അളമുട്ടിയാൽ ​ഗവർണറും കടിക്കും

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

ളമുട്ടിയാൽ ചേരയും കടിക്കുമെന്നാണ് അനുഭവജ്ഞാനികൾ പറയുന്നത്. കേരളത്തിലെ കാടുമൂടിക്കിടക്കുന്ന സർവകലാശാലകളിൽ വല്ലപ്പോഴും മാത്രം തലപൊക്കുന്ന വെറും ചേരമാത്രമാണ്  ചാൻസലറായ ​ഗവർണർ എന്ന് അറിയാത്തവരായി ഭൂമിമലയാളത്തിൽ ആരുമുണ്ടാവില്ല. ചവിട്ടിയാൽപ്പോലും അതു കടിക്കില്ല. പക്ഷേ, വല്ലാതങ്ങു ചവിട്ടിക്കൂട്ടിയപ്പോളാണ് ആരിഫ് മുഹമ്മദ് ഖാൻ വായ തുറന്നത്. ഇങ്ങനെയിട്ടു ചവിട്ടാനാണു പരിപാടിയെങ്കിൽ വേറേ ആളെ നോക്കാൻ അദ്ദേഹം തുറന്നുപറഞ്ഞു. പക്ഷേ, വിട്ടുകൊടുക്കാൻ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ ഭരിപ്പിക്കുന്ന സിപിഎമ്മോ തയാറല്ല, ​ഗവർണറുടെ ‘റസിഡന്റ് പൂതി’ മനസിലിരിക്കട്ടെ എന്നാണ് രണ്ടു പേരുടെയും പക്ഷം.

  • വിഷയം കണ്ണൂർ മാത്രമല്ല

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതു മാത്രമല്ല ​ഗവർണറെ അസ്വസ്ഥനാക്കുന്നത്.  സർവകലാശാലകളിൽ ചാൻസലറായ ​ഗവർണർക്കെന്തു കാര്യം എന്ന സിപിഎമ്മിന്റെ പൊതുനിലപാടിനോടാണ് വിയോജിപ്പ്. കേരള കലാമണ്ഡലം ഡീമ്ഡ് സർവകലാശാലയുടെ ചാൻസലാറിയിരിക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യോ​ഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ടി.കെ. നാരായണൻ കേരള ഹൈക്കോടതിയെ സമീപിച്ചതാണ് ഗവർണറെ ഏറെ ചൊടിപ്പിച്ചത്.

കാലിനു പറ്റിയ ചെരിപ്പല്ല, ചെരിപ്പിനു പറ്റിയ കാലാണു കേരളത്തിലെ സർവകലാശാലകൾ തെരയുന്നത്. അതിനു നിയമങ്ങൾ സൗകര്യപൂർവം വളച്ചൊടിക്കും. സർവകലാശാലകളെ നിയന്ത്രിക്കുന്നത് യുജിസി ആണെന്നാണു വയ്പ്. പക്ഷേ, ഈ നിബന്ധനകൾ മറികടക്കാൻ സർവകലാശാലകൾക്ക് അതിന്റേതായ ചട്ടങ്ങൾ വേറേയുമുണ്ട്. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കുന്നതിനു സർവകലാശാലയുടെ നിയമങ്ങൾ കാറ്റിൽപ്പറത്തി. വൈസ് ചാൻസിലറുടെ ഉയർന്ന പ്രായം 60 വയസായിരിക്കണമെന്ന സർവകലാശാലാ നിയമം അവിടെ അട്ടിറിച്ചു. കണ്ണൂർ വിസിയെ നിയമിക്കുന്നതിന് യുജിസി മാനദണ്ഡപ്രകാരം

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ചതാണ്. ഡോ.ബി. ഇക്ബാൽ, ഡോ. തിമ്മ ​ഗൗഡ, ഡോ. വി.കെ. രാമചന്ദ്രൻ എന്നിവരടങ്ങിയ ഉന്നതതല വിദ​ഗ്ധരെ ഉൾപ്പെടുത്തി പുതിയ വിസിയെ കണ്ടെത്താനുള്ളവരുടെ പാനൽ തയാറാക്കാനും ഉത്തരവായി. ഈ കമ്മിറ്റി നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ കഴിഞ്ഞ നവംബർ 22ന്  വിദ​ഗ്ധ സമിതിയെ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. തൊട്ടടുത്ത ദിവസം നിലവിലെ വിസി ഡോ. ​ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ ​ഗവർണറെക്കൊണ്ട് ഒപ്പു വയ്പിച്ചു.

  • കാലടി സംസ്കൃത സർവകലാശാലയിൽ യുജിസി ഔട്ട്!

 എന്നാൽ കാലടി സർവകലാശാലയിലെത്തിയപ്പോൾ ചവിട്ടുകൊണ്ടത് യുജിസി ചട്ടങ്ങൾക്കാണ്. യുജിസി മാനദണ്ഡപ്രകാരം പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിന് ​ഗവർണർ വിദ​ഗ്ധ സമിതിയെ നിയമിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. വിസി ആകാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക നിർദേശിക്കാനാവശ്യപ്പെട്ട് സെപ്റ്റംബർ ഒൻപതിനാണ് വിജ്ഞാപനമിറങ്ങിയത്. ചട്ടപ്രകാരം നവംബർ എട്ടിനകം ഈ സമിതി അപേക്ഷകൾ പരിശോധിച്ച് യോ​ഗ്യതയുള്ളവരുടെ പട്ടിക ഷോർട്ട് ലിസ്റ്റ് ചെയ്യണം. അറുപതു ദിവസത്തിനുള്ളിൽ ഈ ലിസ്റ്റ് നൽകുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരിന് ഒരാളെയോ ഒന്നിലധികം പേരെയോ നാമനിർദേശം ചെയ്യാം. ​അതിന്റെ അടിസ്ഥാനത്തിൽ ഒരാളെ ​ഗവർണർക്കു നിയമിക്കാം.

കാലടി സർവകലാശാലയുടെ വിസി നിയമനത്തിനു ​ഗവർണർ രൂപീകരിച്ച വിദ​ഗ്ധ സമിതിയുടെ പ്രവർത്തനം മരവിപ്പിക്കുകയാണ് സർക്കാർ ആദ്യം ചെയ്തത്. അതോടെ പട്ടികയിൽ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ആൾ മാത്രം വരുമെന്ന അവസ്ഥയെത്തി. ചാൻസലർ എന്ന പദവിയിലിരുന്ന് തന്റെ വിവേചനാധികാരം പ്രയോ​ഗിക്കാനുള്ള പഴുതു പോലും ​ഗവർണർക്കു നൽകിയില്ല. കാലടി സംസ്കൃത  സർവകലാശായുടെ വൈസ് ചാൻസലറായി സംസ്ഥാന സർക്കാർ നിശ്ചിയിക്കുന്നയാളെ ​ഗവർണർ അം​ഗീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ​ഗവർണറോടു ശുപാർശ ചെയ്തപ്പോഴാണ് ഒരു റബർ സ്റ്റാംപിന്റെ വില പോലും സർവകലാശാല ഭരണത്തിൽ തനിക്കില്ലെന്നു മുഹമ്മദ് ആരിഫ് ഖാനു ബോധ്യപ്പെട്ടത്. സർവകലാശാല ഭരണത്തിൽ ചാൻസലർ ഇടപെടരുത്, അവശ്യം ഘട്ടങ്ങളിൽ പ്രൊ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടോളാം എന്നായിരുന്നു കാലടി സർവകലാശാല വിസിയുടെ നിയമന നടപടികളിലൂടെ സിപിഎം വ്യക്തമാക്കിയത്.

വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അം​ഗങ്ങളെ നിയമിക്കുന്നതും ​ഗവർണറാണ്. എന്നാൽ കേരളത്തിലെ ഒരു  സർവകലാശാലയിലെയും ബോർഡ് ഓഫ് സ്റ്റഡീസിൽ  ​ഗവർണറുടെ നോമിനിയെ ഉൾപ്പെടുത്തിയില്ല.  എല്ലാ നിയമനവും നടത്തിയത് സിപിഎം നേതൃത്വവും അവരുടെ അധ്യാപക സംഘടനാ നേതാക്കളുമാണ്. കണ്ണൂർ സർവകലാശാലയിൽ മാത്രം 71 അധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചത്.

 വൈസ് ചാൻസലർ നിയമനങ്ങൾക്ക് അക്കാഡമിക് മികവിനെക്കാൾ പ്രധാനം സിപിഎം താത്പര്യങ്ങൾക്കാണെന്ന് മുഹമ്മദ് ആരിഫ് ഖാന് ബോധ്യമായി. അതുകൊണ്ടാണ് ചാൻസലർ പദവി ഏറ്റെടുക്കാൻ ​ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രൊ ചാൻസലറയിരിക്കാമെങ്കിൽ മുഖ്യമന്ത്രിക്ക് ചാൻസലറായിരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. സിപിഎമ്മിന് അതു സ്വീകാര്യമായേക്കാം. രോ​ഗി ഇച്ഛിക്കുന്നതു തന്നെ വൈദ്യൻ കല്പിച്ചല്ലോ എന്നു സമാധാനിക്കുകയുമാകാം. പക്ഷേ, ഇന്ത്യയിലൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണ് ഈ മനപ്പായസമെന്നും മറക്കരുത്.

  • എല്ലാം തിരുമാനിക്കുന്നത് സിപിഎം പോഷക സംഘടനകൾ

കേരളത്തിലെ സർവകലാശാലകളിലും ക്യാംപസുകളിലും നടക്കുന്നത് സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ​ഗൂണ്ടായിസമാണ്. പൂർണമായും ഈ സംഘടനകളാണ് തീരുമാനിക്കുന്നതെന്നും കരുതരുത്. സിപിഎം നേതാക്കളുടെ ഇം​ഗിതങ്ങൾ നടപ്പാക്കുന്ന ജോലി മാത്രമാണ് സംഘടനാ നേതാക്കൾക്കുള്ളത്. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ കാര്യത്തിൽ കേരളം കണ്ടതാണത്. സിപിഎം അനുകൂല അധ്യാപക സംഘടനയുടെ നേതാവായിരുന്ന പ്രിൻസിപ്പൽ ഡോ. പി.എ. ജയദേവനെ മൂലയ്ക്കിരുത്തി, താരതമ്യേന വളരെ ജൂനിയറായ ബിന്ദുവിനെ തൃശൂർ കേരള വർമ കോളെജിന്റെ തലപ്പത്തിരുത്തിയതിനു ഒരൊറ്റ കാരണമേയുള്ളൂ. അവർ സിപിഎം നേതാവാണ്. മാത്രവുമല്ല, ഇടതുമുന്നണി കൺവീനറും അന്നത്തെ സിപിഎം ആക്റ്റിം​ഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്റെ ഭാര്യ ആണെന്ന അധിക യോ​ഗ്യതയും. ആത്മാഭിമാനം പണയപ്പെടുത്തി അവർക്കു കീഴിൽ പണി ചെയ്യാൻ പറ്റാത്തതു കൊണ്ട് ജയദേവൻ  രാജി വച്ചുപോയി. പുകഞ്ഞവള്ളി പുറത്തെന്ന് സിപിഎം തീർപ്പാക്കുകയും ചെയ്തു.

  • എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, അനുമതിയോടെ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിന് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലി വേണം. അതിന് ഡോ. ​ഗോപിനാഥ് രവീന്ദ്രനെപ്പോലൊരാൾ വിസി ആയി തുടരണം. കണ്ണൂരിൽ അതാണു സിപിഎമ്മിന്റെ താത്പര്യം. കേരളത്തിലെ മറ്റു സർവകലാശാലകളിലെല്ലാം കൂടി ഏതാണ്ട് ഒരു ഡസണോളം അധ്യാപക തസ്തികകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാരും അടുത്ത ബന്ധുക്കളും നിയമനം കാത്തു കഴിയുന്നുണ്ട്. അവരുടെ നിയമനങ്ങൾക്ക് അം​ഗീകാരം കിട്ടണമെങ്കിലും റാൻ മൂളികളായവരെ വിസിമാരാക്കിയേ പറ്റൂ. അതുകൊണ്ട് വിസി നിയമനത്തിന് സർക്കാർ പറയുന്നിടത്തൊക്കെ കൈയൊപ്പ് ചാർത്തുക മാത്രമേ ​ഗവർണർക്കു വഴിയുള്ളൂ. കൂടുതൽ ശഠിച്ചാൽ ​ഗവർണറുടെ ഉപദേശം പിണറായി വിജയൻ സ്വീകരിക്കും. ഒരു ഓർഡിനൻസ് ഇറക്കി സർവകലാശാലാ ഭരണത്തലപ്പത്ത് പിണറായി വിജയൻ തന്നെ സ്വയം അവരോധിതനാകും. പിന്നൊന്നും പേടിക്കാനില്ല. കേരളത്തിലെ 13 സർക്കാർ നിയന്ത്രിത സർവകലാശാലകളുടെയും ഭരണം എകെജി സെന്ററിനു കീഴിലാക്കും.

ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയധികം അഴിമതിക്കുരുക്കിൽ പെട്ട അനു‌ഭവം കേരള ചരിത്രത്തിലില്ല.  മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെക്കാളും അവിടുത്തെ സർവകലാശാലകളെക്കാളും പ്രധാനം അദ്ദേഹത്തിന്റെ പാർട്ടിയാണെന്നു​ ഗവർണർക്കു ബോധ്യമായി. പാർട്ടിക്കു വേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നതും പ്രയത്നിക്കുന്നതും. നെറികേടുകളുടെ ഭരണകുടിലതകൾക്ക് ഇതിൽപ്പരം ഒരു സർട്ടിഫിക്കറ്റ് വേണ്ട. പക്ഷേ, അരുതാത്തിടുത്ത് ആലു കിളിർത്താൽ അതും തണലാക്കുന്നവരെ നേർവഴിക്കു നടത്താൻ ഒരു ​ഗവർണ‌ർ വിചാരിച്ചാൽ നടപ്പില്ലെന്നെങ്കിലും തൽക്കാലം സമാധാനിക്കുക,  മുഹമ്മദ് ആരിഫ് ഖാൻ. 

Related posts

Leave a Comment