തിരയടിക്കുന്ന കടലും എകെജി സെന്ററിലെ ബക്കറ്റും

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തിയതിന്റെ ഹാം​ഗ് ഓവറിലാണ് കേരളത്തിലെ സിപിഎം. ഒറ്റയ്ക്കു വന്ന ചെറിയാൻ ഒറ്റയ്ക്കു തന്നെ മടങ്ങി എന്നാണു പാർട്ടിയുടെ ആക്റ്റിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ ആശ്വസിക്കുന്നത്. 2001ൽ കോൺ​ഗ്രസ് നേതൃത്വവുമായുണ്ടായ ചില അഭിപ്രായ ഭിന്നതകൾ മൂലം ചെറിയാൻ പാർട്ടി വിട്ടു. അദ്ദേഹത്തോടൊപ്പം കൊട്ടക്കണക്കിന് ആളുകൾ സിപിഎമ്മിൽ ചേരുമെന്നു കരുതി  അന്നത്തെ സെക്രട്ടറി പിണറായി വിജയൻ ചെറിയാൻ ഫിലിപ്പിനെ എകെജി സെന്ററിലേക്കു വിളിച്ചുകൊണ്ടു പോയി. പക്ഷേ, ചെറിയാനല്ലാതെ അന്നാരും കോൺ​ഗ്രസ് വിട്ടുപോയില്ല. അന്നു മുതൽ എകെജി സെന്ററിന്റെ മൂലയ്ക്കിരുത്തുകയായിരുന്നു എന്ന് ഇപ്പോഴെങ്കിലും ചെറിയാൻ ഫിലിപ്പിനു മനസിലായി. അങ്ങനെയാണ് അദ്ദേഹം തെറ്റ് തിരുത്തി തറവാട്ടിലേക്കു മടങ്ങിയത്.

നാലര പതിറ്റാണ്ടിലേറെക്കാലം ചോരയും നീരും നൽകി പരിപോഷിപ്പിച്ച പ്രസ്ഥാനത്തിൽ നിന്നു വിട്ടുപോയപ്പോൾ, രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്നാണു താൻ പുറത്തായതെന്നു ചെറിയാൻ തുറന്നു സമ്മതിക്കുന്നു. നട്ടു വളർത്തി വലുതാക്കിയ സ്ഥലത്തു നിന്ന് ഒരു ചെടി ഇളക്കി മാറ്റിയാൽ തഴച്ചു വളരില്ലെന്നും മുരടിച്ചു പോകുമെന്നും അദ്ദേഹം മനസിലാക്കി. കോൺ​ഗ്രസ് എന്ന മഹാസമുദ്രത്തിൽ നിന്നു താനെന്ന കുറച്ചു വെള്ളം ഒരു ബക്കറ്റിലെടുത്ത് എകെജി സെന്ററിന്റെ മൂലയ്ക്കു വച്ചിരിക്കുകയായിരുന്നു ഇതുവരെ. ഈ ബക്കറ്റിൽ നിന്നു മഹാസമുദ്രത്തിലേക്കുള്ള മാറ്റമാണ് തന്റെ തീരുമാനമെന്നും ചെറിയാൻ തുറന്നു സമ്മതിക്കുന്നു.  ഊർജസ്വലനായ, ചുറുചുറുക്കുള്ള പഴയ യുവനേതാവിനെ തിരികെ പ്രവേശിപ്പിക്കുന്നതിന് കോൺ​ഗ്രസ് എന്ന തറവാടിന് ഒരു വൈമനസ്യവുമില്ലാത്തത്, ഈ പാർട്ടി സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പ്രതീകമായ‌തുകൊണ്ടാണ്.

* ചെറിയാൻ തനിച്ചല്ല, ആയിരങ്ങൾ കോൺ​ഗ്രസിലേക്ക്

 ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുൻപും ശേഷവുമായി മൂന്നോ നാലോ പേർ കോൺ​ഗ്രസിൽ നിന്നു ചാടിപ്പോയപ്പോഴേക്കും വലയും കൊണ്ടു വെള്ളത്തിൽച്ചാടിയ സിപിഎമ്മിനും ഇടതു മുന്നണിക്കും ഇതൊരു പാഠമാകണം. കോൺ​ഗ്രസ് സംസ്കാരത്തിൽ വളർന്ന ഒരാൾക്കും സിപിഎമ്മിന്റെയോ സംഘപരിവാരങ്ങളുടെയോ കൂടാരത്തിലെ ബക്കറ്റിൽ അധികകാലം ഒതുങ്ങിക്കൂടാൻ കഴിയില്ലെന്ന പാഠം. കെപിസിസിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ പാർട്ടിചട്ടങ്ങളും അച്ചടക്കവും ലംഘിച്ചപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഉടനേ സിപിഎം വലയുംകൊണ്ട്രു വെള്ളത്തിൽച്ചാടി. അനിൽ കുമാർ കോൺ​ഗ്രസ് വിട്ടപ്പോൾ പാർട്ടിയിൽ പ്രളയം സംഭവിക്കുമെന്നു കരുതിയാണു സഖാക്കൾ വലവിരിച്ചത്. പക്ഷേ, നാലു പതിറ്റാണ്ടോളം കോൺ​ഗ്രസ്കാരനായിരുന്ന അനിൽകുമാറിന്റെ കൂടെപ്പോകാൻ ഒരു സാദാ പ്രവർത്തകനെപ്പോലും കിട്ടിയില്ല. കോൺ​ഗ്രസ് പ്രവർത്തകർക്ക് അനിൽകുമാറല്ല, പാർട്ടിയാണു വലുത്.

 സിപിഎമ്മിലെത്തിയ അനിൽ കുമാറിനെ ബക്കറ്റിൽപ്പോലും ഇരുത്തിയില്ല. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന  പാർട്ടി ജില്ലാ സമ്മേളനത്തിന്റെ രക്ഷാധികാരി സ്ഥാനം നൽകി അദ്ദേഹത്തെ ഒരു മ​​ഗ്​ഗിലെടുത്ത് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബാത്ത് റൂമിൽ വച്ചിരിക്കുകയാണിപ്പോൾ. ജില്ലാ സമ്മേളനം കഴിയുന്നതോടെ ആ പദവിയും സ്വാഹ! പാർട്ടിയെ ഭർത്സിച്ചതിനു കോൺ​ഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട പി.എസ്. പ്രശാന്തിനോട് സിപിഎം അത്രയും കൂടി പരി​ഗണന കാണിച്ചില്ല.  കർഷക സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ അഴുക്ക്ചാലിലിട്ട് അലക്കുകയാണിപ്പോൾ പ്രശാന്തിനെ.

 കെ.സി റോസക്കുട്ടിയും ലതികാ സുഭാഷും ആണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയോടു കലഹിച്ചു പുറത്തുപോയ മറ്റു രണ്ടു പേർ.  രണ്ടു പേരുടെയും മേൽവിലാസം പോലും പുറത്തു കേൾക്കാനില്ല. ലതിക എൻസിപിയിലാണു പോലും. റോസക്കുട്ടി വയനാട്ടിലെ വീട്ടിലിരുന്ന് ശിഷ്ടകാലം കഴിക്കുന്നു.  ഇവരുടെ രാഷ്‌ട്രീയ​ഗതി എന്താവുമെന്ന് അവർക്കു തന്നെ നിശ്ചയമില്ല. ഈ ഒളിച്ചോട്ടങ്ങളൊന്നും കോൺ​ഗ്രസിനെ ബാധിച്ചതേയില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ ഊറ്റം കൊള്ളുന്നവർ കഷ്ടിച്ചു തൊട്ടു മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ കൃമികടി മാറും.

ചെറിയാൻ ഫിലിപ്പിനെപ്പോലെ സിപിഎമ്മിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും കോൺ​ഗ്രസിലേക്ക് പ്രവർത്തക പ്രവാഹമാണിപ്പോൾ. എറണാകുളത്തും തൃശൂരിലും മലപ്പുറത്തുമൊക്കെ സിപിമ്മിൽ നിന്നും ബിജെപിയിൽനിന്നും മറ്റ് കക്ഷികളിൽ നിന്നും ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും കോൺ​ഗ്രസിൽ ചേർന്നു. കേരളപ്പിറവി ദിവസത്തിൽ തുടങ്ങിയ പാർട്ടി മെംബർഷിപ്പ് ക്യാംപ്‌യ്ൻ അടുത്ത വർഷം മാർച്ച് 31നു സമാപിക്കും. അതോടെ കേരളത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യകക്ഷിയായി കോൺ​ഗ്രസ് മാറും.

ഭാസ്കര റാവു പാട്ടീൽ

* ദേശീയതലത്തിലും ഒഴുക്ക് ശക്തം

കേരളത്തിൽ മാത്രമല്ല, രാജ്യത്തെമ്പാടും കോൺ​ഗ്രസിലേക്കു പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവാഹമാണിപ്പോൾ. ദേശീയ രാഷ്‌ട്രീയ യുവത്വത്തിന്റെ പ്രതീകമായ കനയ്യ കുമാർ കോൺ​ഗ്രസിലെത്തിയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അം​ഗമെന്ന പദവി ഉപേക്ഷിച്ചാണ്. ബിഹാറിൽ അദ്ദേഹത്തോടൊപ്പം ആയിരക്കണക്കിനു കമ്യൂണിസ്റ്റുകാർ കോൺ​ഗ്രസിലെത്തി. ഡൽഹിയിലും പഞ്ചാബിലും ഒഡിശയിലും അതിന്റെ അനുരണനങ്ങൾ സംഭവിച്ചു. 

​ഗുജറാത്തിലെ ദളിത് നേതാവും സ്വതന്ത്ര എംഎൽയുമായ ജി​ഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള യുവപ്രവാ​ഹമാണു കോൺ​ഗ്രസിലേക്കു വരുന്നത്. മഹാരാഷ്‌ട്ര ബിജെപി മുൻ വൈസ് പ്രസിഡന്റ് ഭാസ്കര റാവു പാട്ടീൽ, മുൻ ബിജെപി മന്ത്രി സുനിൽ ദേശായി, മുൻ ബിജെപി എംഎൽഎ ഓം പ്രകാശ് പൊകർണ തുടങ്ങി  കോൺ​ഗ്രസിലേക്കുള്ള നേതാക്കളുടെ  ഒഴുക്ക് തുടരുന്നു. കോൺ​ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെയും അവർക്കു പിന്നാലെ കൂടി കോൺ​ഗ്രസിനെ ഇപ്പോൾത്തന്നെ വിഴുങ്ങിക്കളയാം എന്നു ധരിച്ചുവച്ച സിപിഎമ്മിന്റെയും  ഉറക്കം കെടുത്തുന്ന സംഭവങ്ങളാണ് മിക്ക സംസ്ഥാനങ്ങളിലും നടക്കുന്നത്.

കനയ്യ കുമാർ, ജി​ഗ്നേഷ് മേവാനി

ഈ അവസരത്തിൽപ്പോലും കെപിസിസി ഓഫീസിനു ചുറ്റും കോർപ്പറേഷൻ വണ്ടിയുമായി നടക്കുന്ന സിപിഎം, ദേശീയ തലത്തിൽ ആരെയാണു സഹായിക്കുന്നത് എന്നുകൂടി ആലോചിക്കണം.  1979ൽ കോൺ​ഗ്രസിനെ പരാജയപ്പെടുത്താൻ സംഘപരിവാർ സംഘങ്ങൾക്കൊപ്പം ദേശീയതലത്തിലും സംസ്ഥാനതലത്തിലും സഖ്യമുണ്ടാക്കിയ പാർട്ടിയാണു സിപിഎം. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഘപരിവാറിന്റെ വോട്ട് നേടി കോൺ​ഗ്രസിനെ പരാജയപ്പെടുത്തിയ ചരിത്രവും പാണന്മാർ പാടുന്നുണ്ട്. ചരിത്രപരമായ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് സിപിഎം ചെയ്തുകൂട്ടിയത്. 2004ലെ ഒന്നാം യുപിഎ സർക്കാരിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഇടതു പക്ഷങ്ങളോടു കേന്ദ്ര മന്ത്രിസഭയിൽ ചേർന്ന് ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്വം കാണിക്കാൻ കോൺ​ഗ്രസ് ആവശ്യപ്പെട്ടതാണ്. കോൺ​ഗ്രസിന്റെ നിർബന്ധത്തിനു വഴങ്ങി സോമനാഥ് ചാറ്റർജിയെ ലോക്സഭാ സ്പീക്കറാക്കാൻ സമ്മതിച്ച് സർക്കാരിൽ നിന്നു സിപിഎം മാറി നിന്നു. എന്നാൽ 1-2-3 കരാറിന്റെ പേരു പറഞ്ഞ് കോൺ​ഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സിപിഎം, സ്പീക്കർ സ്ഥാനം രാജി വയ്ക്കാൻ സോമനാഥ് ചാറ്റർജിയോട് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ വകതിരിവുണ്ടായിരുന്ന ചാറ്റർജി അതു ചെയ്തില്ല. പ്രാദേശിക കക്ഷികളുടെ സഹായത്തോടെ കോൺ​ഗ്രസ് അധികാരം നിലനിർത്തുകയും ചെയ്തു.

നരേന്ദ്ര മോദിയും പിണറായി വിജയനും

* ഫാസിസത്തിന്റെ കുഴലൂത്തുകാർ

മതേതര ജനാധിപത്യ ശക്തികളുടെ ഏറ്റവും ശക്തമായ സഖ്യമായിരുന്നു 2004ൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ വർ​ഗീയ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തുന്നതിനു തടയിടാൻ ഈ ശക്തിക്കു കഴിഞ്ഞു. അതിന്റെ കടയ്ക്കലാണ് സിപിഎം കത്തി വച്ചത്.

2009ലെ തെരഞ്ഞെടുപ്പിൽ  സിപിഎം പാലം വലിച്ചു. പക്ഷേ, അന്ന് ഫാസിസ്റ്റ് ശക്തികളെ ചെറുക്കാനുള്ള പ്രാപ്തി കോൺ​ഗ്രസിനുണ്ടായിരുന്നു.

 തുടർന്നുള്ള നാളുകളിൽ കോൺ​ഗ്രസിനെ തകർക്കാനുള്ള വർ​ഗീയ ഫാസിസ്റ്റുകളുടെ ഹീനതന്ത്രങ്ങൾ വിജയം കണ്ടപ്പോൾ തകർന്നതു കോൺ​ഗ്രസ് മാത്രമായിരുന്നില്ല, സിപിഎം കൂടിയായിരുന്നു. 2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ മൂന്ന് എംപിമാരെയും 0.56 ശതമാനം വോട്ടും നേടിയ സിപിഎം പാർലമെന്റിൽ ഇപ്പോൾ ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് എന്ന പ്രാദേശിക പാർട്ടിക്കു തുല്യമാണ്. രണ്ട് എംപിമാരും 0.37 ശതമാനം വോട്ടും കിട്ടിയ സിപിഐയുടെ നില അതിലും പരിതാപകരം. രണ്ടു പാർട്ടികൾക്കും കൂടി കിട്ടിയ ആകെയുള്ള അഞ്ച് എംപിമാരിൽ നാലു പേരെയും വിജയിപ്പിച്ചത് കോൺ​ഗ്രസിന്റെ കൂടി സഖ്യത്തിലാണെന്നും അന്തം കമ്മികൾ മറക്കരുത്.

ഇതായിരുന്നോ, ഒന്നാം പാർലമെന്റിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ  അവസ്ഥ? 16 എംപിമാരും 3.27 ശതമാനം വോട്ടും നേടിയ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി, കോൺ​ഗ്രസിനും സോഷ്യലിസ്റ്റ് പാർട്ടിക്കും പിന്നിൽ മൂന്നാമതയാരുന്നു. ഔദ്യോ​ഗിക പ്രതിപക്ഷമെന്ന പദവി നൽകി പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആ​ഗ്രഹി‌ച്ചതും ആവശ്യപ്പെട്ടതും രാജ്യത്ത് കോൺ​ഗ്രസിന് ബദൽ കമ്യൂണിസ്റ്റ് പാർട്ടി എന്നായിരുന്നു. പാർലമെന്റിൽ സ്വന്തം സമയം കൂടി പ്രതിപക്ഷ നേതാവിനു പ്രസം​ഗിക്കാൻ നൽകിയ നെഹ്റു, ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ അതുൾക്കൊള്ളാനുള്ള ആർജവം ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾക്കുണ്ടായില്ല. പ്രതിസന്ധിഘട്ടത്തിൽ ദേശീയതയെപ്പോലും വെല്ലുവിളിച്ച് വിദേശശത്രുവിനു വേണ്ടി ചാരപ്പണി നടത്തുകയാണ് അവർ ചെയ്തത്.

 അപ്പോഴും കോൺ​ഗ്രസ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ വിശ്വസിച്ചു. കാരണം കമ്യൂണിസത്തെക്കാൾ അപകടകാരിയാണ് ഫാസിസം എന്ന തിരിച്ചറിവായിരുന്നു. 1990ലും 91ലും ഇന്ത്യയുടെ പ്രധാനമന്ത്രിപദം വാ​ഗ്ദാനം ചെയ്ത് സിപിഎമ്മിനെ സമീപിച്ചത് അന്നത്തെ കോൺ​ഗ്രസ് നേതാവ് രാജീവ് ​ഗാന്ധി. അതിന്റെ വസ്തുതകളും കാരണങ്ങളും സിബിഐ മുൻ ഡയറക്റ്ററും പശ്ചിമബം​ഗാളിൽ നിന്നുള്ള ബ്യൂറോക്രാറ്റുമായ അരുൺ പ്രസാദ് മുഖർജി തന്റെ ആത്മകഥയിൽ വിശദമാക്കുന്നുണ്ട്. സിപിഎം എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ വകതിരിവില്ലായ്മയും മണ്ടത്തരങ്ങളുമാണ് നിഷ്പക്ഷ നിരീക്ഷണത്തിലൂടെ മുഖർജി വിശദമാക്കുന്നത്.

 സർ​ഗാത്മകമായ പ്രതിപക്ഷ ബഹുമാനം കോൺ​ഗ്രസിനോട് കാണിക്കാതിരുന്നതാണ് സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. അവരുടെ രാഷ്‌ട്രീയമായ നെറികേട് ദേശീയതലത്തിൽ ഫാസിസ്റ്റ് ഭരണകൂടത്തിന് അവസരമൊരുക്കി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ. ​ഗോപാലൻ ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെക്കാൾ 0.21 ശതമാനം വോട്ട് കുറവുണ്ടായിരുന്ന ജനസംഘത്തെയും അതിന്റെ നേതാവ് അടൽ ബിഹാരി വാജ്പേയിയെയും കോൺ​ഗ്രസ് മൂലയ്ക്കിരുത്തി. പിന്നീട് ഓരോ ഘട്ടത്തിലും കോൺ​ഗ്രസിനെ തള്ളിപ്പറഞ്ഞും ജനസംഘത്തോടൊപ്പം കൂടിയും ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിക്കുന്നതിന് കൂട്ടു നിൽക്കുകയായിരുന്നു, സിപിഎം.

വർ​ഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടം നയിക്കാൻ കോൺ​ഗ്രസിനു മാത്രമേ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണ് ചെറിയാൻ ഫിലിപ്പിനെപ്പോലുള്ള പഴയ കോൺ​ഗ്രസുകാർ തറവാട്ടിലേക്കു മടങ്ങുന്നതും കനയ്യ കുമാറിനെപ്പോലുള്ള കമ്യൂണിസ്റ്റ് യുവത്വം മാറി ചിന്തിക്കുന്നതും.

Related posts

Leave a Comment