വേട്ടക്കാർക്കൊപ്പം പായുന്ന കേരള പൊലീസ്

  • മൂന്നാം കണ്ണ് 
  • സി.പി. രാജശേഖരൻ

സിപിഎമ്മിൽ ഇതു സമ്മേളനകാലമാണ്. കേരളത്തിൽ കഴിഞ്ഞ ആറു വർഷമായി തുടരുന്ന ഭരണധൂർത്തിന്റെ പട്ടും പകിട്ടും പ്രകടിപ്പിക്കാനുള്ള വേദിയായി കണ്ണൂരിലെ 23ാം പാർട്ടി കോൺ​ഗ്രസ് മാറുമെന്ന് ഉറപ്പ്. അതിനു മുന്നോടിയായി ജില്ലാടിസ്ഥാനത്തിൽ നടക്കുന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളും പകിട്ടൊട്ടും ചോരാതെ തുടരുകയാണ്. ഈ സമ്മേളനങ്ങളിൽ  ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു ഭരിക്കുന്ന ആഭ്യന്തരം തന്നെ. ആഭ്യന്തര വകപ്പിന്റെ ചുമതല മുഖ്യമന്ത്രി ഒഴിയണമെന്ന ആവശ്യം പോലും ചില സമ്മേളനങ്ങളിൽ ഉയർന്നു കേട്ടു. ഈ ആവശ്യം ഉന്നയിച്ച പ്രാദേശിക നേതാക്കളുടെ ഭാവി എന്താണെന്നു കണ്ടറിയണം. അതവിടെ നിൽക്കട്ടെ. , സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്കു പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം കുത്തഴിഞ്ഞുപോയിരിക്കുന്നു കേരളത്തിലെ പൊലീസിം​ഗ് എന്നതാണ് നമ്മൾ നേരിടുന്ന വലിയ വെല്ലുവിളി.

മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് കേരളത്തിലെ സ്ത്രീത്വമാണ്. പരാതിയുമായി കേരളത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിലേക്ക് സ്ത്രീ‌-പുരുഷ ഭേദമെന്യേ ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്.‌ ആരെങ്കിലും കടന്നു ചെന്ന് സങ്കടം ബോധിപ്പിക്കാൻ ശ്രമിച്ചാൽ അവരെ മനോരോ​​ഗിയാക്കി മുദ്രകുത്തി കൊലക്കയർ കാട്ടിക്കൊടുക്കും കേരള പൊലീസ്. ആലുവയിലെ മോഫിയ പർവീൺ എന്ന നിയമ വിദ്യാർഥിനിക്ക് സംഭവിച്ചത് അതാണ്. പരാതിക്കാരിയായ മോഫിയക്കൊപ്പം ആയിരുന്നില്ല, ഡിവൈഎഫ്ഐ നേതാവിനൊപ്പം ഹാജരായ വേട്ടക്കാരന്റെ പക്ഷത്തായിരുന്നു ആലുവയിലെ പൊലീസ്.

കൊച്ചിയിൽ യുവകേരളത്തിന്റെ അഭിമാനങ്ങളാകേണ്ടിയിരുന്ന രണ്ട് പ്രമുഖ വനിതാമോഡലുകളുടെ അരുംകൊലയ്ക്ക് പിന്നിലും കേരള പൊലീസിന്റെ വികൃതമുഖമുണ്ടെന്ന കണ്ടെത്തൽ ആരെയാണു നടുക്കാത്തത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനത്തിന്റെ പ്രധാന സിരാ കേന്ദ്രത്തിൽ വച്ച് രണ്ടു യുവതികളെ വേട്ടമൃ​ഗങ്ങളെപ്പോലെ ഓടിച്ചിട്ടു കൊലപ്പെടുത്തിയ നരാധമന്മാരുടെ കൈയാളുകളായി കൊച്ചിയിലെ ചില ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുണ്ടെന്നാണ് വെളിച്ചത്തു വരുന്നത്. 18 ഹോട്ടലിൽ ഈ ഉന്നത ഉദ്യോ​ഗസ്ഥർക്ക് വേണ്ടി സ്ഥിരം മുറികൾ വരെ ഉണ്ടായിരുന്നുവത്രേ.

കലൂരിൽ ഭ​ഗവാൻ ശ്രീകൃഷ്ണന്റെ ഉറിയും അയ്യപ്പസ്വാമിയുടെ മണിയും മോശയുടെ വടിയും തിരുനബിയുടെ മുടിയുമൊക്കെ സൂക്ഷിച്ചുവച്ച ഒരു കാട്ടുകള്ളന്റെ വീടിനു കാവൽ നിന്നത് സംസ്ഥാന പോലീസ് മേധാവിയും അഡിഷണൽ ഡിജിപിമാരും ഐജിയും ഡിഐജിയുമൊക്കെയായിരുന്നു. അപ്പോഴും സാധാരണക്കാരന്റെ ജീവനും സ്വത്തും പൊതുവഴികളിൽ വെല്ലുവിളിക്കപ്പെട്ടു.

തുളസീധരൻ നായർ

തലസ്ഥാന ജില്ലയിലെ മം​ഗലപുരം സ്റ്റേഷനിൽ പരാതിയുമായെത്തിയ കണിയാപുരം ചിറയ്ക്കൽ ആസിയ മൻസിലിൽ അനസ് എന്ന ചെറുപ്പക്കാരന്റെ ദുർവിധി കേട്ടാൽ ആരായാലും നിലവിളിച്ചുപോകും. അനസിനെ നടു റോഡിൽവച്ച് ഒരു സംഘം ​ഗൂണ്ടകൾ ക്രൂരമായി മർദിച്ചു. ജീവച്ഛവമാക്കപ്പെട്ട അനസ് മരിച്ചെന്നു കരുതി സംഘം അയാളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. നാട്ടുകാർ ഇയാളെ ആദ്യം ആശുപത്രിയിലും പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനിലുമെത്തിച്ചു. പരാതി കേട്ട മം​ഗലപുരം പൊലീസ് ഇൻപെക്റ്റർ തുളസീധരൻ നായർ അയാളെ ആട്ടിയോടിച്ചു. അനസിന്റെ പരാതി രേഖാമൂലം സ്വീകരിക്കാൻ പോലും കൂട്ടാക്കിയില്ല. ഇൻസ്പെക്റ്ററുടെ മിത്രങ്ങളായ കൊടും ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കാനും ഇൻസെപ്ക്റ്റർ മെനക്കെട്ടില്ല. സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ വൈറലായപ്പോൾ‌ മേഖലാ ഡിഐജി നേരിട്ട് ഇടപെട്ട് അന്വേഷിച്ചു. അനസിന്റെ പരാതി സ്വീകരിക്കാതിരുന്ന ഇൻസ്പെക്റ്ററുടെ ഭാ​ഗത്ത് ​ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇൻസ്പെക്റ്റർ തുളസീധരൻ നായരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് ആസ്ഥാനത്തു നിന്ന് സസ്പെൻഷൻ ഓർഡർ ഇറങ്ങിയത്. അന്നു തന്നെ ഇൻസ്പെക്റ്റർ തുളസീധരൻ നായർ തന്റെ വാട്സപ് പ്രൊഫൈൽ മാറ്റി. വിജയത്തിന്റെ തമ്പ് പതിപ്പിച്ച് ഒരു​ഗ്രൻ കമന്റും കുറിച്ചു, “പോടാ പുല്ലേ..!” ആരാണ് ഈ പുല്ലെന്നാണ് മം​ഗലപുരത്തുകാർ ഇപ്പോൾ അന്വേഷിക്കുന്നത്. തനിക്കെതിരേ റിപ്പോർട്ട് നൽകിയ ഡിഐജിയാണെന്ന് ഒരു പക്ഷം. അല്ല ഉത്തരവിറക്കിയ പൊലീസ് മേധാവിയാണെന്ന് വേറൊരു പക്ഷം. അതുമല്ല പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യ മന്ത്രിതന്നെയെന്ന് മൂന്നാമതൊരു പക്ഷം.‌ ഇവരെല്ലാം തികഞ്ഞ കേരള പൊലീസ് തന്നെയാണ് വിവക്ഷയെന്ന് പക്ഷമില്ലത്താവരുടെ പക്ഷം.

ഓരോന്നും നമ്മൾ മറന്നു തുടങ്ങുമ്പോഴേക്കും പുതിയതൊന്നുമായി പൊലീസ് രം​ഗത്തെത്തും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരള പൊലീസിൽ പുതുതായി ഏർപ്പെടുത്തിയ പരിഷ്കാരമായിരുന്നു പിങ്ക് പ്രൊട്ടക്‌ഷൻ പ്രോജക്റ്റ്. പീഡനം നേരിടുന്ന സ്ത്രീകളെ അവരുടെ വീടുകളിൽ വരെ കടന്നു ചെന്ന് കണ്ടുപിടിച്ചു സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള പിങ്ക് പൊലീസിന്റെ പ്രത്യേക വിഭാ​ഗമായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലൈ 19നാണ് പോലീസ് ആസ്ഥാനത്തു വച്ച് മുഖ്യമന്ത്രി ഈ സംഘത്തെ ഫ്ലാ​ഗ് ഓഫ് ചെയ്തത്. പത്ത് പുതുപുത്തൻ കാറുകൾ 20 ബുള്ളറ്റുകൾ, 20 സൈക്കിളുകൾ എന്നിവ നൽകി പിങ്ക് പ്രോട്ടക്‌ക്ഷൻ സേനയെ മുഖ്യമന്ത്രി കൊടി വീശി പുറത്തിറക്കി. കേരളത്തിലെ 14 ജില്ലകളിലും സമാനമായ സംവിധാനം ഒരുക്കുമെന്ന് പൊലീസ് മേധാവി അനിൽ കാന്ത് വിളംബരം ചെയ്തു. ഈ സേന രൂപീകരിച്ചിട്ട് നാല് മാസം പിന്നിട്ടു. ഇതുവരെ ഏതെങ്കിലും സ്ത്രീകളുടെ രക്ഷയ്ക്ക് പിപിപി എത്തിയതായി ആർക്കും അറിവില്ല. അതേ സമയം ഉപദ്രവിച്ചതിനു നിരവധി ഉദാഹരണങ്ങളുണ്ടുതാനും.

 പിങ്ക് പ്രോട്ടക്ഷൻ പ്രോജക്റ്റ് രൂപീകരിക്കപ്പെട്ട് കൃത്യം ഒരു മാസത്തിനുള്ളിൽ അതിലെ ഒരു ഓഫീസർ, ആറ്റിങ്ങലിൽ ഒരു എട്ടാം ക്ലാസുകാരിയെയും അവളുടെ പിതാവിനെയും കള്ളന്മാരാക്കി മുൾമുനയിൽ നിർത്തി. ഈ കുട്ടി ഇപ്പോഴും മാനസിക പിരിമുറുക്കത്തിനുള്ള കൗൺസിലിങ്ങിലാണ്. സർക്കാരാവട്ടെ, കുറ്റവാളിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ഉദ്യോ​ഗസ്ഥ ഇപ്പോഴും സർവീസിലുണ്ടോ എന്ന് ചോദിച്ചത് ഹൈക്കോടതി. എന്നിട്ടും സർക്കാർ വേട്ടക്കാരുടെ പക്ഷത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്നു.

ഇങ്ങനെ എത്രയെത്ര കേസുക‌ളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. മാനഭം​ഗത്തിനും പീഡനങ്ങൾക്കും പ്രണയ നൈരാശ്യത്തിലും ഇത്രയധികം പെൺകുട്ടികൾ വധിക്കപ്പെട്ട കാലമുണ്ടായിട്ടില്ല, കേരളത്തിൽ. കൊല്ലം അഞ്ചലിലെ ഉത്രയും പോരുവഴിയിലെ ഡോ. വിസ്മയയും മറ്റ് അനേകരും ഉദാഹരണങ്ങൾ. അതിലെ അവസാന ഇരയാണ് ആലുവയിലെ മോഫിയ പർവീൺ.

മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം പൊലീസ് നിഷ്ക്രിയത്വത്തിന് ഏറ്റവും വ്യക്തവും ശക്തവുമായ ഉദാഹരണമാണ്.  റൂറൽ  ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ പൊലീസിന്റെ വീഴ്ച എടുത്തുപറയുന്നുണ്ട്. ഭർതൃഭവനത്തിൽ താൻ അനുഭവിച്ച കൊടും യാതനകളെക്കുറിച്ച് ഈ യുവതി നേരിട്ടെത്തിയാണ് ആലുവ ഈസ്റ്റ് പൊലീസിൽ പരാതിപ്പെട്ടത്. സ്ത്രീപീഡനത്തിനെതിരായ കേസുകൾ  ഇരയുടെ വീട്ടിലെത്തി സ്വീകരിച്ച് കർശന നടപടി സ്വീകരിക്കാൻ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്റ്റ് തയാറാക്കിയ പിണറായിയുടെ പൊലീസ് മോഫിയയോട് ഇത്തിരി കാരുണ്യം കാണിച്ചിരുന്നെങ്കിൽ ഈ യുവതി ഇപ്പോഴും ജീവിച്ചിരിക്കു‌മായിരുന്നു. പക്ഷേ, ആലുവയിൽ, റൂറൽ ജില്ലാ പൊലീസ് മേധിവിക്കു നേരിട്ടു നൽകിയ പരാതി ഇരുപത്തഞ്ചു ദിവസത്തോളം പൂഴ്ത്തിവച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സങ്കടം പറഞ്ഞപ്പോൾ മോഫിയയെ മനോരോ​ഗിയാക്കി ചിത്രീകരിക്കുകയായിരുന്നു, സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എൽ. സുധീർ ചെയ്തത്. അതിൽ മനംനൊന്താണ് മോഫിയ ജീവനൊടുക്കിയത്.

സിഐ സുധീർ

മോഫിയയുടെ ആത്മഹത്യയിൽ ഈസ്റ്റ് പോലീസിന് ഗുരുതര പിഴവുകൾ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.  ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ്. 25 ദിവസം ഈ പരാതിയിൽ സിഐ സുധീർ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.

എന്നിട്ടും സിഐ സുധീറിനെ സംരക്ഷിക്കാനാണു സർക്കാർ ശ്രമിച്ചത്. അയാളെ പൊലീസ് ആസ്ഥാനത്തേക്കു സുഖവാസത്തിനയച്ചു. ഈ നെറികേടിനെതി‌രേ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അഴിച്ചുവിട്ട പ്രചണ്ഡ പ്രചാരത്തിൽ നാട് അപ്പാടെ ഉണർന്നെഴുന്നേറ്റു. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോൺ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുന്നു ദിവസം നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിലാണ് മനസില്ലാ മനസോടെ സിഐ സുധീറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

Anwar Sadath, MLA, Benny Behennan, MP, Mohammed Shiyas, DCC president, and M O John, Municipal chairman, stage a sit-in protest on Wednesday.

ലക്ഷക്കണക്കിനു കോൺ​ഗ്രസ് പ്രവർത്തകരുടെ ചോരയിൽ നിന്നുൾക്കൊണ്ട ചൂടും മോഫിയയുടെ മാതാപിതാക്കളുടെ കണ്ണീരിന്റെ ചൂരും സമന്വയിച്ചുണ്ടായ പ്രതിഷേധാ​ഗ്നിയിലാണ് പിണറായി വിജയന്റെ ധാർഷ്ട്യം വെണ്ണീ‌റായത്. ഇതൊരു മുന്നറിയിപ്പാണ്.  കോവിഡിന്റെ മറവിൽ ജനരോഷം മറികടന്ന് വീണ്ടും അധികാരത്തിലെത്തിയ പിണറായി വിജയന്റെ ഭരണധാർഷ്ട്യത്തിനെതിരായ ജനമുന്നേറ്റത്തിന്റെ വിളംബരം. അതുൾക്കൊള്ളാൻ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസിനും കഴിയുന്നില്ലെങ്കിൽ ആലുവയിൽ ജ്വലിച്ചുയർന്ന പ്രതിഷേധാ​ഗ്നി കേരളമെമ്പാടും ആളിപ്പടരും. അതിനുള്ള ഊർജമാണ് കേരളീയ ജനത സമാഹരിക്കുന്നത്.

Related posts

Leave a Comment