പത്മനാഭന്റെ പിണറായി സ്തുതിയും ശോഭയുടെ പ്രഹ്ളാദ ഭക്തിയും

മൂന്നാം കണ്ണ്

സി.പി. രാജശേഖരൻ

“നീയെൻ പുറം ചൊറിഞ്ഞീടിൽ ഞാൻ നി‍ൻ പുറം ചൊറിഞ്ഞീടാം” എന്നാണ് ഒത്തുതീർപ്പുകളുടെയെല്ലാം പ്രായോ​ഗിക ലക്ഷണ ശാസ്ത്രം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ്കാലത്ത് സിപിഎ‌മ്മും ബിജെപിയും തമ്മിൽ അങ്ങനെയൊരു ഒത്തുതീർപ്പുണ്ടായിരുന്നു എന്ന് പരസ്യമാക്കിയത് ആർഎസ്എസിന്റെ സൈദ്ധാന്തികന്മാരിൽ ഒരാളായ ഡോ. ആർ. ബാലശങ്കർ ആയിരുന്നു. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ സംഘികളും കമ്മികളും കൂടി ബാലശങ്കറെ പച്ചയ്ക്കു കത്തിക്കുമെന്ന അവസ്ഥയെത്തി. ആയുസിന്റെ ബലം കൊണ്ടാണു പാവം രക്ഷപ്പെട്ടത്.

എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രാഷ്ട്രീയ വിശകലനങ്ങളിലെല്ലാം ഈ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയത്തെക്കുറിച്ച് വളരെവ്യക്തമായ തെളിവുണ്ടായി. കുറഞ്ഞത് ഇരുപത് സീറ്റുകളിലെങ്കിലും സിപിഎമ്മിനു വിജയമുണ്ടാക്കാൻ ബിജെപിയുമായുണ്ടാക്കിയ അഡ്ജസ്റ്റമെന്റുകൾക്കു കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും ബിജെപിയുടെ രാഷ്‌ട്രീയ വിലയിരുത്തലുകളിലുമൊക്കെ ഇക്കാര്യം അടിവരയിടുന്നുമുണ്ട്.

ബിജെപിയിലെ ഹിരണ്യകശ്യപുവും

ചില അണ്ണാറക്കണ്ണന്മാരും

മുൻ ഡിവൈഎഫ്ഐ നേതാവായ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭന്റെ പിണറായി വിജയൻ സ്തുതിയും മുൻ ദേശീയ കൗൺസിൽ അം​ഗം ശോഭ സുരേന്ദ്രന്റെ പ്രഹ്ലാദഭക്തിയുമൊക്കെ സൂചിപ്പിക്കുന്നതും വേറൊന്നുമല്ല. ശോഭാ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ് ബുക്ക് പോസ്റ്റ് അണികളെ ആശങ്കയിലാക്കുന്നുണ്ട്.  തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും കടലിലെറിഞ്ഞു കൊല്ലുമെന്നും പുരാണത്തിലെ ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെ നിരന്തരം ആകമിച്ച ഹിരണ്യകശ്യപുവിനെ പാർട്ടി നേതൃത്വം ഓർക്കുന്നതു നല്ലതാണെന്ന ശോഭയുടെ മുന്നറിയിപ്പ് ഒരു താക്കീതാണ്. സീതാപഹരണകാലത്തെ സേതുസമുദ്രം നിർമിക്കുന്നതിനു ശ്രീരാമചന്ദ്രനെ സഹായിച്ച അണ്ണാറക്കണ്ണന്റെ സ്ഥാനമാണു തനിക്കെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന പ്രഹ്ലാദന്റെ ചങ്കുറപ്പ് തനിക്കുണ്ടെന്നും തന്നെ കടിലിലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്ന പാർട്ടി നേതൃത്വം ഹിരണ്യകശ്യപുവിനെ ഓർക്കുന്നതു നല്ലതാണെന്നും ശോഭ ഓർമിപ്പിക്കുന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയാണ്.

പുനഃസംഘടനയെത്തുടർന്ന് ഉരുണ്ടുകൂടിയ ഭിന്നതകളാണു ഹിരണ്യകശ്യപുവും പ്രഹ്ളാദനും അണ്ണാനും ശ്രീരമാനും സീതയുമൊക്കെയായി ബിജെപിയിൽ അരങ്ങ് കൊഴുപ്പിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സാമ്പത്തിക അഴിമതി കൂടി വേട്ടയാടുമ്പോൾ പിടിച്ചു നിൽക്കാനൊരു പിടിവള്ളി തേടുകയാണ് കേരളത്തിലെ ബിജെപി. കള്ളപ്പണ ഇടപാടുകൾക്കും വിതരണത്തിനുമായി ഹെലികോപ്റ്റർ വരെ വാടകയ്ക്കെടുത്തായിരുന്നു പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രചാരവേലകൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തനിക്കു കേന്ദ്ര നേതൃത്വം വാ​ഗ്ദാനം ചെയ്ത രണ്ടു കോടി രൂപ ആകാശത്തു വച്ചു കളവു പോയെന്നു പറഞ്ഞത് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ആയിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു കേന്ദ്രം നല്കിയ മുന്നൂറ് കോടിയോളം രൂപയാണ് കൊടകര മോഡലിൽ ആവിയായിപ്പോയത്.

ഇതിനൊക്കെ പുറമേ, മഞ്ചേശ്വരത്ത് എതിർസ്ഥാനാർഥിയെ വിരട്ടി പിന്തിരിപ്പച്ചതിന്റെ നൂലാമാലകളും കെ. സുരേന്ദ്രനെ പിന്തുടരുന്നു. ഈ കേസിൽ ഇതുവരെ ലഭ്യമായ തെളിവുകൾ പരി​ഗണിച്ചാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ പറ്റിയ നിരവധി തെളിവുകളുണ്ട്. എന്നാൽ പിണറായി വിജയന്റെ പൊലീസ് അതു ചെയ്യില്ല. കാരണം, സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കേന്ദ്ര പൊലീസ് സ്വർണക്കടത്ത് കേസിലും ഡോളർ കടത്തിലുമൊക്കെയായി പിണറായി വിജയന്റെ പുറം ആകാവുന്നത്ര സുഖുപ്പിച്ചു ചൊറിയുന്നുണ്ട്. അത്രയ്ക്കില്ലെങ്കിലും പിണറായിയുടെ പൊലീസ് കെ. സുരേന്ദ്രന്റെ പുറവും ചൊറിയുന്നു. പരസ്പരമുള്ള ഈ ചൊറിയലാണ് നയതന്ത്ര ബാ​ഗേജ് വഴിയുള്ള സ്വർണക്കടത്ത് ആവിയായിപ്പോയതിനും കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന പൊലീസ് അനങ്ങാതിരിക്കുന്നതിനും കാരണം.

 ഒത്തുതീർപ്പ് കച്ചടവടത്തിൽ അമർഷം പൂണ്ട നേതാക്കളും അണികളും ഇപ്പോൾ ബിജെപി വിടുകയാണ്. ദളിത് മോർച്ച സംസ്ഥാന പ്രസിഡന്റ് ഋഷി പൽപ്പുവിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരും കോൺ​ഗ്രസിൽ ചേർന്നു. കാസർ​ഗോഡ്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ബിജെപിയിൽ നിന്നു വലിയ ചോർച്ചയുണ്ട്.

കണ്ണെല്ലാം പാര്ട്ടി ഫണ്ടില്

 തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ടിലാണു പാർട്ടി നേതൃത്വത്തിനു കണ്ണെന്നും അനധികൃത ധനസമ്പാദനത്തിലൂടെ പാർട്ടിയെ നിത്യച്ചെലവിനുള്ള ഉപാധിയാക്കി നേതാക്കൾ മാറ്റുകയാണെന്നും ആരോപിച്ച് മുൻ സെക്രട്ടറി എ.കെ. നസീർ പാർട്ടി വിട്ടതിനു പിന്നിലും നേതൃത്വത്തിന്റെ പുറംചൊറിയലാണു കാരണമെന്നാണ് അശരീരി. പുതിയ നേതൃത്വത്തിനു കീഴിൽ കേരളത്തിൽ പാർട്ടി വളരില്ലെന്നും  അഴിമതിയുടെ ചെളിക്കുണ്ടിലാണു പാർട്ടിയെന്നും നസീർ തുറന്നു സമ്മതിക്കുന്നു. അഴിമതിയും പണവും മാത്രമാണു നേതാക്കളുടെ ലക്ഷ്യമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ഡോ. ആർ ബാലശങ്കർ കഴിഞ്ഞ ദിവസം തുറന്നടിച്ചതും അഡ്ജസ്റ്റ്മെന്റ് രാ‌ഷ്‌ട്രീയത്തിലെ മനംപുരട്ടൽ മൂലമാണ്.

ദേശീയ കൗൺസലിൽ നിന്ന് ഒഴിവാക്കിയ മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും കടുത്ത തീരുമാനത്തിനു തയാറെടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയം മുതൽ ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ പാർട്ടി വിടുമെന്ന ഘട്ടം വരെയെത്തിയപ്പോൾ ദേശീയ നേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ച് കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഇരട്ട സ്ഥാനാർഥിത്വവും ഹെലികോപ്റ്റർ പര്യടനങ്ങളും അടക്കമുള്ള ആർഭാടങ്ങളിൽ കടുത്ത എതിർപ്പ് പരസ്യമാക്കിയ ശോഭയെ പുകച്ചു പുറത്തുചാടിക്കാനാണ് സുരേന്ദ്രൻ പക്ഷത്തിന്റെ നീക്കം. ഇതു മനസിലാക്കിയാണ് ഹിരണ്യകശ്യപുവിന്റെ കഥ പറഞ്ഞ് ശോഭ സ്വയം പ്രതിരോധിക്കുന്നത്. എന്നാൽ ശോഭയെ പിന്തുണച്ച് പ്രമുഖരാരും രം​ഗത്തു വരാതിരിക്കുന്നത്, ശോഭ പുകഞ്ഞ കൊള്ളിയാണെന്നു കരുതിത്തന്നെയാവണം.

മുതിര്ന്നവരെ മൂലയ്ക്കിരുത്തുന്നു

  ഓ. രാജഗോപാൽ അടക്കമുള്ള നേതാക്കളെ മൂലയ്ക്കിരുത്തി അബ്ദുല്ലക്കുട്ടിയെപ്പോലെ ഒരു കാലത്തെ പാർട്ടി ശത്രുക്കളെ പരിപോഷിപ്പിക്കുന്നതിലെ എതിർപ്പും പലരും പരസ്യമാക്കുന്നുണ്ട്. കുമ്മനം രാജശേഖരനു പോലും വേണ്ടത്ര പരിഗണനയില്ലെന്നും ഇവർ ആരോപിക്കുന്നു. വയനാട് ജില്ലാ കമ്മിറ്റിയിലാണ് ഇത് ഏറെ രൂക്ഷം. കാസർഗോഡ് ജില്ലാ കമ്മിറ്റിയിലും ശക്തമായ ചേരിതിരിവുണ്ട്.

അഴിമതിക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനം ഉന്നയിച്ച് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അപ്പാടെ രാജിവച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് തിരിമറി വിവാദത്തിൽ കുടുങ്ങിയ കെ.പി. മധുവിനെ ജില്ലാ പ്രസിഡന്റാക്കിയതിലെ അമർഷം പുകയുകയാണ്. കെ. സുരേന്ദ്രൻ ഉൾപ്പെട്ട ഫണ്ട്- കള്ളപ്പണക്കേസിൽ ഉൾപ്പെട്ട മധുവിനെ ജില്ലാ പ്രസിഡൻറാക്കിയ സംസ്ഥാന പ്രസിഡൻറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.

Related posts

Leave a Comment