കൊലയാളികളുടെ ക്രീസിൽ പൊലീസിന്റെ ക്രിക്കറ്റ്

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

പാലക്കാട് എലപ്പുള്ളി, നവംബർ 17 ബുധനാഴ്ച രാവിലെ 9.30: പ്രധാന  പാതയിൽ വലിയ ​ഗതാ​ഗതത്തിരക്ക്. നിറയെ കുട്ടികളുമായി വന്ന ഒരു സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ടു നിർത്തി. മുന്നിലെ കാഴ്ച കണ്ട് ബസ് ഡ്രൈവർക്കു ബോധമറ്റു. അലറിവിളിക്കുന്ന കുട്ടികൾ ബസിന്റെ ഷട്ടറുകൾ ഓരോന്നായി വലിച്ചിട്ടു. മൂന്നു പേർ നടുറോഡിൽ വടിവാൾ കൊണ്ട് ഒരാളെ തലങ്ങും വിലങ്ങും വെട്ടുന്നു. മറ്റൊരാൾ അന്ധാളിച്ചു നിലവിളിക്കുന്ന ഒരു സ്ത്രീയെ പിന്നിൽ നന്നു ബലമായി പിടിച്ചു നിർത്തി ഈ ഭീകര ദൃശ്യം കാണിച്ചുകൊടുക്കുന്നു. നൂറോളം പേർ നോക്കി നിൽക്കെ, ഒരു ചെറുപ്പക്കാരൻ പിടഞ്ഞു മരിക്കുമ്പോഴേക്കും അക്രമികൾ സ്വന്തം മാരുതി കാറിൽ കയറി അനായാസം രക്ഷപ്പെട്ടു.

സഞ്ജിത്തും ഭാര്യ അര്ർഷികയും

അക്രമികളിലൊരാളുടെ പിടിവിട്ട് നിലത്തു വീണ അർഷിക എന്ന യുവതി, ഒരിറ്റുവെള്ളത്തിനായി നിലവിളിക്കുമ്പോഴേക്കും അവളുടെ കൺമുന്നിൽ ഭർത്താവ് സഞ്ജിത് എന്ന ചെറുപ്പക്കാരൻ അവസാന ശ്വാസം വലിച്ചിരുന്നു.

കൊല്ലപ്പെട്ട സഞ്ജിത് ആർഎസ്എസ് പ്രവർത്തകനായിരുന്നു. കൊലപ്പെടുത്തിയവർ എസ്ഡിപിഐ പ്രവർത്തകരും. കൃത്യം നടത്തുമ്പോൾ പ്രതികളാരും മാസ്ക് പോലും ധരിച്ചിരുന്നില്ലെന്ന് അർഷിക പറയുന്നു. പക്ഷേ, പ്രതികളെ തിരിച്ചറിയാൻ പൊലീസ് ദിവസങ്ങളെടുത്തു. സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ എല്ലാവരെയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പട്ടാപ്പകൽ അസംഖ്യം ആളുകളുടെയും ഒരു ബസ് നിറയെ സ്കൂൾകുട്ടികളുടെയും സ്വന്തം ഭാര്യയുടെയും കൺമുന്നിലിട്ട് ഒരു ചെറുപ്പക്കാരനെ ലാഘവത്തോടെ വെട്ടിനുറുക്കാനുള്ള മാനസികാവസ്ഥ ശരാശരി കേരളീയനെ വല്ലാതെ പേടിപ്പെടുത്തുന്നു.

ഡിസംബർ 3. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം ചാത്തങ്കരി മുക്ക്. നേരം സന്ധ്യമയങ്ങുന്നു. സന്ദീപ് എന്നൊരു ചെറുപ്പക്കാരൻ വയലിറമ്പിലെ കലുങ്കിലിരുന്ന് മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നു. വെളരെ പെട്ടെന്ന് ഒരു ബൈക്കിൽ മൂന്നു പേർ അവിടെയെത്തി. ബൈക്ക് നിർത്തിയതും കൊലവിളിയുമായി മൂന്നുപോരും ചാടിയിറങ്ങി സന്ദീപിനെ വെട്ടാൻ തുടങ്ങി. ആദ്യ വെട്ടുകൊണ്ട് സന്ദീപ് തൊട്ടടുത്ത പാടത്തേക്കു പ്രാണഭയത്തോടെ എടുത്തുചാടി. പിന്നാലെ ചാടിയ അക്രമികൾ വയലിലിട്ട് സന്ദീപിനെ വെട്ടിനുറുക്കി. മരണം ഉറപ്പാക്കി മടങ്ങുമ്പോഴും അവർ കൊലവിളി മുഴക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ സന്ദീപിന്റെ തൊട്ടയൽക്കാരനായിരുന്നു എന്നതാണ് ഭയാനകത ഇരട്ടിപ്പിക്കുന്നത്.

സന്ദീപ്

 വ്യക്തിവിരോധമാണ് കൊലപാതകത്തിനു കാര‌ണമെന്നാണ് പൊലീസ് ആദ്യം വ്യക്തമാക്കിയത്. പക്ഷേ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവർ പൊലീസിനെ വിളിച്ചുവരുത്തി കല്പിച്ചു, ഇതൊരു രാഷ്‌ട്രീയ കൊലപാതകമാണ്. കൊല്ലപ്പെട്ടത് സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. ​ഗൂണ്ടാരാജിന്റെ ഇരയാണ് സന്ദീപ് എന്നറിയാമായിരുന്നിട്ടും അതു രാഷ്‌ട്രീയ കൊലപാതമാക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. രക്തസാക്ഷികളുടെ എണ്ണം കൂട്ടിക്കാണിക്കാൻ ഇത്രയേറെ തത്രപ്പെടുന്ന വേറൊരു പാർട്ടിയും കേരളത്തിലുണ്ടാവില്ല. അതിനൊത്തു തുള്ളാൻ നിന്നുകൊടുക്കുന്ന കേരള പൊലീസിനോളം നാണംകെട്ട മറ്റൊരു ഫോഴ്സ് നമ്മുടെ രാജ്യത്തുമുണ്ടാവില്ല.

 ഡിസംബർ 11. തലസ്ഥാനന​ഗരത്തിലെ പോത്തൻകോട് ഡിവിഷൻ. ഭാര്യാവീടിനു വെളിയിൽ നിൽക്കുകയായിരുന്ന സുധീഷ് എന്ന മുപ്പത്തിരണ്ടുകാരൻ, ഒരു ബൈക്കിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്നോടു പകയുള്ള ഏതാനും ചിലർ ഓട്ടോ റിക്ഷയിൽ നിന്നും ചാടിയിറങ്ങി തന്റെ നേർക്കു പാഞ്ഞുവരുന്നതാണു കണ്ടത്. പ്രാണരക്ഷാർഥം അയാൾ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ പാഞ്ഞു വന്ന സംഘം ആദ്യം വീടിനു മുന്നിലേക്ക് ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീടു വീടിനുള്ളിലേക്കു കയറി ഭാര്യയുടെയും പിഞ്ചു മകളുടെയും മുന്നിലിട്ട് സുധീഷിനെ തുരുതുരാ വെട്ടി. കൊല്ലരുതേ എന്നു ഭാര്യയും മകളും നിലവിളിച്ചു പറഞ്ഞിട്ടും കൊലയാളികളുടെ കരളലിഞ്ഞില്ല. ഒടുവിൽ പച്ച ജീവനോടെ പിടയുന്ന സുധീഷിന്റെ ഒരു കാൽ പച്ചിരിമ്പു കൊണ്ട് വെട്ടിയെടുത്തു.  ഈ കാലുമായി അക്രമികൾ വീടിനു പുറത്തുവന്ന് ബൈക്കിൽ കയറി രക്ഷപ്പെടുമ്പോൾ ഒറ്റുകാരനായി സുധീഷിന്റെ ഭാര്യാസഹോദരനും സംഘത്തിലുണ്ടായിരുന്നു.

സുധീഷ് വധക്കേസിലെ പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കുന്നു

 അര കിലോമീറ്റർ അകലെ വരെ ഈ കാലുമായി സംഘം ആഹ്ലാദ പ്രകടനം നടത്തി. പിന്നീട് കാല് വഴിയിരികിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഈ കുറ്റകൃത്യം നടന്നത് സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്ന് അര മണിക്കൂർ തികച്ചു വേണ്ടാത്തത്ര അകലത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷമായി തലസ്ഥാന ന​ഗരത്തെ വാൾമുനയിൽ നിർത്തുന്ന ​ഗൂണ്ടാ സംഘങ്ങൾക്കെതിരേ ചെറുവിരലനക്കാൻ പോലും അവർക്കു കഴിയുന്നില്ല.

ഡിസംബർ 18 രാത്രി എട്ടര. ആലപ്പുഴ- മുഹമ്മ സംസ്ഥാന പാതയിലൂടെ സ്വന്തം സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ. പിന്നാലെയെത്തിയ ഒരു കാർ അയാളെ പിന്നിൽ നിന്നിടിച്ച് നിലത്തിടുന്നു. ഞൊടിയിടയിൽ കാറിൽ നിന്നിറങ്ങിയ സംഘം ഷാനെ വെട്ടിനുറുക്കി. അൻപതോളം വെട്ടുകളേറ്റ് നടുറോഡിൽ ഷാൻ മരണത്തോടു മല്ലിടുമ്പോൾ വിളിപ്പാടകലെ ബാപ്പയുടെ വരവും കാത്ത് രണ്ടു പിഞ്ചു പെൺകുഞ്ഞുങ്ങളും അവരുടെ അമ്മയും അത്താഴം കഴിക്കാതെ കാത്തിരിപ്പുണ്ടായിരുന്നു. പിറ്റേദിവസം പിതാവിന്റെ ചേതനയറ്റ മൃതദേഹമാണ് അവരെ തേടിയെത്തിയത്. ഇവിടെ അനാഥമാക്കപ്പെട്ടത് മൂന്ന് പെൺജന്മങ്ങൾ!

രഞ്ജിത്തും ഷാനും

പിറ്റേദിവസം നേരം പുലർന്നുവരുന്നതേ ഉണ്ടായ്രുന്നുള്ളൂ. അപ്പോഴേക്കും ആലപ്പുഴ ന​ഗരമധ്യമത്തിൽ മറ്റു രണ്ടു പെൺകുട്ടികളും അവരുടെ അമ്മയും അമ്മൂമ്മയും അനാഥരാക്കപ്പെട്ടിരുന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസന്റെ മക്കളും ഭാര്യയും അമ്മയും.

കൃത്യം ഒരു മാസത്തിനുള്ളിൽ നടന്ന അഞ്ച് നിഷ്ഠുര കൊലപാതകങ്ങളാണ് മുകളിൽ വിവരിച്ചത്. കേരള പൊലീസിന്റെ പിടിപ്പുകേടും ഇന്റലിജൻസ് വീഴ്ചയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭരണ പരാജയവുമാണ് ഈ കൊലപാതകങ്ങളുടെയെല്ലാം കാരണം.

 എന്നെല്ലാം ഇടതു മുന്നണി സർക്കാർ അധികാരത്തിലിരുന്നിട്ടുണ്ടോ, അന്നെല്ലാം കേരളം മനുഷ്യ രക്തത്തിന്റെ കറ കണ്ട് വിറങ്ങലിച്ചിട്ടുണ്ട്. പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവ​​ദിക്കാതെ കൊല്ലിനും കൊലയ്ക്കും വെള്ളപൂശാൻ നിയോ​ഗിക്കുന്നതിന്റെ ദുരന്തം. സംസ്ഥാനത്ത് മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തിൽ വർ​ഗീയ ചേരിതിരിവിനു  സർക്കാരും ഭരണപക്ഷവും വളം വച്ചുകൊടുക്കുകയും ചെയ്തതോടെ ആർക്കും വാളെടുക്കാവുന്ന സ്ഥിയിലെത്തി കാര്യങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയൻ

വടക്കേ ഇന്ത്യയിലെ മാതൃകയിൽ കേരളത്തിലും എപ്പോൾ വേണമെങ്കിലും വർ​ഗീയ കൊലപാതകങ്ങൾ പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലെത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേ​ഹത്തിന്റെ പൊലീസിനോ മുഖം തിരിക്കാനാവില്ല. മുന്നറിയിപ്പുകളെല്ലാം അവ​ഗണിച്ചു കുറ്റവാളികളെ സംരക്ഷിക്കുന്നതാണ് പിണറായി വിജയന്റെ നയം. പിണറായി വിജയൻ അധികാരത്തിലെത്തി ആദ്യത്തെ ആയിരം ദിവസത്തിനുള്ളിൽ 29 രാഷ്‌ട്രീയകൊലപാതകങ്ങളാണു കേരളത്തിൽ നടന്നത്. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോഡ്.

കഴിഞ്ഞ ഒക്റ്റോബർ വരെയുള്ള കണക്കു പ്രകാരം പിണറായി വിജയന്റെ കാലത്ത് കേരളത്തിൽ നടന്നത് 1,805 കൊലപാതകങ്ങളാണ്. അതിൽ നൂറിൽപ്പരം എണ്ണം രാഷ്‌ട്രീയ കൊലപാതകങ്ങളാണ്. അത്രത്തോളം ​ഗൂണ്ടാ സംഘങ്ങളുടെ വകയും. സാധാരണക്കാരുടെ സ്വൈര്യജീവിതം തകർക്കുന്നതാണ് ഈ കൊലപാതകങ്ങളെല്ലാം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടവും പൊലീസും ഇപ്പോൾ ​ഗൂണ്ടകൾക്കും കൊള്ളപ്പലിശക്കാർക്കും വി​ഗ്രഹ മോഷ്ടാക്കൾക്കും പുരാവസ്തു കൊള്ളക്കാർക്കും സുരക്ഷ നല്കുന്ന പാറാവ് ജോലിയിലാണ്. ഒന്നും കാര്യമാക്കാതെ കേരള പൊലീസ്.

ഡ്യൂട്ടിക്കിടെ വള്ളം മുങ്ങി മരിച്ച കോൺസ്റ്റബിൾ ബാലു

സ്വന്തം സഹപ്രവർത്തകൻ ഡ്യൂട്ടിക്കിടെ മുങ്ങിമരിച്ചപ്പോൾ ഐഎഎസ് എതിരാളികളുമായി ക്രിക്കറ്റ് സൗഹൃദമത്സരം വിജയിക്കുന്നതിന്റെ തന്ത്രം മെനയുകയായിരുന്നു, പൊലീസ് ആസ്ഥാനത്തെ ഏമാന്മാർ. എസ്എപി ക്യാംപിലെ കോൺസ്റ്റബിൾ ബാലുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടെ ചെയ്യുമ്പോൾ, ബാലു അടക്കമുള്ള ട്രെയ്നികളുടെ ചുമതലയുണ്ടായിരുന്ന എഡിജിപി യോ​ഗേഷ് ​ഗുപ്ത, ഡിസിപി വൈഭവ് സക്സേന തുടങ്ങി ഒരു ഡസൺ മുന്തിയ ഏപിഎസ് ഏമാന്മാർ കാര്യവട്ടം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ കളിയൊന്നു മാറ്റിക്കളിച്ച് ആലപ്പുഴയിൽ കനത്ത കാവലും ജാ​ഗ്രതയും ഏർപ്പെടുത്തിയിരുന്നെങ്കിൽ അവിടെ ഒരു കൊലപാതകമെങ്കിലും തടയാമായിരുന്നു.

പൊലീസ് മേധാവി അനിൽ കാന്ത്

തലശേരി ബ്രണ്ണൻ കോളെജിൽ പഠിക്കുന്ന കാലത്ത് ചില പ്രത്യേക ആക്‌ഷൻ കാണിച്ച് എതിരാളികളെ വിരട്ടിയിട്ടുണ്ടെന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിപ്പോൾ ആരെയും പേടിക്കാതെ എവിടെയും ഊരുചുറ്റാം. 29 അകമ്പടി വാഹനങ്ങളിൽ യഥേഷ്ടം പൊലീസ് ഉദ്യോ​ഗസ്ഥരെ കുത്തിനിറച്ചാണ് അദ്ദേഹത്തിന്റെ ഓരോ യാത്രയും. പൊലീസ് ഉദ്യോ​ഗസ്ഥരാകട്ടെ, മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്തി  ക്രിക്കറ്റ് കളിച്ചു രസിക്കുകയാണ് . പണ്ട്,  റോമാ ന​ഗരത്തിനു തീ പിടിച്ചപ്പോൾ വീണ വായിച്ച നീറോ ക്ലോഡിയസ് സീസർ അ​ഗസ്റ്റസ് ജർമനിക്കസ് എന്ന നിഷ്ഠുരനായ ചക്രവർത്തി ഇവരെക്കാളൊക്കെ എന്തുകൊണ്ടും ഭേദമായിരിക്കും, മൂന്നുതരം!

Related posts

Leave a Comment