മലമുഴക്കി വേഴാമ്പലും മണിയാശാന്റെ മുല്ലപ്പെരിയാർ വിപ്ലവവും

  • മൂന്നാം കണ്ണ്
  • സി.പി. രാജശേഖരൻ

കേരളത്തിന്റെ ഉൾക്കാടുകളിൽ മലമുഴക്കി വേഴാമ്പൽ എന്ന ഒരിനം പക്ഷിയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ അപൂർവ പറവയെ സംസ്ഥാനം എന്തുകൊണ്ടാണ് ദേശീയ പക്ഷിയായി അം​ഗീകരിച്ചതെന്നറിയില്ല. വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി. കേരളത്തിന്റെ മാത്രമല്ല അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണിത്. മലകളിൽ മുഴക്കുന്ന വലിയ പ്രതിധ്വനിയും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. എണ്ണത്തിൽ തീരെ കുറവായതിനാൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെടുത്തിയിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്. അതുകൊണ്ട് എന്ത് അതിക്രമം കാണിച്ചാലും മലമുഴക്കി വേഴാമ്പലിനെ ആരും ഉപദ്രവിക്കില്ല.

എം.എം. മണി

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ മലമുഴക്കി വേഴാമ്പലിന്റെ സ്ഥാനമാണ് സിപിഎമ്മിൽ എം.എം. മണിയെന്ന മണിയാശാനു സഖാക്കൾ കല്പിച്ചു നൽകിയിരിക്കുന്നത്. ആശാൻ ആനന്ദ ചിത്തൻ, പരമശുദ്ധൻ എന്നാണ് മണിയാശാനു പൊതുവിലുള്ള വിശേഷണം. അതുകൊണ്ടാണ് പല തരത്തിലുള്ള പ്രകോപനങ്ങളുണ്ടായിട്ടും മണിയാശാനെ പൊതുസമൂഹം വെറുതേ വിടുന്നത്.  വിരുദ്ധരെ വൺ, ടു, ത്രീ പറഞ്ഞ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ പാർട്ടിയാണു സിപിഎം എന്ന് ഒരിക്കൽ ആശാൻ തുറന്നു സമ്മതിച്ചപ്പോൾ സഖാക്കളുടെ കിളി പോയതാണ്. കോടതികൾ ചെവിക്കു ‌പിടിച്ചെങ്കിലും ആശൻ ഒരുവിധം തടിയൂരി. വേറേ ആരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോഴും മണി അകത്തു കിടന്നേനെ.

അദ്ദേഹത്തിന്റെ വിഖ്യാത വൺ ടു ത്രീ’ പ്രസംഗം 2012 മെയ് 23 നായിരുന്നു,  നെടുങ്കണ്ടത്ത് പാർട്ടി നടത്തിയ മാർച്ചിൽ ആശാൻ പ്രസം​ഗിച്ചതിങ്ങനെ: കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. മൂന്നു പേരെ കൊന്നു. ഒന്നാമനെ തല്ലിക്കൊന്നു. രണ്ടാമത്തവനെ വെടിവച്ചു കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ വേറൊരുത്തനെയും കൊന്നു. സിപിഎമ്മിന്റെ രാഷ്‌ട്രീയ പക എങ്ങനെ ആണെന്നാണ് അന്നു മണിയാശാൻ വിശദമാക്കിയത്. ഇങ്ങനെ വിരുദ്ധരെ കൊലപ്പെടുത്തുന്നവരെ പാർട്ടി ഏതറ്റം വരെയും സംരക്ഷിക്കുമെന്ന വലിയ സന്ദേശം കൂടിയുണ്ടായിരുന്നു ആശാന്റെ വാക്കുകളിൽ. കാസർ​ഗോഡ് കല്യാട്ട് കൃപേഷ്, ശരത് ലാൽ എന്നീ രണ്ട് യൂത്ത് കോൺ​ഗ്രസ് കരിമ്പുലികളെ വേട്ടയാടിയ മണിയുടെ പാർട്ടിക്കാരെ വരച്ച വരയിൽ നിർത്താൻ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾക്കു കഴിഞ്ഞു. അവർക്കൊപ്പം അരയും തലയും മുറുക്കി രം​ഗത്തുണ്ട്, കേരളത്തിലെ കോൺ​​ഗ്രസ് പ്രവർത്തകർ.

കൃരേഷ്, ശരത് ലാല്, കെ.വി. കുഞ്ഞുരാമന്

ഒരു കാര്യം ഉറപ്പ്. ഉടുമ്പൻചോലയിൽ മണിയാശാനു ലഭിച്ച ആനുകൂല്യം ഉദുമയിൽ കെ.വി. കുഞ്ഞിരാമനു കിട്ടാൻ പോകുന്നില്ല. കൃപേഷിന്റെയും ശരത് ലാലിന്റെയും ചുടുചോരയ്ക്ക് കല്യാട്ടെ കോൺ​ഗ്രസ് പ്രവർത്തകർ കണക്കു പറയിക്കുക തന്നെ ചെയ്യും. സംസ്ഥാന ഖജനാവിന്റെ വിത്തെടുത്തു കുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും അധികാരത്തിന്റെ ധൂർത്ത് കേന്ദ്രമായ തിരുവനന്തപുരത്തെ എകെജി സെന്ററും എത്ര പരിശ്രമിച്ചാലും കെ.വി. കുഞ്ഞിരാമനെയും  കല്യാട് എച്ചിലടുക്കത്തെ സഖാക്കളെയും രക്ഷിക്കാനാകില്ല, തീർച്ച.

 പെരിയ ഇരട്ടക്കൊലക്കേസിൽ വലിയ പ്രതിരോധത്തിലായ സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുൻ മന്ത്രി എം.എം മണി നടത്തിയ പ്രസ്താവന. പെരിയ ഇരട്ടക്കൊലക്കേസിൽ സ്വന്തം പാർട്ടി സഖാക്കളെ സംരക്ഷിക്കാനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്കു വലിയ തിരിച്ചടി കിട്ടിയ ദിവസം തന്നെ ഇടുക്കി ജില്ലയിൽ പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരനായ എം.എം. മണി നടത്തിയ തുറന്ന അഭിപ്രായ പ്രകടനം സിപിഎമ്മിന് ഇരട്ട പ്രഹരമായി.

ഇടുക്കി മലനിരകളുടെ തലപ്പത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ബോംബാണ് മുല്ലപ്പെരിയാർ എന്നാണു മണിയാശാൻ തുറന്നടിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ അണ കെട്ടിയില്ലെങ്കിൽ തമിഴന്മാർ വെള്ളം കുടിക്കാതെയും കേരളീയർ വെള്ളം കുടിച്ചും ചത്തുപോകുമെന്നും അദ്ദേഹം സങ്കടപ്പെടുന്നു.  പക്ഷേ, മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു തകരാറുമില്ലെന്നും ഇടുക്കിയിലെ കുറവൻ മലയോളം ഉറപ്പുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ദിവസങ്ങളിൽ ആവർ‌ത്തിച്ചു വ്യക്തമാക്കുന്നത്. ആശാനും ആശാന്റെ ആശാനും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നടത്തുന്ന ഈ വൈരുധ്യാത്മക വാദത്തിന്റെ പൊരുൾ പിടികിട്ടാതെ വിഷമവൃത്തിത്തിലായിരിക്കയാണു സാധാരണ മലയാളികൾ.

പിണറായി വിജയന്

മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുന്നതു വരെ മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടും, ദാ പൊട്ടി എന്ന നിലപാടിലായിരുന്നു പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രക്ഷോഭങ്ങൾക്കു കണക്കില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റേത്. എന്നാൽ ഡാം സുരക്ഷാ അഥോരിറ്റിയുടെയും സുപ്രീംകോടതി ഉത്തരവുകളുടെയും പ്രതികൂല നിലപാടുകൾ മൂലം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തിന് അം​ഗീകാരം ലഭിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധി പോലും മാറ്റി നിർത്തി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിലേക്കു നിജപ്പെടുത്താൻ അന്നത്തെ സർക്കാരിനു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ വഴിവിട്ട സഹായത്തോടെ, ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ തമിഴ്നാടിനും കഴിഞ്ഞു.

 അതേ സമയം, തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്ന നമ്മുടെ നിലപാട് തമിഴ്നാട് പോലും അം​ഗീകരിച്ചു സമ്മതിച്ച സാഹചര്യത്തിലാണ് 2016ൽ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചത്, ഈ ഭരണമാറ്റത്തോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി എന്നു തമിഴ്നാട് മാറ്റിക്കുറിച്ചു. അതിനുള്ള മുഴുവൻ നീക്കങ്ങൾക്കും പിണറായി ഭരണകൂടം സമ്മതം മൂളി എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള നിയമസഭയിൽ തമിഴ്നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ലെന്നും തെറ്റായ സന്ദേശങ്ങൾ നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

റോഷി അഗസ്റ്റിന്

യദൃച്ഛികാ സംഭവിച്ച വാചകദോഷമോ നടപടി ദൂഷ്യമോ ആയിരുന്നില്ല മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നു വ്യക്തമാക്കുന്നതായിരുന്നു, ബേബി ഡാം സൈറ്റിലെ 12 വൻ മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിനു ലഭിച്ച കേരളത്തിന്റെ അനുമതി. സംസ്ഥാന വനം മന്ത്രിയും ജലവിഭവ മന്ത്രിയും അറിയാതെയാണ് മരങ്ങൾ മുറിച്ചു മാറ്റാൻ കേരളം അനുവദിച്ചതെന്ന വാദവും വിശ്വസിച്ചേ തീരൂ. കാരണം, കേരളത്തിൽ കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയില്ല. എല്ലാ വകുപ്പുകളിലും സുപ്രധാനമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വന്തം വകുപ്പുകളിൽ‌ നടപ്പാക്കുന്ന പല തീരുമാനങ്ങളും മന്ത്രിമാരടക്കമുള്ളവർ അറിയുന്നത് പത്രവാർത്തകളിൽ

 നിന്നാണ്. അതു ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പ് കേരളത്തിലെ ഒരു മന്ത്രിക്കുമില്ല. ഇവിടെയാണ് എം.എം. മണിയുടെ കരളുറപ്പ് തിരിച്ചറിയേണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നു പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കുമ്പോൾ, ആരു പറഞ്ഞാലും ഞങ്ങളുടെ തലയ്ക്കു മുകളിൽ പ്രതിഷിഠിക്കപ്പെട്ട ബോംബാണ് മുല്ലപ്പെരിയാർ എന്നു മണിയാശാൻ വെട്ടിത്തുറന്നു പറയുന്നതിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.

എം.എം. മണി അങ്ങനെ പറയുന്നതിനു രണ്ടു കാരണങ്ങളുണ്ട്. പഴയ കൊല്ലം ജില്ലയിലെ കിടങ്ങന്നൂർ ​ഗ്രാമത്തിൽ നിന്ന് ഇടുക്കിയിലേക്കു കുടിയേറിയ കർഷക കുടുംബാം​ഗമാണ് എം.എം. മണി. പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയാണ് പഴയകാല കർഷകർ ഇവിടെ ജീവിതം കരുപ്പിടിപ്പിച്ചതെന്ന് ആരും മണിയെ ഓർമിപ്പിക്കേണ്ടതില്ല. അവർക്കൊപ്പമാണ് ഇക്കണ്ട കാലമത്രയും മണിയാശാൻ ജീവിച്ചതും. മണിയാശാനെക്കാൾ ഇടുക്കിയിലെ ഭൂമിശാസ്ത്രം അവിടുത്തെ ജനങ്ങൾക്കറിയാം. അവരെ കബളിപ്പിക്കാൻ പിണറായി വിജയനു കഴിഞ്ഞേക്കാം. കാരണം അദ്ദേഹം ഇടുക്കിയിലെത്തുന്നത് പാർട്ടി സമ്മേളനങ്ങൾക്കു മാത്രമാണ്. പക്ഷേ, എം.എം. മണി അങ്ങനെയൊരാളല്ല. ഇടുക്കിയിലെ സ്ഥിരതാമസക്കാരനാണ്. മുല്ലപ്പെരിയാർ അണക്കട്ടിൽ ഒരിഞ്ചു വെള്ളം പൊങ്ങിയാൽ നെഞ്ചു പൊള്ളുന്ന നാല്പത്തഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങളിൽ ഒരാൾ. അതുകൊണ്ടാണ്, ആര് എന്തൊക്കെ പറഞ്ഞാലും ഇടുക്കിയുടെ മലമുകളിൽ പൊട്ടാൻ കരുതി വച്ചിരിക്കുന്ന ബോംബാണ് മുല്ലപ്പെരിയാർ അണക്കെട്ട് എന്ന് മണിയാശാൻ തുറന്നു സമ്മതിക്കുന്നത്. ഇത് ഒറ്റപ്പെട്ട ആശയമല്ല. മലമുഴക്കി വേഴാമ്പലിന്റെ വനരോദനവുമല്ല.

ഡീൻ കുര്യാക്കോസ്

പക്ഷേ, ആശാൻ ​ഗീർവാണം മുഴക്കരുത്. പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ചെറുതോണിയിൽ ഉപവാസമനുഷ്ഠിച്ച ഇടുക്കി എംപിയും യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡീൻ കുര്യാക്കോസിനൊപ്പം നിൽക്കാൻ ഇടുക്കിയിലെ സഖാക്കളെ ചട്ടം കെട്ടണം. അല്ലെങ്കിൽ ഉറ്റമിത്രം പിണറായി സഖാവിന് ഓശാന പാടി ശിഷ്ടകാലം മൗനവ്രതം പുൽകണം.

Related posts

Leave a Comment