടെ ചുമലില്‍ താങ്ങിനടന്ന എം. ശിവശങ്കറെന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു, ഭരണത്തിന്‍റെ ആദ്യ നാലു വര്‍ഷവും മുഖ്യമന്ത്രിയുടെ മനഃസാക്ഷിക്കു കാവലിരുന്നത്. ഈ കളങ്കിതരുമായി അകലം പാലിക്കാനുള്ള ജാഗ്രത മുഖ്യമന്ത്രി കാണിച്ചില്ലെന്ന് സിപിഎമ്മിലെ ചിലര്‍ അടക്കം പറഞ്ഞതല്ലാതെ ഭരണത്തിലോ പാര്‍ട്ടിയിലോ ഒരു എതിര്‍പ്പുമുണ്ടായില്ല. എല്ലാത്തിനും മറയായി എല്ലാവര്‍ക്കും ഒരു കിറ്റ് മതിയായിരുന്നു.  

മുഖ്യമന്ത്രിയുടെ ഓഫീസിലെയും ഔദ്യോഗിക വസതിയിലെയും സിസിസി ടിവി ക്യാമറകള്‍ ഇടിവെട്ടി ചാമ്പലായിപ്പോയിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും കളങ്കിത വ്യക്തിത്വങ്ങളും തമ്മിലുള്ള അടുപ്പം കുറഞ്ഞപക്ഷം മലബാറിലെ പാണന്മാരെങ്കിലും ഇപ്പോള്‍ പാടി നടക്കുമായിരുന്നു. അത്തരം അവതാരങ്ങളോട് അകലം പാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെങ്ങനെ മോന്‍സണ്‍ മാവുങ്കലിന്‍റെ ചെരിപ്പ് നക്കി നടന്ന പോലീസ് ഏമാന്മാരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയും?

  • ഡിജിപിയെ വരയില്‍ നിര്‍ത്തിയ അനിത പുല്ലയില്‍

രണ്ടര ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഒരു വ്യക്തി നടത്തുന്നു എന്ന വിവരം ഒരു പക്ഷേ, സംസ്ഥാന പൊലീസ് മേധാവിക്ക് അറിവുണ്ടാകണമെന്നില്ല. പക്ഷേ, ഏതെങ്കിലും തരത്തില്‍ അങ്ങനെയൊരു ഇന്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അദ്ദേഹം എന്താണ് ആദ്യം ചെയ്യേണ്ടത്? സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിനെ നിയോഗിച്ച് അയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് വേണ്ടി വന്നാല്‍ കേന്ദ്ര സേനയുടെ സഹായത്തോടെ മേല്‍നടപടികള്‍ സ്വീകരിക്കണം. എന്നാല്‍, ലോക് നാഥ് ബഹറ എന്ന മുന്‍ ഡിജിപിക്ക് അങ്ങനെയൊരു ബുദ്ധി തോന്നിയില്ല. എന്തുകൊണ്ട്? വിവരമില്ലാത്തതു കൊണ്ടാണെന്നു കരുതാന്‍ വയ്യ. ഉന്നതങ്ങളിലെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ ഈ പൊലീസ് മേധാവിയുടെ മുട്ടിടിച്ചു പോയിരിക്കണം.

ആരു പറഞ്ഞിട്ടാണ് ബഹറ മോന്‍സന്‍റെ വീട്ടില്‍ പോയതെന്നായിരുന്നു ഈ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണം. തൃശൂര്‍ മാളയില്‍ നിന്ന് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ എന്‍ആര്‍ഐ വനിത അനിത പുല്ലയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അദ്ദേഹം കലൂരിലെ മോന്‍സന്‍റെ വീട് സന്ദര്‍ശിച്ചതെന്നാണു വിവരം. അവിടം സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ ബഹറയ്ക്കു ചില പന്തികേടുകള്‍ തോന്നിയത്രേ. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അദ്ദേഹം ഊഹിച്ചു അതുകൊണ്ട് അയാളുമായുള്ള ഇടപാടുകള്‍ സൂക്ഷിച്ചു വേണം നടത്താനെന്ന് അനിതയെ ബഹറ ഉപദേശിക്കുകയും ചെയ്തു. ബഹറ അനിതയ്ക്ക് ഈ ഉപദേശം നല്‍കുമ്പോള്‍ മോന്‍സണും അനിതയും തമ്മില്‍ നേരിട്ട് ഒരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇടുക്കിയിലെ ഒരു റിസോര്‍ട്ടും ആയിരം ഏക്കര്‍ ഭൂമിയും അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിച്ചതിനും കോടിക്കണക്കിനു രൂപ തട്ടിയെടുത്തതിനും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം. കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി മോന്‍സണെതിരേ നിരവധി കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെത്തിയിരുന്നു. അതില്‍ ഒന്നില്‍പ്പോലും കേരള പോലീസ് അന്വേഷണം തുടങ്ങിയില്ല. ഈ പരാതികളെക്കുറിച്ച് ലോക്നാഥ് ബഹറയടക്കം എല്ലാവരും കണ്ണടച്ചു. പകരം, പരാതിക്കാരെ വിരട്ടി കേസ് പിന്‍വലിക്കാനാണു പൊലീസ് പരിശ്രമിച്ചത്.

പരാതിക്കാരില്‍ ചിലര്‍ക്ക് അനിത പുല്ലയിലുമായി അടുത്ത ബന്ധമുണ്ട്. അവര്‍ മോന്‍സണെക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍, നിങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്കൂ, ഞാന്‍ അദ്ദേഹവുമായി സംസാരിക്കാം എന്നായിരുന്നു അനിതയുടെ മറുപടി. തട്ടിപ്പിനിരയായവര്‍ക്കു വേണ്ടി മധ്യസ്ഥത പറയാന്‍ അനിതയ്ക്ക് മുഖ്യമന്ത്രിയുമായി എന്തു ബന്ധമാണുള്ളതെന്നു കൂടി വ്യക്തമാക്കണം.

സ്വപ്ന സുരേഷും അനിത പുല്ലയിലുമൊക്കെ നടത്തുന്നത് വിദേശ ഇടപാടുകളാണ്. അതും സഹസ്ര കോടികളുടെ ഇടപാടുകള്‍. സിപിഎം അംഗങ്ങളായ എംഎല്‍എമാര്‍ക്കു പോലും ഇരുമ്പുവേലി കെട്ടിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇത്തരം കളങ്കിത വ്യക്തിത്വങ്ങള്‍ക്ക് വളരെ വേഗത്തില്‍ കടന്നു ചെല്ലാന്‍ കഴിയുന്നതെങ്ങനെ? ലോക കേരള സഭ പോലുള്ള സന്നാഹങ്ങളുടെ ഇടനിലക്കാരണിവര്‍. വിദേശികളെ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കും കള്ളക്കടത്തിനും മാത്രമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

അതുകൊണ്ട് അവതാരങ്ങളുടെയും കളങ്കിതരുടെയും കാണാമറയത്തായിരിക്കണം ആദ്യം മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഭരണ സന്നാഹങ്ങളും. ഭരണ സിരാകേന്ദ്രത്തില്‍ അവതാര ലീലകള്‍ അഴിഞ്ഞാടുമ്പോള്‍, ഭരണ നിര്‍വഹണ കേന്ദ്രങ്ങളിലും അതിന്‍റെ മായിക വെളിച്ചം വീഴും. അവിടെ തുറന്നുവച്ചിരിക്കുന്ന ചക്കരക്കുടത്തില്‍ ആരും കൈയിട്ടുപോകും. സംസ്ഥാന പൊലീസിനു സംഭവിച്ചതും അതു മാത്രമാണ്. ഇതു മനസില്‍ വച്ച്, കളങ്കിത വ്യക്തിത്വങ്ങളോടുള്ള അകലം ഏറ്റവും മുകളില്‍ നിന്നു തുടങ്ങട്ടെ എന്ന അശരീരിയോടെയാണ് ശനിയാഴ്ച പോലീസ് ആസ്ഥാനത്തെ യോഗത്തിനു തിരശീല വീണത്.

Related posts

Leave a Comment