റിയാസിന്റെ ഇൻസൾട്ടും ഷംസീറിന്റെ ഇൻവെസ്റ്റ്മെന്റും

 മൂന്നാം കണ്ണ്-

സി.പി. രാജശേഖരൻ

ഇൻസൾട്ട് ആണ് മുരളീ, ഈ ലോകത്തിലെ ഏറ്റവും വലിയ  ഇൻവെസ്റ്റ്മെന്റ്… തലശേരി എംഎൽഎ എ.എൻ ഷംസീർ അവസാനമിട്ട ഫെയ്സ് ബുക്ക് പോസ്റ്റിലെ തുടക്കവാചകമാണിത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിൽ സിദ്ദിഖ് അവതരിപ്പിച്ച ഡോ. സുബ്രഹ്മണ്യം എന്ന കഥാപാത്രം  ജയസൂര്യക്കു മികച്ച നടന്റെ സംസ്ഥാന അവാർഡ് നേടിക്കൊടുത്ത മുരളീ നമ്പ്യാർ എന്ന കഥാപാത്രത്തോടു പറയുന്ന തീക്ഷ്ണമായ താക്കീത്.  മുരളി കുന്നുംപുറത്ത് എന്നയാളുടെ യഥാർഥ ജീവിതമാണ് വെള്ളം എന്ന സിനിമയ്ക്ക് ഇതിവൃത്തമാക്കിയതെന്നു പ്രജേഷ് പറയുന്നു. ജീവിത ​ഗന്‌ധിയായ ഒരു ചലച്ചിത്രത്തിൽ നിന്നുള്ള വാചകം കടംകൊണ്ട്  ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഷംസീറിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അനുമോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റിൽ.

എന്നാൽ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും മറ്റുമായി പ്രവർത്തിച്ച് ചോരത്തിളപ്പ് തീർത്തിട്ടുള്ള ഷംസീറിനിപ്പോൾ താൻ കൂടി തീറ്റിപ്പോറ്റുന്ന സിപിഎമ്മിൽ നിന്നുള്ള ഇൻസൾട്ട് (അപമാനം) സഹാക്കാനാവാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് മുരളി നമ്പ്യാർ എന്ന കഥാപാത്രത്തെപ്പോലെ വെള്ളമടിച്ചു വെളിവില്ലാതെ പറയുന്നതല്ല ഷംസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതൊരു കുന്തമുനയാണ്. പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനു നേർക്കുള്ള ചാട്ടുളിപ്രയോ​ഗം.  

ഐ.സി. ബാലകൃഷ്ണൻ കൊളുത്തിവിട്ട മാലപ്പടക്കം

വയനാട് ഡിസിസി മുൻ പ്രസിഡന്റും സുൽത്താൻ ബത്തേരി എംഎൽയുമായ ഐ.സി. ബാലകൃഷ്ണൻ കഴിഞ്ഞ ഏഴിന് നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിൽ നിന്നാണ് ഷംസീറുമായി മന്ത്രി റിയാസ് കൊമ്പ് കോർത്തത്. സംസ്ഥാനത്തെ കരാറുകാരുടെ കുടിശികയും സിപിഎമ്മിലെ ചില ഉന്നതരുമായുള്ള അവരുടെ ഒത്തുകളിയുമൊക്കെ അതിലൂടെ നിയമസഭയിൽ ചർച്ചയായി. കരാറുകാരും ചില സിപിഎം എംഎൽഎമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്  സഭയിൽ മന്ത്രി സമ്മതിച്ചു. കൂട്ടത്തിൽ ഒരു കാര്യം കൂടി വ്യക്തമാക്കി. കരാറുകാരെയും കൂട്ടി പാർട്ടി എംഎൽഎമാർ തന്നെ കാണാൻ സെക്രട്ടേറിയറ്റിലെ ഓഫീസിലും ക്ലിഫ് ഹൗസ് കോംപൗണ്ടിലെ വസതിയിലും വരേണ്ടതില്ലെന്നായിരുന്നു താക്കീത്. അതാണു ഷംസീറിന്റെ കുരു പൊട്ടാൻ കാരണം.

 തെരഞ്ഞെടുപ്പ് കാലത്തും ബക്കറ്റ് പിരിവിലും  ബിരിയാണി മുതൽ പാൽപ്പായസം വരെയുള്ള സകലമാന പാർട്ടി ചലഞ്ചുകൾക്കുമുള്ള കറവപ്പശുക്കളാണു കരാറുകാർ. അവരെ കൈയൊഴിയാൻ മന്ത്രിക്ക് അധികാരമില്ലെന്നു കഴിഞ്ഞ പതിനഞ്ചിനു കൂടിയ സിപിഎം നിയമസഭാ സാമാജികരുടെ യോ​ഗത്തിലും ഷംസീർ ശക്തമായ മുന്നറിയിപ്പ് നൽകി. എംഎൽഎ എന്നാൽ മന്ത്രിക്കു സമാനരാണെന്നും മന്ത്രിയാകാതിരുന്നത് പാർട്ടി പറയാത്തതുകൊണ്ടാണെന്നുമൊക്കെ ഷംസീറിനെ അനുകൂലിച്ച കടകംപള്ളി സുരേന്ദ്രനെപ്പോലുള്ള ചില സീനിയർ അം​ഗങ്ങൾ മന്ത്രിയെ ഓർമിപ്പിക്കുകയും ചെയ്തു.

ഏതായാലും സഭയിലും സാമാജിക സമ്മേളനത്തിലും മന്ത്രി അപമാനിച്ചു എന്നു തന്നെയാണ് ഷംസീറിന്റെ വിലാപം. അതാണു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്ക് വയ്ക്കുന്നത്. പാർട്ടിയിലും നിയമസഭയിലും താനാണു റിയാസിനെക്കാൾ സീനിയറെന്നു ഷംസീർ കരുതുന്നു. 2014ലെ ലേക്സഭാ തെരഞ്ഞെടുപ്പ് മുതൽ താൻ പാർട്ടിയുടെ പാർലമെന്ററി ചുമതലകൾ നിറവേറ്റുന്നയാളാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനോടു പരാജയപ്പെട്ടെങ്കിലും പിന്നീടു വന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും തലശേരിയിൽ മത്സരിച്ചു വിജയിച്ചു. ഇത്തവണ റിയാസിനെക്കാൾ മുന്നേ മന്ത്രിസഭയിലെത്തേണ്ടിയിരുന്നത് ഷംസീറാണെന്നു കരുതുന്നവരും പർട്ടിയിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന അധികയോ​ഗ്യതയിൽ റിയാസ് മന്ത്രിസഭയിലെത്തുകയായിരുന്നു. അതിൽ ഷംസീറിന് എതിർപ്പില്ല. പക്ഷേ, തനിക്കു താത്പര്യമുള്ള ചില കാര്യങ്ങൾ പറയുമ്പോൾ ഉറ്റസുഹൃത്തായ റിയാസ് അനുസരിക്കാത്തതിലാണ് അദ്ദേഹത്തിന്റെ അമർഷം.

കാര്യം തലശേരിയിലെ എംഎൽഎ ആണെങ്കിലും ഷംസീറിനു കേരളത്തിലെമ്പാടുമുള്ള കരാറുകാരുമായി അടുപ്പമുണ്ട്. അതുകൊണ്ട് അവർക്കു വേണ്ടി ചില വഴിവിട്ട ശുപാർശകളുമായി സിപിഎം മന്ത്രിമാരുടെ മുന്നിലെത്തേണ്ടിയും വരും. പക്ഷേ, തന്നെ പടിയടച്ചു പിണ്ഡം വയ്ക്കരുതെന്നാണ് ഷംസീറിന്റെ അഭ്യർഥന. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനുമാവില്ല. കേരളത്തിലെ കരാറുകാരുടെ കാര്യമോർക്കുമ്പോൾ ആരുടെയും സമനല തെറ്റിപ്പോകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.  52,636 കോടി രൂപയുടെ വമ്പൻ കടബാധ്യതയിലായ കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. ഇത്രയും വലിയ കടം കൊടുത്തു തീർക്കാൻ ആരു വിചാരിച്ചാലും കഴിയില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ട്രഷറി ലോക്ക് അടക്കമുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്ന സർക്കാരിന്റെ പക്കൽ നിന്ന് കുറച്ചെങ്കിലും വാങ്ങി തന്റെ ഇഷ്ടക്കാർക്കു നൽകാമെന്നു കരുതിയ പാർട്ടി എംഎൽഎ മാർക്കു പോലും എട്ടിന്റെ പണിയാണു മുഹമ്മദ് റിയാസ് നൽകിയത്.

കറവ വറ്റിയ അറവുമാട്- കിഫ്ബി

പള്ളിക്കൂടക്കെട്ടിടങ്ങൾക്കും ആശുപത്രികൾക്കും റോഡിനും പാലത്തിനുമൊക്കെയായി മൊത്തം 730 പദ്ധതികളാണ് കിഫ്ബി മുഖേന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തത്. അവയുടെ ആകെ അ‍ടങ്കൽ 57,000 കോടി രൂപ. ഈ പദ്ധതികളിൽ ചിലത് പൂർത്തിയാകുകയോ മിക്കതും തുടങ്ങി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇത്രയും പണം ചെലവാക്കിയ കരാറുകാർക്ക് 2020 നവംബർ വരെ നൽകിയത് 4,364 കോടി രൂപ മാത്രം. ബാക്കി 52,636 കോടി രൂപയും കരാറുകാർക്കു കൊടുക്കാനുള്ള കുടിശികയാണ്.  അതാര് കൊടുക്കും? എങ്ങനെ കൊടുക്കും? എപ്പോൾ കൊടുക്കും?

 ഇതുവരെ കിഫ്ബി ഫണ്ട‍ിലേക്ക് കിട്ടിയത് 11,433 കോടി രൂപ. അതിന്റെ കണക്കിങ്ങനെഃ

പെട്രോളിയം സെസ്ഃ 1921 കോടി, വാഹന സെസ്ഃ 3,651 കോടി, സർക്കാർ ​ഗ്രാൻഡ് 1,624 കോടി, വിവിധ ബാങ്ക് വായ്പ 2,003 കോടി, മസാല ബോണ്ട് 2231 കോടി. ആകെ 11,433 കോടി രൂപ. ബാക്കി വരുന്ന 52,636 കോടി രൂപ കരാറുകാർക്ക് എങ്ങനെ കൊടുക്കുമെന്ന് ഒരു രൂപവുമില്ല.

കടമെടുപ്പ് എല്ലാ പരിധിയും വിട്ടതുകൊണ്ട് ഇനി ആരും വായ്പ അനുവ​ദിക്കില്ല. ബാങ്ക് വായ്പകളുടെ പലിശ 2019 മുതൽ തിരിച്ചടവ് തുടങ്ങി. കോടികളുടെ പലിശക്കുടിശിക ഇപ്പോൾത്തന്നെയുണ്ട്. ഇനി ബാങ്ക് വായ്പ കിട്ടാൻ സാധ്യതയില്ല. 2024 മുതൽ മസാല ബോണ്ടുകളുടെ തിരിച്ചടവ് തുടങ്ങണം. അതില്ലാതെ  ലണ്ടനിലെ സ്റ്റോക്ക് മാർക്കറ്റിൽ പോയി മണിയടിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയില്ല. ചുരുക്കത്തിൽ ഇതിനകം ദീവാളി കുളിച്ച 57000 കോടിയുടെ പദ്ധതികൾ തന്നെ പൂർത്തിയാക്കാൻ ഒരു വഴിയും പ്രത്യക്ഷത്തിൽ കാണുന്നില്ല.

എംഎൽഎമാരുടെ ആസ്തി വികസനവും

മുഖ്യമന്ത്രിയുടെ പദ്ധതികളും

 എംഎൽഎമാരുടെ ആസ്തി വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ ചെറുകിട വികസന പദ്ധതികളും താളംതെറ്റി. എംഎൽഎമാരുടെ ആസ്തി വികസന പദ്ധതികൾക്കു വേണ്ടി ഇതിനകം ചെലവഴിച്ച 600 കോടി രൂപയുടെ കുടിശിക കരാറുകാർക്ക് കിട്ടാനുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കിയ മുഖ്യമന്ത്രിയുടെ തദ്ദേശ വികസന പ​ദ്ധതികളുടെ കുടിശിക 162 കോടി രൂപ വരും.  ഇതിൽ 2018 മുതലുള്ള കുടിശികയുണ്ട്. ഇതൊക്കെ വാങ്ങിയെടുക്കാനാണ് എംഎൽഎമാരെയും കൂട്ടി കരാറുകാർ തിരുവനന്തപുരത്ത് തമ്പടിക്കുന്നത്. എന്നാൽ അവരുമായി കൂടിക്കാഴ്ചയില്ലെന്നു മന്ത്രി റിയാസ് മുഹമ്മദ് അറത്തുമുറിച്ചു പറയുമ്പോൾ അപഹാസ്യരാകുന്നത് എംഎൽഎമാരാണ്. ഡോ. മോൻസൺ മാവുങ്കലും അജിത പുല്ലയിലും സ്വപ്ന സുരേഷും സരിതും സന്ദീപ് നായരുമൊക്കെ ഒരു രൂപ പോലും മുതൽ മുടക്കാതെ ഉന്നത ബന്ധങ്ങൾ ഉപയോ​ഗിച്ച് സഹസ്ര കോടികൾ കൊയ്തു വാരുമ്പോൾ, സർക്കാർ ഏല്പിച്ച പണികൾ കെട്ടുതാലി വരെ പണയപ്പെടുത്തി പൂർത്തിയാക്കിയവരെ അപമാനിക്കരുതെന്ന ഷംസീറിന്റെ വിലാപം ആരു കേൾക്കാൻ!

ഒന്നോർത്താൽ ഷംസീറിന്റെ കാര്യം കഷ്ടമാണ്. തലശേരിയിൽ നിന്നു തുടർച്ചയായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. പാർട്ടിയുടെ പുതിയ മാനദണ്ഡപ്രകാരം അടുത്ത തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് ടിക്കറ്റ് ലഭിക്കില്ല. മുഖ്യമന്ത്രിയുടെ മരുമകനുമായി ഇടഞ്ഞതുകൊണ്ട് ഇനി പാർട്ടിയിൽ ഏതെങ്കിലുമൊരു മേൽ​ഗ്​ഗതി കിട്ടുമെന്നു പറയാനുമാവില്ല. രണ്ടായാലും താൻ ഇൻസൾട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതാണു  തന്റെ ഏറ്റവും വലിയ ഇൻവെസ്റ്റിമെന്റ് എന്നുകൂടി ഷംസീർ മനസിലാക്കിയത് ഏതായാലും വളരെ നന്നായി. പാർട്ടിയിലെ മറ്റ് സാദാ എംഎൽഎമാർക്കും നേതാക്കൾക്കും ഇതൊരു പാഠമാകട്ടെ!

Related posts

Leave a Comment