ഇതല്ല പോലീസ്, ഇങ്ങനെയാവരുത് കേരള പോലീസ്

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

ആറ്റിങ്ങല്‍ സായിഗ്രാമിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജയചന്ദ്രന്‍ എന്ന യുവാവിനിപ്പോള്‍ പണിക്കു പോകാന്‍ നേരമില്ല. എട്ടു വയസുള്ള മൂന്നാംക്ലാസുകാരിയായ മകളെ പേടിപ്പിച്ചു മനോനില തകരാറിലാക്കിയ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിന്‍റെ നെട്ടോട്ടത്തിലാണ് ജയചന്ദ്രന്‍. ഇസ്രോയുടെ തിരുവനന്തപുരം സ്റ്റേഷനിലേക്കുള്ള ഏതോ കൂറ്റന്‍ യന്ത്രം റോഡ് മാര്‍ഗം വരുന്നു എന്നു കേട്ടതു മുതല്‍ മകള്‍ വാശിപിടിക്കുകയായിരുന്നു, ഈ കൂറ്റന്‍ യന്ത്രവും അതു കൊണ്ടുവരുന്ന വമ്പന്‍ വാഹനവും നേരിട്ടു കാണണമെന്ന്. അങ്ങനെയാണ് അച്ഛനും മകളും ആറ്റിങ്ങല്‍ ഭാഗത്ത് ദേശീയ പാതയില്‍ കാത്തു നിന്നത്.

അപ്പോഴാണ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനു നിയോഗിക്കപ്പെട്ട പിങ്ക് പോലീസിലെ ഒരു പട്രോള്‍ സംഘം അവിടെയെത്തിയത്. അതിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ എം.ആര്‍. രജിതയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നു സംഘത്തിനു പെട്ടെന്നൊരു വെളിപാടുണ്ടായി. രണ്ടാമതൊന്നാലോചിക്കാതെ, ആദ്യം കണ്ട ജയചന്ദ്രനെയും മകളെയും പോലീസ് അടുത്തേക്കു വിളിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ഫോണ്‍ മോഷ്ടിച്ചതെന്ന് അവര്‍ തറപ്പിച്ചു വിശ്വസിപ്പിച്ചു. പിന്നൊട്ടും വൈകിയില്ല, പൊതുനിരത്തില്‍ ആള്‍ക്കുട്ടത്തിനു നടുവില്‍ വച്ച് പോലീസ് ഏമത്തികള്‍ ജയചന്ദ്രനെയും മകളെയും തലങ്ങും വിലങ്ങും ചോദ്യം ചെയ്തു. ആള്‍ക്കുട്ടമുണ്ടായതിനാല്‍ ഭേദ്യം നടന്നില്ല. സ്റ്റേഷനിലേക്കു മാറ്റി അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി വന്നപ്പോഴേക്കും രജിതയുടെ ബാഗില്‍ ഫോണ്‍ ബെല്ലടിച്ചു. അതോടെ, മൂന്നാംമുറയ്ക്കു വിധേയമാക്കപ്പെട്ട അച്ഛനും മകളും നിരപരാധികളാണെന്നു ബോധ്യപ്പെട്ടു സംഘം തടിതപ്പി, ഒരു ക്ഷമവാക്കു പോലും പറയാതെ.

ഇതൊരു നിസാര സംഭവമാണോ? കേരള പോലീസിന് അങ്ങനെ ആയിരിക്കാം. എന്നാല്‍ ജയചന്ദ്രന് അങ്ങനെയല്ല. എട്ടുവയസുകാരിയായ തന്‍റെ മകള്‍ ആ സംഭവത്തിനു ശേഷം പരിഭ്രമിച്ചു വിവശയാണ്. ഉറക്കമില്ല. ഉറക്കത്തില്‍ ഞെട്ടി ഉണരുന്നു.  ഭയന്നു നിലവിളിക്കുന്നു. ആധി കയറിയ മകളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാന്‍ ദിവസങ്ങളെടുക്കും. അയാള്‍ക്കുമിപ്പോള്‍ ഉറക്കം തീരെയില്ല.

  • ക്രൂരഭാവേ, ക്രൂരകൃത്യേ!

‘മൃദുഭാവേ, ദൃഢകൃത്യേ’ എന്നാണു കേരള പോലീസിന്‍റെ ആപ്തവാക്യം. മൃദുവായ ഭാവത്തോടെ, കാര്യങ്ങള്‍ ദൃഢമായി ചെയ്യുന്ന സേന എന്നാണ്  വ്യംഗ്യം. പക്ഷേ, അതു പണ്ടത്തെ കേരള പോലീസ്. പിണറായി വിജയന്‍ നയിക്കുന്ന കേരള പോലീസിപ്പോള്‍ എല്ലാ ക്രൂരകൃത്യങ്ങളും ചെയ്യുന്നത് ക്രൂര ഭാവത്തോടെ തന്നെയാണ്.

അതെങ്ങനെയെന്ന് കഴക്കൂട്ട‌ത്തെ ഷിബു കുമാറിനോടു ചോദിച്ചാല്‍ പറഞ്ഞുതരും. ഷിബുകുമാര്‍ ഇപ്പോള്‍ താമസിക്കുന്നതിന് അല്പം അകലെയായി ഒരു വീടു പണിയുന്നുണ്ട്. അവിടെ പോയി ജോലി കഴിഞ്ഞു മടങ്ങി കഴക്കൂട്ടത്തെ വീട്ടിലെത്തിയപ്പോള്‍, വീടിനു മുന്‍പില്‍ വലിയ ബഹളവും ആള്‍ക്കൂട്ടവും. എന്താണു സംഭവിച്ചതെന്നറിയാന്‍ മുറ്റത്തേക്കിറങ്ങിയ തന്നെ കഴക്കൂട്ടം പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ വിഷ്ണു തലങ്ങും വിലങ്ങും ലാത്തികൊണ്ട് തല്ലിച്ചതച്ചു. മുതുകിലും ഇടുപ്പിലും തോളിലുമൊക്കെ അടി കിട്ടി. മാംസം ചതഞ്ഞു. നടക്കാനാവാതെ നിലത്തു വീണിട്ടും പൊലീസ് പൊതിരെ തല്ലിയത്രേ.

 എന്തിനാണു തന്നെ തല്ലുന്നതെന്നു കരഞ്ഞു ചോദിച്ചിട്ടും അടിയല്ലാതെ വേറൊരു മറുപടിയില്ലായിരുന്നു എന്നു ഷിബു. ഏതായാലും മനുഷ്യാവകാശ കമ്മിഷനിലടക്കം ഷിബുവിന്‍റെ പരാതിയെത്തി. അതോടെ, കഴക്കൂട്ടം പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ വിഷ്ണുവിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. അക്കാര്യം സംസ്ഥാന പോലീസ് മേധാവി തന്നെ പത്രക്കുറിപ്പിറക്കി നാട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൃത്യം ഒരാഴ്ച തികയുന്നതിനു മുന്‍പ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് വിഷ്ണു മറ്റൊരിടത്ത് ജോലിയില്‍ പ്രവേശിച്ച കാര്യം ഷിബുക‌ുമാര്‍ അറിഞ്ഞിട്ടുണ്ടോ, എന്തോ.

ഷിബുവിനോടു കാട്ടാളനീതി കാട്ടിയ എസ്ഐക്കു സസ്പെന്‍ഷനെങ്കിലും കിട്ടിയെന്നു സമാധാനിക്കാം. എന്നാല്‍ ജയചന്ദ്രന്‍റെ മകളോടു ക്രൂരത കാട്ടിയ ഉദ്യോഗസ്ഥയുടെ കാര്യമോ? സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഈ ഉദ്യോഗസ്ഥ തന്നെ അതു ലംഘിക്കുകയും കള്ളക്കേസില്‍ കുടുക്കി ഒരു പെണ്‍കുഞ്ഞിനെ  പീഡിപ്പിക്കുകയും ചെയ്തിട്ടും അവരെ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസിലേക്കു സുഖവാസത്തിനയയ്ക്കുകയായിരുന്നു പോലീസ് മേധാവികള്‍ ചെയ്തത്. ഈ നടപടിക്കെതിരേ പൊതുസമൂഹം സോഷ്യല്‍ മീഡിയ വഴി ശക്തമായി പ്രതി‌കരിച്ചപ്പോള്‍, രജിതയുടെ സുഖവാസം തിരുവനന്തപുരം റൂറലില്‍ നിന്ന് അതിലും എളുപ്പത്തില്‍ അവര്‍ക്ക് എത്തിച്ചേരാവുന്ന കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്തേക്കു മാറ്റിക്കൊടുത്തു.

 ജയചന്ദ്രന്‍റെയും ഷിബുകുമാറിന്‍റെയും വിശേഷങ്ങള്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തെമ്പാടും ഇതാണു കേരള പോലീസില്‍ നിന്നു സാധാരണക്കാര്‍ക്കുണ്ടാകുന്ന അനുഭവം.

  • ഓഡിശ പോലീസിനെക്കാള്‍

    ഭയാനകം കേരള പോലീസ്

നരനായാട്ടിന്‍റെ കാര്യത്തില്‍ കേരള പോലീസ് ഒഡിശ പോലീസിനെക്കാള്‍ വളരെ മുന്നിലാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ കണക്ക്. ബിഹാര്‍, ചാണ്ഡിഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം പോലീസ് ക്രൂരതകളുടെ കാര്യത്തില്‍ കേരളത്തെക്കാള്‍ ഏറെ പിന്നിലാണ്.

കസ്റ്റഡി മരണത്തിലാണു പിണറായിയുടെ പോലീസ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. അധികാരത്തിലേറി ആദ്യത്തെ വര്‍ഷം (2016-17) തന്നെ എട്ടു പേരെയാണ് പിണറായിയുടെ പോലീസ് അടിച്ചും ഇടിച്ചും ഉരുട്ടിയും കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത്. 2017-18ല്‍ മൂന്നു പേരെയും    2018-19ല്‍ അഞ്ചുപേരെയും പോലീസ് കസ്റ്റ‌ഡിയില്‍ വകവരുത്തി. ഇതിനു പുറമേ ഇതേ കാലയളവില്‍ യഥാക്രമം 48, 38, 33 പേര്‍ വീതം ജുഡീഷ്യല്‍ കസ്റ്റഡിയിലും കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷ‌ങ്ങളിലും ആളുകള്‍ പോലീസ് സേറ്റേഷനുകളില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇതിനു മുന്‍പ് ഒരിക്കലും കേരളത്തില്‍ ഇത്രയധികം കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

  • പെറ്റി പോലീസ് ഇതുവരെ പിരിച്ചത്

     അഞ്ഞൂറ് കോടിയിലധികം രൂപ

ക്രമസമാധാനപാലനമല്ല, കേരള പോലീസിന്‍റെ ഇപ്പോഴത്തെ പ്രധാന പണി.  കോവിഡ് മഹാമാരിക്കാലത്ത് വേലയും കൂലിയുമില്ലാതെ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് പെറ്റി ചുമത്തുകയാണ്. ആ ചുമതല വളരെ ഭംഗിയായി അവര്‍ നിറവേറ്റുന്നുമുണ്ട്. മാസ്ക് ധരിക്കാത്തവരില്‍ നിന്നു മാത്രം ഇതുവരെ അഞ്ഞൂറ് കോടി രൂപയെങ്കിലും പിരിച്ചിട്ടുണ്ടാവുമെന്നാണ് കണക്ക്. പ്രതിദിനം 15,000-20,000 പേരെയാണ് കോവിഡിന്‍റെ പേരില്‍ പെറ്റിയടിക്കുന്നത്. ഒരാളില്‍ നിന്ന് 500 രൂപ മുതല്‍ 2000 രൂപ വരെ ഇങ്ങനെ ഈടാക്കുന്നുണ്ട്. ഈ മാസം ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് നാലു കോടി രൂപ കലക്റ്റ് ചെയ്തെന്നാണു പോലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ചത്. മാസ്കില്ലായ്മ, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പ്രോട്ടോകോള്‍ ലംഘിച്ച് കല്യാണം, മരിച്ചടക്ക്, സഞ്ചയനം, എന്നു വേണ്ട ഇഷ്ടമല്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന കണക്കിലാണു പോലീസിന്‍റെ പെറ്റിയടി. വില്പന നികുതി, കസ്റ്റംസ്, ജിഎസ്ടി തുടങ്ങിയ പ്രധാന വരുമാനമാര്‍ഗം പോലെയായി പോലീസിന്‍റെ പെറ്റിയടിയിലൂടെയുള്ള വരവ്. രസീതു കൊടുത്ത് വസൂലാക്കുന്നതിന്‍റെ അനേകമിരട്ടിയാണ് സാധാരണക്കാരെ വിരട്ടി ഏമാന്മാര്‍ നടത്തുന്ന തട്ടിപ്പറി. അതിനു തെളിവില്ല, സര്‍ക്കാര്‍ കണക്കില്‍ വരവ് വയ്ക്കുകയുമില്ല. ഇതിനെല്ലാത്തിനും കൂടിയുള്ള ലൈസന്‍സിംഗ് ആണ് കഴിഞ്ഞ സമ്മേളനത്തില്‍ പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അവര്‍ക്കു നിയമസഭയില്‍ നല്‍കിയ ഗുഡ് സര്‍‌വീസ് എന്‍ട്രി.

ജനങ്ങളെ വിരട്ടിയും മര്‍ദിച്ചും ഗരുഡന്‍ തൂക്കിയും ഞെക്കിപ്പിഴിഞ്ഞും സമനില തെറ്റിക്കുന്ന കേരള പോലീസിനെ മുഖ്യമന്ത്രിക്കല്ലാതെ  വേറാര്‍ക്കു പ്രശംസിക്കാനാവും? രണ്ടാം ഭരണത്തിന്‍റെ നൂറാം നാള്‍ കേരളത്തിലെ ‌ഒരു കുരുന്നു പെണ്‍കുഞ്ഞിന്‍റെ മനോനില തകരാറിലാക്കിയവരോട് ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് ഒരപേക്ഷയുണ്ട്. ഇതല്ല പോലീസ്! ഇങ്ങനെയാവ‌രുത് കേരള പോലീസ്!!

Related posts

Leave a Comment