അമ്മയെ തല്ലിയവർ തന്നെ അങ്ങാടിയിലും

  • മൂന്നാം കണ്ണ് (ജൂലൈ 5)
  • സി.പി. രാജശേഖരൻ

”തകർക്കപ്പെട്ടത് എന്റെ ഓഫീസല്ല. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. അവർ തെരഞ്ഞെടുത്ത അവരുടെ എംപിയുടെ ഓഫീസ്. അതു ചെയ്തവരോട് എനിക്കു ദേഷ്യമോ വെറുപ്പോ വിദ്വേഷമോ ഇല്ല. കാരണം അവർ കുട്ടികളാണ്. അവരോടു നമുക്ക് ക്ഷമിക്കാം. പക്ഷേ, മേലിലെങ്കിലും അവർ വിവേകത്തോടെ പെരുമാറണം.”
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിൽ പറഞ്ഞ വാക്കുകളാണിത്. ഈ ദേശത്തിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനു മുന്നിട്ടുനിന്ന മഹാപ്രസ്ഥാനത്തിന്റെ പിന്മുറക്കാരനാണു രാഹുൽ ഗാന്ധി. ആറു പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷൻ. വരുംകാലങ്ങളിൽ ഈ പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ ചുമതലപ്പെട്ട ഒരാൾ. ഏതെങ്കിലും അർധ രാത്രിയിൽ തലയിൽ മുണ്ടിട്ട്, പതുങ്ങി വന്ന ഏതെങ്കിലും ഗൂണ്ടയല്ല രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് അദ്ദേഹത്തിന്റെ കസേരയിൽ വാഴ വച്ചു മടങ്ങിയത്. പട്ടാപ്പകൽ, സംഘം ചേർന്ന്, എസ്എഫ്ഐയുടെ കോടിയും പിടിച്ച്, കൊലവിളി മുദ്രാവാക്യം മുഴക്കി പരസ്യമായി കടന്നു വന്ന ഒരു സംഘം ഗൂണ്ടകളാണ് അതു ചെയ്തത്. അവർക്കെല്ലാം വ്യക്തമായ പാർട്ടി മേൽവിലാസമുണ്ട്. എല്ലാവരെയും വളരെ പെട്ടെന്നു തന്നെ ജനങ്ങൾക്കു തിരിച്ചറിയാനും കഴിഞ്ഞു. എന്നിട്ടും തല്ലിനു തല്ല് എന്ന ഗൂണ്ടായിസമല്ല, രാഹുൽ ഗാന്ധിയെപ്പോലെ ഒരു യുവ നേതാവ് പ്രകടമാക്കിയത്. സ്നേഹത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും ആഴമേറിയ സന്ദേശമായിരുന്നു രാഹുലിന്റെ വയനാട് സന്ദർശനത്തിന്റെ ബാക്കി പത്രം. രാഹിൽ ഗാന്ധികൂടി നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൊതുസ്വഭാവമാണ് ഈ സഹിഷ്ണുത.

കെപിസിസി ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനു നേരേ ഉണ്ടായ ആക്രമണം


 വയനാട്ടിൽ ആക്രമിക്കപ്പെട്ടത് ഒരു എംപിയുടെ ഓഫീസ് എന്ന് വേണമെങ്കിൽ ചുരുക്കിപ്പറയാം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനു നേരേ ഉണ്ടായ ആക്രമണത്തെ എങ്ങനെയാണ് കോൺഗ്രസ് നേരിട്ടത് എന്നു കൂടി മനസിലാക്കണം. അതും പാർട്ടിയുടെ ഇന്നത്തെ പരമോന്നത നേതാവ് എ.കെ. ആന്റണി ഈ ഓഫീസിൽ സജീവമായി തന്റെ ജോലികളിൽ മുഴുകിയിരുന്നപ്പോൾ.
 ഇവിടെയും അർധ രാത്രി, ഏതെങ്കിലും പാട്ട സ്കൂട്ടറിൽ തലയിൽ മുണ്ടിട്ട്  മിന്നൽ വേഗത്തിൽ വന്ന് ബീഡിക്കുറ്റി വലിച്ചെറിഞ്ഞു മടങ്ങിയതല്ല. സിപിഎം-സിഐടിയു അംഗത്വമുള്ള കേഡർ സഖാക്കൾ മുദ്രാവാക്യം മുഴക്കി, കൊടിയും വടിയുമായി വന്നാണ് കെപിസിസി ഓഫീസ് ആക്രമിച്ചത്. ആന്റണിയുടെ കാറിനു കേടു വരുത്തിയത്. അതു നടന്ന പാടേ ഏതെങ്കിലും കോൺഗ്രസുകാരൻ വടിയും കൊടിയുമായി എകെജി  സെന്ററിലേക്കു പോയോ? ഇല്ല. പോയില്ല. അതിനു കഴിയാത്തതു കൊണ്ടല്ല. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഓഫീസ് അടിച്ചു തകർത്തു കൊണ്ടല്ല ഇത്തരക്കാരെ നേരിടേണ്ടതെന്ന തിരിച്ചറിവുള്ളവരാണ് കോൺഗ്രസുകാർ എന്നതു കൊണ്ടാണ് ഈ ക്ഷമ. സിപിഎമ്മിന്റെ ആശയങ്ങളുടെ പൊള്ളത്തരങ്ങളും ചെയ്തികളിലെ നെറികേടുകളും പൊതുജന മധ്യത്തിൽ തുറന്നു കാട്ടി താറടിക്കുന്നതിനെക്കാൾ വലിയൊരു പ്രതിവിധി സിപിഎം അർഹിക്കുന്നില്ല എന്ന തിരിച്ചറിവുമുണ്ട്, ഈ സഹിഷ്ണുതയ്ക്കു പിന്നിൽ.

രാഹുൽ ​ഗാന്ധി വയനാട്ടിൽ


വയനാട്ടിലെയും തിരുവനന്തപുരത്തെയും അക്രമങ്ങൾ നിസാരമല്ല. അതിലെ പ്രതികളെ എല്ലാവരെയും എല്ലാവർക്കും അറിയുകയും ചെയ്യാം. അവരുടെ പേര് രേഖപ്പെടുത്തി പൊലീസിൽ പരാതി നൽകിയിട്ട് എന്തു സംഭവിച്ചു? വയനാട്ടിൽ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. തിരുവനന്തപുരത്തോ? ഒരു ചുക്കും ചെയ്തില്ല. എന്തിനായിരുന്നു ഈ അതിക്രമങ്ങൾ? കഴിഞ്ഞ ആറു വർഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും അനുചരന്മാരും നടത്തുന്ന അധോലോക ഇടപാടുകളെ കുറിച്ച് അതിലെ ഒരു പങ്കാളി അടുത്ത ദിവസങ്ങളിൽ പുറത്തു വിട്ട രഹസ്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഈ വേട്ടയാടൽ. അഴിമതിയിലും സ്വജന പക്ഷപാതത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടു എന്ന് പരസ്യമാക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരേ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനുള്ള ധാർമികവും രാഷ്‌ട്രീയവുമായ ബാധ്യത പ്രതിപക്ഷത്തിരിക്കുന്ന എല്ലാ പാർട്ടികൾക്കുമുണ്ട്. റാൻ മൂളികാളായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ പാർട്ടി പോലും ഈ ആവശ്യം ഉന്നയിച്ചു രംഗത്തു വരുമായിരുന്നു.

ഇന്ദിരാ ഭവൻ


 വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും തിരുവനന്തപുരത്ത് കെപിസിസിയുടെയും ഓഫീസുകൾ തല്ലിത്തകർത്ത സിപിഎം നടപടി നമ്മുടെ നാട്ടിൽ അതി രൂക്ഷമായ ജനവിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, പിഡബ്ല്യുസി, സ്പ്രിംഗളർ, മൊബിലിറ്റി ഹബ്, കെ ഫോൺ, കെ റെയിൽ തുടങ്ങി എത്രയെത്ര കൊടിയ അഴിമതികളും അധോ ലോക ഇടപാടുകളുമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ സംസ്ഥാനത്ത് നടന്നത്. അതിലെല്ലാം ഒരു മുഖ്യമന്ത്രി കണക്ഷൻ ഉണ്ടെന്നത് അഭിമാനമുള്ള ഒരു ജനതയ്ക്ക് അംഗീകരിക്കാനാവില്ല. അവർ പ്രതികരിക്കും. എന്നാൽ, പ്രതികരിക്കുന്നവരുടെ നാവടക്കുക അല്ലെങ്കിൽ നടുവൊടിക്കുക എന്ന കാട്ടാള നിയമമാണിപ്പോൾ പിണറായി വിജയൻ എന്ന ഭരാണാധികാരി നിർവഹിച്ചുകൊണ്ടിരിക്കുന്നത്.  അതിനെതിരായ പ്രതികരണങ്ങൾ ശക്തമായപ്പോൾ എല്ലാത്തിൽ നിന്നും ഒളിച്ചോടാനുള്ള ഒറ്റമൂലിയായിരുന്നു, എകെജി സെന്ററിനു നേരേ പടക്കമെറിയിച്ച സംഭവം. അതാണിപ്പോൾ എട്ടു നിലയിൽ പൊട്ടി, സ്വന്തം നെഞ്ചത്തു തന്നെ തിരിച്ചടിച്ചതും.
മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിനെ ജയിലിലടച്ചും എകെജി സെന്ററിലേക്കു സ്വന്തം അനുയായികളെക്കൊണ്ട് പടക്കമെറിയിച്ചും പി.സി ജോർജിനെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്തും മുന്നിൽ മുഴച്ചു നിൽക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാമെന്ന അതിബുദ്ധി പക്ഷേ, ഇത്തിരി കടന്ന കൈ ആയിപ്പോയി. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്നു പറയുമ്പോലെ, സിപിഎം ഓഫീസിനു നേർക്ക് സ്വന്തം ഗൂണ്ടകളെക്കൊണ്ട് പടക്കമെറിഞ്ഞിട്ട് കോൺഗ്രസുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ നടത്തിയ പമ്പര വിഡ്ഡിത്തത്തിനു വെള്ളം കുടിക്കുകയാണ് ഇടത് കൺവീനർ ഇ.പി ജയരാജൻ. അക്രമം നടത്തിയവരെയും അതു ചെയ്യിച്ചവരെയും ഉടൻ കൈയാമം വയ്പിക്കുമെന്നു പറഞ്ഞ അരച്ചങ്കനും മാളത്തിലൊളിച്ചു. സ്വന്തം പാർട്ടി ഓഫീസ് ആക്രമിക്കപ്പെട്ടിട്ട് നാലു ദിവസം പിന്നിട്ടു. എന്നിട്ടും അക്രമി അവശേഷിപ്പിച്ചു പോയ ഒരു തരുമ്പെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസിനും. സ്വന്തം പാർട്ടി ഓഫീസിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയാത്ത മുഖ്യമന്ത്രിയാണ് നാട്ടിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതെന്ന് ആർക്കു വിശ്വസിക്കാനാവും?

കളങ്കിത ചങ്ങാത്തം: പിണറായി വിജയനും സ്വപ്ന സുരേഷും


സംസ്ഥാനം കണ്ട ഏറ്റവും കഴിവ് കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു കാലം തെളിയിക്കുക തന്നെ ചെയ്യും. അധികാരത്തിലെത്തിയപ്പോൾ ചില അവതാരങ്ങളെ അകറ്റി നിർത്തുമെന്നു വീമ്പിളക്കിയ മുഖ്യമന്ത്രിക്കു ചുറ്റും അധോലോക ബന്ധമുള്ള അവതാരങ്ങളുടെ നിര തന്നെയുണ്ടിപ്പോൾ.  ആർക്കും നിയന്ത്രിക്കാൻ കഴിയാത്തത്ര ആഴത്തിൽ ഈ അവതാരങ്ങളെല്ലാം ആടിത്തിമിർക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതു സ്വത്ത് കൊള്ളയടിക്കുന്നതോ പോകട്ടെ, കടമെടുത്തു പോലും കട്ടുമുടിക്കുന്ന രാക്ഷസക്കൂട്ടമായി മാറി, അവതാരങ്ങളും അവരുടെയെല്ലാം കാരണഭൂതനും. അവർക്കെതിരേ ഒരു ചെറുവിരലനക്കാൻ പോലും കഴിയാത്ത തടവറയിലായിപ്പോയി സിപിഎം എന്ന പഴയ തൊഴിലാളിവർഗ സംഘടന. അവരാണിപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നത്. എന്ത് യോഗ്യതയാണ് അതിന് അവർക്കുള്ളത്. കോൺഗ്രസിന്റെ ചരിത്രമറിയാവുന്ന ഒരാളും സിപിഎമ്മിന്റെ ഈ ജഡില ജല്പനങ്ങളിൽ വീഴില്ല.

പണ്ഡിറ്റ് ജവഹർലാൽ നെഹറു

 മതിയായ അംഗബലമില്ലായിരുന്നിട്ടും അദ്യത്തെ പാർലമെന്റിൽ എ.കെ. ഗോപാലനെന്ന കമ്യൂണിസ്റ്റ് നേതാവിനെ ഔദ്യോഗിക പ്രതിപക്ഷ നേതാവാക്കിയ ഒരു പ്രധാനമന്ത്രി ഭരിച്ച രാജ്യമാണു നമ്മുടേത്. തന്നെയുമല്ല സഭയിൽ പ്രസംഗിക്കാൻ ലഭിക്കുന്ന തന്റെ സമയം കൂടി പ്രതിപക്ഷ നേതാവിന് വിട്ടു കൊടുത്ത് തന്റെ ഭരണത്തെ ശക്തിയുക്തം വിമർശിക്കാൻ എകെജിക്ക് അവസരവും കൊടുത്തു അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു; രാഹുൽ ഗാന്ധിയുടെ പ്രപിതാമഹൻ.

ഇന്ദിരാ ഗാന്ധി


അതിർത്തിയിൽ പാക്കിസ്ഥാനു നേരേ തോക്കു ചൂണ്ടി നിന്ന ഇന്ത്യൻ സൈനികരെ ഉടൻ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഏഴാം കപ്പൽപ്പടയെ വിന്യസിക്കുമെന്നു വീമ്പിളക്കിയ യുഎസ് പ്രസിഡന്റിനോട്, നിങ്ങൾ കപ്പലോ ബോട്ടോ എന്തുവേണമെങ്കിലും വിട്ടോ, പക്ഷേ അവ മടങ്ങിപ്പോകണോ എന്ന കാര്യം ഞാൻ തീരുമാനിക്കുമെന്നു പറഞ്ഞ് ഒരു മാസത്തെ യുദ്ധം കൊണ്ട് പാക്കിസ്ഥാനെ തരിപ്പണമാക്കി രണ്ടായി മുറിച്ച ഇന്ദിരാ പ്രിയദർശിനിയുടെ ചെറുമകനാണ് നിങ്ങൾ തല്ലിത്തകർത്ത വയനാട്ടിലെ ഓഫീസിന്റെ അധിപൻ രാഹുൽ ഗാന്ധി.

ഗുൽസാരിലാൽ നന്ദ


മൂന്നു തവണ പ്രധാനമന്ത്രി ആയിരുന്നിട്ടും വാടക വീട്ടിൽ താമസിക്കാൻ വിധിക്കപ്പെട്ട സമുന്നതനായ ഒരു നേതാവുണ്ടായിരുന്നു ഇന്ത്യയിൽ. ഗുൽസാരിലാൽ നന്ദ. ഒടുവിൽ വലിയ തോതിൽ വാടക കുടിശിക വന്നപ്പോൾ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്ന് ഇറക്കിവിട്ട വീട്ടുടമസ്ഥന് ആളെ പരിചയപ്പെടുത്തിക്കൊടുത്തത് അന്നത്തെ ഒരു മാധ്യമ പ്രവർത്തകൻ. പിന്നീടുള്ള കാലം ഗുൽസാരിലാൽ നന്ദയ്ക്ക് വാടകവീട്ടിൽ കഴിയേണ്ട സാഹചര്യമുണ്ടായില്ലെങ്കിലും ജീവിച്ചു മരിച്ചത് രാജ്യത്തെ ഏറ്റവും സാധാരണക്കാരിൽ ഒരാളായി മാത്രം. സർക്കാർ അനുവദിച്ച 500 രൂപ പെൻഷൻ പോലും അദ്ദേഹം നിരസിച്ചു. അത്തരത്തിൽ ലക്ഷോപലക്ഷം നന്ദമാരെ സംഭാവന ചെയ്ത ഒരു മഹാപ്രസ്ഥാനത്തിന്റെ സംസ്ഥാന ഓഫീസാണ് തിരുവനന്തപുരത്ത് സിപിഎം-സിഐടിയു ഗൂണ്ടകൾ അടിച്ചു തകർത്തത്.

ലാൽ ബഹദൂർ ശാസ്ത്രി


പ്രധാനമന്ത്രിയായിരിക്കെ, മക്കളെ സ്കൂളിൽ വിടാൻ  ഓഫീസ് വാഹനം ഉപയോഗിച്ചതിന് ഭാര്യയെ ശാസിച്ച്, തൊട്ടടുത്ത ദിവസം ബാങ്ക് വായ്പ എടുത്ത്  വീട്ടാവശ്യത്തിനു കാർ വാങ്ങി നൽകിയ ഒരു പ്രധാനമന്ത്രി കൂടിയുണ്ട് ചരിത്രത്തിൽ. ലാൽ ബഹദൂർ ശാസ്ത്രി. കടം തീർക്കാതെ അദ്ദേഹം മരിച്ചപ്പോൾ, എംപിയുടെ വിധവയ്ക്ക് അനുവദിച്ച പെൻഷനിൽ നിന്ന് ആ കടം വീട്ടി, ശാസ്ത്രിയുടെ ഭാര്യ ലളിത. തീർന്നില്ല, ആർ. ശങ്കറെയും സി. അച്യുത മേനോനെയും കെ. കരുണാകരനെയും എ.കെ. ആന്റണിയെയും സി.എച്ച് മുഹമ്മദ്കോയയെയും പി.കെ വാസുദേവൻ നായരെയും ഉമ്മൻ ചാണ്ടിയെയും കേരളത്തിന്റെ മുഖ്യമന്ത്രമാരായി വാഴിച്ച ഓഫിസിനു നേർക്കാണ് തലസ്ഥാന നഗരത്തിൽ ക‌വലച്ചട്ടമ്പികളെക്കൊണ്ട് സിപിഎം കല്ലെറിയിച്ചത്. അതെല്ലാം മറച്ചു പിടിച്ച്,  സ്വന്തം ഓഫിസിലേക്ക് സ്വന്തക്കാരെക്കൊണ്ട് പടക്കമെറിയച്ചതിന്റെ പാപക്കറ മായിക്കാൻ ലോകത്തെ സകലമാന സുഗന്ധ ദ്രവ്യങ്ങൾ കൊണ്ടു തേച്ചു കഴികിയാലും മായില്ല.  

Related posts

Leave a Comment