സിപിഎം പിന്തുടരുന്ന ദേശീയ പാപ്പരത്തം

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

ടുത്ത വർഷമാദ്യം അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ​ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ മിക്കവാറും അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. ഏതാണ്ട് അതിനടുത്താണ് സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺ​ഗ്രസ് കേരളത്തിൽ വച്ചു നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും സിപിഎമ്മിന് നിലവിൽ ഒരു എംഎൽഎ പോലുമില്ല. ഒരു പഞ്ചായത്ത് അം​ഗം പോലുമില്ലെന്ന് ആലങ്കാരികമായി പറയാം. എന്നാൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തും കോൺ​ഗ്രസുമായി സഖ്യം വേണ്ടെന്ന അതിപ്രധാനമായ തീരുമാനമെടുത്തിരിക്കുന്നു, സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ.

സീതാറാം യെച്ചൂരി

ഒന്നാം പാർലമെന്റിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി. ഔദ്യോദ‌ഗികമായി അം​ഗീകരിക്കേണ്ടിതില്ലായിരുന്നിട്ടും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സിപിഐയുടെ നേതാവ് എ.കെ. ​ഗോപാലനെ ഔദ്യോ​ഗികമായിത്തന്നെ ലോക്സഭയിലെ പ്രതിപക്ഷ നേതാവാക്കി. സഭയിൽ തനിക്കു ലഭിച്ച സമയം കൂടി പ്രതിപക്ഷ നേതാവിനു നൽകി, പാർലമെന്ററി നടപടികളിൽ സിപിഐയെ മുഖ്യധാരയിലെത്തിക്കാൻ കോൺ​ഗ്രസും അതിന്റെ പ്രധാനമന്ത്രിയും അനുവദിച്ചു. തുടർന്നിങ്ങോട്ടും കോൺ​ഗ്രസിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള സമീപനം ഏറെക്കുറെ ഇതു തന്നെയായിരുന്നു.

രാജീവ് ഗാന്ധി

1990കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ഭരണ നേതൃത്വം തന്നെ സിപിഎമ്മിനു വാ​ഗ്ദാനം ചെയ്തു, അന്നത്തെ കോൺ​ഗ്രസ് അധ്യക്ഷൻ രാജീവ് ​ഗാന്ധി. ഒരിക്കലല്ല, രണ്ടു തവണപ്രധാനമന്ത്രിയാകാൻ അദ്ദേഹം ബം​ഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ ക്ഷണിച്ചു. പക്ഷേ, പാർട്ടി കാണിച്ച ചരിത്രപരമായ മണ്ടത്തരം മൂലം രാജ്യത്ത് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരി ഉണ്ടായില്ല. പക്ഷേ, അങ്ങനെയൊരു മണ്ടത്തരത്തിനു കാത്തു നിന്നില്ല, സോമനാഥ് ചാറ്റർജിയെന്ന രാഷ്‌ട്രീയ ഇതിഹാസം. പതിന്നാലാം ലോക്സഭയുടെ സ്പീക്കറാകാൻ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമതു സമ്മതിച്ചു. പദവിയിൽ നിന്നു രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടപ്പോൾ, പോയി പണിനോക്കാൻ പറയുകയും ചെയ്തു, ചാറ്റർജി.

ജ്യോതി ബസു

 പ്രത്യശാസ്ത്ര പ്രതിബന്ധങ്ങളുയർത്തി സിപിഎം നേതൃത്വം കാണിച്ച മണ്ടത്തരങ്ങളുടെ ബാക്കി പത്രമാണ് ലോക്സഭയിൽ ഇപ്പോൾ അവർക്കുള്ള ആകെ അം​ഗബലം. സിപിഎമ്മിന് ആകെ മൂന്ന് എംപിമാരുള്ളതിൽ രണ്ടു പേരേ തെരഞ്ഞെടുത്തതു കോൺ​ഗ്രസുകാരാണെന്നു കൂടി കോൺ​ഗ്രസുമായി സഖ്യം വേണ്ടെന്നു തീരുമാനമെടുത്ത സിപിഎം പൊളിറ്റ് ബ്യൂറോ ഓർക്കണം.

സോമനാഥ് ചാറ്റർജി

ഒരു എംഎൽഎ പോലുമില്ലാത്ത സംസ്ഥാനങ്ങൾ

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, മണിപ്പൂർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഒരിടത്തുപോലും സിപിഎമ്മിന് ഒരു എംഎൽഎ പോലുമില്ല. എന്നാൽ പഞ്ചാബിൽ കോൺ​ഗ്രസ് ആണു ഭരിക്കുന്നത്. ​ഗോവയിലും മണിപ്പൂരിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനായിരുന്നു ഭൂരിപക്ഷം. എന്നാൽ കോടാനുകോടി രൂപ വാരിയെറിഞ്ഞു ബിജെപി നടത്തിയ കുതിരക്കച്ചവടത്തിൽ ജനാധിപത്യം വധിക്കപ്പെട്ടു. ഉത്തരഖണ്ഡിലും ഉത്തർപ്രദേശിലും കോൺ​ഗ്രസാണ് ഇപ്പോഴും പ്രധാന പ്രതിപക്ഷ പാർട്ടി. ഈ സംസ്ഥാനങ്ങളിലെല്ലാം വർ​ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ശക്തമായ വെല്ലുവിളി ഉയർത്തുകയല്ല, ഭരണം പിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോൺ​ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഈ ചുമതല നിറവേറ്റാൻ കോൺ​ഗ്രസിനെ സഹായിക്കില്ലെന്നു പറയുന്ന സിപിഎം പരോക്ഷമായി ചെയ്യുന്നത് വർ​ഗീയ ഫാസിസ്റ്റ് കക്ഷികളെ സഹായിക്കുകയാണ്. സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാൽ ഇതുതന്നെയാണ് എക്കാലത്തും അവർ നിലയുറപ്പിച്ചിരുന്ന രാഷ്‌ട്രീയനിലപാടുകളെന്ന് വ്യക്തമാകും. ഒളിഞ്ഞും തെളിഞ്ഞും അവർ ബിജെപിയുടെ പക്ഷം പിടിച്ചിട്ടുണ്ട്, ഇങ്ങു കേരളത്തിലും അങ്ങ് ഡൽഹിയിലും.

സോണിയ ഗാന്ധി

വേരറ്റുപോയ ഉത്തർപ്രദേശ്

19 ശതമാനം വരെ വോട്ട് വിഹിതവും ഒൻപത് എംഎൽഎമാരും വരെയുണ്ടായിരുന്നു, ഒരു കാലത്ത് യുപിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക്. പാർലമെന്റിൽ തുല്യപങ്കാളിത്തം നൽകി ആദരിച്ച കോൺ​ഗ്രസ് തന്നെയായിരുന്നു അക്കാലത്തും യുപിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യശത്രു. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയുമൊക്കെ ജനിക്കുന്നതിനു മുൻപ് യുപിയിൽ കോൺ​ഗ്രസും സിപിഐയുമുണ്ടായിരുന്നു. കോൺ​ഗ്രസിനെ തറപറ്റിക്കണമെന്ന അത്യാവേശത്തിൽ രൂപപ്പെട്ട പ്രാദേശിക കക്ഷികൾക്കു കുഴലൂതിയ കമ്യൂണിസ്റ്റുകൾ സ്വയം ഇല്ലാതായി.  പ്രാദേശിക കകക്ഷികളും ഊർധ്വൻ വലിച്ചു. എല്ലാവരും കൂടി കോൺ​ഗ്രസിനെ ദുർബലമാക്കിയപ്പോൾ സംഘപരിവാരങ്ങൾ യുപിയുടെ ഭരണം പിടിച്ചു. മതവർ​ഗീയ ഭീകരതയുടെ പിടിയിൽ ഉത്തർപ്രദേശ് ഞെരിപിരി കൊള്ളുമ്പോൾ 1.9 ശതമാനം വോട്ട് വിഹിതം മാത്രമുള്ള സിപിഎം തീരുമാനിച്ചിരിക്കുന്നു, 29 ശതമാനം വോട്ട് വിഹിതമുള്ള കോൺ​ഗ്രസുമായി സഖ്യമില്ലെന്ന്. വർ​ഗീയ വിപത്തിനെ തൂത്തെറിയാൻ ഒറ്റയ്ക്കു തന്നെ പോരാടാനുറച്ചിരിക്കുന്നു, അവിടെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്. ഉത്തരഖണ്ഡിൽ ഇതിനെക്കാൾ ദുർബലമാണ് സിപിഎം. 

ഒന്നുമില്ലാത്ത പഞ്ചാബ്, മണിപ്പൂർ, ​ഗോവ

സിപിഎമ്മിന് കാര്യമായ വോട്ടില്ലാത്ത സംസ്ഥാനങ്ങളാണ് ഇവ മൂന്നും. പക്ഷേ, പാർട്ടിക്ക് ഒരു ജനറൽ സെക്രട്ടറിയെ സംഭാവന ചെയ്യാൻ പഞ്ചാബിനായി. നലമൊത്ത കമ്യൂണിസ്റ്റുകാരനായ ഹർകിഷൻ സിം​ഗ് സുർജീത്ത്. പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കെ, ഒരിക്കൽ അദ്ദേഹം പറഞ്ഞു, എന്റെ പാർട്ടി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിയാതിരിക്കുന്നതാണ് നിരാശയെന്ന്. അദ്ദേഹം മാത്രമല്ല, പാർട്ടിയുടെ ഒട്ടുമിക്ക നേതാക്കന്മാരും സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാത്തവരാണ്. അവർ വോട്ടറായുള്ള മണ്ഡലങ്ങളിൽ പാർട്ടിക്കു സ്ഥാനാർഥികളില്ലാത്തതാണു അവരെ നിരാശപ്പെടുത്തിയത്. എന്നാൽ അവരുടെയെല്ലാം മണ്ഡലങ്ങളിൽ കോൺ​ഗ്രസിനു സ്ഥാനാർഥികളുണ്ടായിരുന്നു. മിക്കപ്പോഴും കോൺ​ഗ്രസുകാരാണ് അവിടെയെല്ലാം വിജയിച്ചതും. സിപിഎം നേതാക്കൾ സഹായിച്ചത് ബിജെപിയെ അ‌ധികാരത്തിലെത്തിക്കാനും.

പഞ്ചാബിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റാണ് കോൺ​ഗ്രസ് നേടിയത്. അടുത്ത തെരഞ്ഞെടുപ്പിലും ഏറെക്കുറെ ഇതു തന്നെയാവും പഞ്ചാബിലെ ജനവിധിയെന്നാണു മിക്ക സർവേകളും പ്രവചിക്കുന്നത്. ആംആദ്മി പാർട്ടിക്കുമുണ്ട് കുറച്ചു മുന്തൂക്കം. പഞ്ചാബിൽ അവസരം കിട്ടിയാൽ ബിജെപിയോടൊപ്പം കൂടാനാണ് ആം ആദ്മി പാർട്ടിയുടെ അലോചന. പഞ്ചാബിൽ അധികാരം നിലനിർത്താൻ കോൺ​ഗ്രസിനെ സഹായിക്കേണ്ടെന്നും ബിജെപിയുടെ ഘടകകക്ഷിയായിരുന്ന ആം ആദ്മി പാർട്ടിക്കൊപ്പം ചേരാമെന്നുമുള്ളസിപിഎം തീരുമാനം ഫലത്തിൽ ആരെ സഹായിക്കാനാണെന്നു വ്യക്തം.

നാല്പതം​ഗ ​ഗോവ നിയമസഭയിൽ 2017ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ജനങ്ങൾ 17 സീറ്റ് നൽകി. ബിജെപിക്ക് 13 സീറ്റും. അവിടെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊടിപോലുമുണ്ടായിരുന്നില്ല. പക്ഷേ, ബിജെപിയുടെ കുതിരക്കച്ചവടം ജനഹിതം അട്ടിമറിച്ചു. അതിനു കണക്കുപറയാനിരിക്കയാണ് ​ഗോവക്കാർ. പക്ഷേ, അവിടെയും കോൺ​ഗ്രസിനൊപ്പമല്ല തങ്ങളെന്നു സമ്മതിക്കുന്നു, സിപിഎം.

അറുപത് അം​ഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയിപ്പിച്ചത് 28 അം​ഗങ്ങളെ. അവിടെയും പക്ഷേ, മോദി- അമിത്ഷാ രാഷ്‌ട്രീയ ദല്ലാളന്മാരുടെ പങ്കുകച്ചവടത്തിൽ ജനവിധി കശാപ്പ് ചെയ്യപ്പെട്ടു, അവിടെയും തരിപോലുമില്ല കമ്യൂണിസ്റ്റ് സ്വാധീനം. എന്നിട്ടും പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു, മണിപ്പൂരിൽ കോൺ​ഗ്രസിനെ സഹായിക്കില്ലെന്ന്.

തീരുമാനത്തിനു പിന്നിൽ കേരളത്തിലെ നേതാക്കൾ

മൂന്നു സംസ്ഥാനങ്ങളിൽ ഭരണവും 36 എംപിമാരുമുണ്ടായിരുന്ന ദേശീയ പാർട്ടിയായിരുന്നു, ഒരിക്കൽ സിപിഎം. പണ്ട് ഭരിച്ചിരുന്ന പശ്ചിമബം‌​ഗാളിലും ത്രിപുരയിലും പേരിനൊരു എംപിപോലുമില്ലാത്ത, കേരളത്തിൽ മാത്രം വേരുള്ള പ്രാദേശിക കക്ഷിയായി സിപിഎം മാറിയിരിക്കുന്നു. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ കൂടി എംപിമാരുള്ളതിനാൽ ദേശീയ ലേബലിൽ കടിച്ചു തൂങ്ങുന്നു എന്നു മാത്രം. തമിഴ്നാട്ടിലെ കോൺ​ഗ്രസുകാരുടെ കൂടി കാരുണ്യം കൊണ്ടാണ് ഈ ലേബലെന്നും മറക്കരുത്. എന്നിട്ടും ദേശീയ തലത്തിൽ ബിജെപിക്കും വർ​ഗീയതയ്ക്കും ബദലായ ഏക ദേശീയ പ്രസ്ഥാനമായ കോൺ​ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്ന തിരുമാനത്തിനു പിന്നിൽ കേരളത്തിലെ നേതാക്കളാണെന്നു വ്യക്തം. പിണറായി വിജയനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസാനവാക്ക്. കോൺ​ഗ്രസുമായി സഖ്യം വേണ്ടന്ന നിലപാട് പിണറായിയുടേതാണ്. പിണറായി തിരുമാനിച്ചു, പൊളിറ്റ് ബ്യൂറോ അം​ഗീകരിച്ചു. മറിച്ചൊരു ആലോചന പോലും ആ പാർട്ടിയിൽ നടക്കില്ല. പിണറായിയെ പിണക്കിയാൽ ഡൽഹിയിലെ എകെജി ഭവന്റെ ഫ്യൂസ് ഊരുമെന്ന് അവർക്കറിയാം. നേതാക്കളുടെ ചായയുടെയും പരിപ്പുവടയുടെയും മാത്രമല്ല, ഓഫീസിന്റെ കറന്റ് ചാർജിനുള്ള വകപോലും കേരളത്തിൽ നിന്നാണ് ഇപ്പോൾ എത്തുന്നത്. അതുകൂടി ഇല്ലാതായാൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്കു മാത്രമായി ചെങ്കൊടി ഒതുങ്ങിക്കൂടും. ദേശീയ കക്ഷിയെന്ന് നിലയിൽ നിന്നുള്ള താഴേക്കു വീണ‌ ഒരു പാർട്ടിയുടെ വമ്പൻ പാപ്പരത്തമാണ് അതു സൂചിപ്പിക്കുന്നത്.

Related posts

Leave a Comment