എംഎല്‍എയുടെ സ്വര്‍ണ ഖനനവും സിപിഎമ്മിന്‍റെ ഡ്രാക്കുളക്കോട്ടയും

മൂന്നാം കണ്ണ്- ഓഗസ്റ്റ് 23

സി.പി. രാജശേഖരന്‍

സിപിഎമ്മിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്നു പണ്ടു പിണറായി വിജയന്‍ നമ്മളോടു പറഞ്ഞത് എത്രയോ ശരി! തൊഴിലാളി വര്‍ഗ സര്‍വാധിപത്യ പ്രസ്ഥാനം എന്നൊക്കെയായിരുന്നു പണ്ട് പലരും പാര്‍ട്ടിയെക്കുറിച്ച് ധരിച്ചുവശായിരുന്നത്. അഭേദ്യമായ വര്‍ഗബോധത്തിലധിഷ്ഠിതമായ പാര്‍ട്ടി, അണികളെ സംരക്ഷിക്കുമെന്നും അല്ലാത്തവരെ ഉന്മൂലനം ചെയ്യുമെന്നും അന്നത്തെ നേതാക്കള്‍ പറഞ്ഞുപഠിപ്പിച്ചു. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നു പാവങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച്, ജന്മിമാരെയും കുടിയാന്മാരെയും ഒരു പോലെ പറ്റിച്ച ചരിത്രമാണ് കമ്യുണിസ്റ്റുകാര്‍ക്കെന്നു പറഞ്ഞാല്‍ വാളെടുക്കാന്‍ വരട്ടെ. സ്വാതന്ത്ര്യ ലബ്ധിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍, കഴിഞ്ഞ 75 വര്‍ഷം കൊണ്ട് കേരളത്തിലെ സിപിഎം നേതാക്കള്‍ പാര്‍ട്ടി വഴി നേടിയ സമ്പാദ്യങ്ങളെക്കുറിച്ചും പാര്‍ട്ടിയുടെ പേരില്‍ കെട്ടിപ്പൊക്കിയ സംരംഭങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ഒന്നു കണ്ണോടിച്ചാല്‍ മതി, “ക്യാഷ് പ്രൊഡക്‌ഷന്‍ ആന്‍ഡ് ഇന്‍റേണല്‍ മാനെജ്മെന്‍റ്” സംവിധാനം എന്ന സിപിഐ എമ്മിന്‍റെ പുതിയ പതിപ്പ് ആര്‍ക്കും ബോധ്യമാകും.

  • പണമുണ്ടാക്കാന്‍ പല വഴികള്‍

പണ്ടുകാലത്ത് കേഡറുകളില്‍ നിന്നു പിരിക്കുന്ന ലെവി മാത്രമായിരുന്നു പാര്‍ട്ടിയുടെ പ്രധാനവരുമാനമാര്‍ഗം. വര്‍ഷത്തിലൊരിക്കലോ പല വര്‍ഷങ്ങള്‍ കൂടുമ്പോഴോ പൊതുജനങ്ങളില്‍ നിന്നു പിരിക്കുന്ന പാര്‍ട്ടിഫണ്ട് ആയിരുന്നു മറ്റൊരു വരുമാന സ്രോതസ്. അക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് കട്ടന്‍ ചയയും ബീഡിയും മതിയായിരുന്നു. ഒരു പരിപ്പുവട കൂടി കിട്ടിയാല്‍ കുശാല്‍. ഇന്നത്തെ അവസ്ഥ അതല്ല. എ-സിയില്ലെങ്കില്‍ ബ്രാഞ്ച് സെക്രട്ടറിക്കു പോലും പാര്‍ട്ടി ഓഫീസില്‍ ഇരിപ്പുറയ്ക്കില്ല. ലക്ഷങ്ങളുടെ കാറില്‍ നേതാക്കള്‍ സഞ്ചരിക്കുന്നത് പാര്‍ട്ടിക്കു കുറച്ചിലാണ്. പത്തു കോടി രൂപയ്ക്കു മുകളില്‍ വിലയുള്ള റോള്‍സ് റോയിസ് ഫാന്‍റത്തില്‍ സഞ്ചരിക്കുന്ന പാര്‍ട്ടി നേതാക്കളുണ്ട്.  അതിനടുത്തും ചെറിയ വ്യത്യാസത്തിലും വിലയുള്ള ലംബോര്‍ഗിനി അവന്‍റഡോര്‍, റോള്‍സ് റോയിസ് കുള്ളിനന്‍, ബെന്‍റലി, മെഴ്സിഡസ് ബെന്‍സ്, ഫെരാരി സ്പൈഡര്‍, ബിഎംഡബ്ല്യൂ, പോര്‍ഷെ പനമേറ തുടങ്ങിയ മുന്തിയ ഇനങ്ങള്‍ കൈവശം വച്ചിരിക്കുന്ന സഖാക്കളുമുണ്ട്, പാര്‍ട്ടിയില്‍. അവരൊക്കെയാണ് അഭിനവ സിപിഎം കേഡറുകള്‍. അല്ലാതെ പണ്ടത്തെപ്പോലെ അത്താഴപ്പട്ടിണിക്കാരല്ല.

അവരെ തീറ്റിപ്പോറ്റാന്‍ പഴയ കട്ടന്‍ചായയും പരിപ്പുവടയുമൊന്നും പോരാ. കുറഞ്ഞ പക്ഷം ഡിം സംസ്, ഹോട്ട് ആന്‍ഡ് സോര്‍ സൂപ്പ്, ഷ്യൂവന്‍ ചില്ലി ചിക്കന്‍, സ്പ്രിംഗ് റോള്‍സ് തുടങ്ങിയ ചൈനീസ് മെനുവില്ലാതെ തീരെ പറ്റില്ല. ഇതിനൊക്കെ ചില്ലറ ചെലവാണോ സഖാക്കന്മാരെ. ഒരു ദിവസത്തേക്ക് തന്നെ എത്ര രൂപ വേണമെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതൊക്കെ ഉണ്ടാക്കാന്‍ പഴയ കാല ഉണ്ടന്‍പൊരി കമ്യൂണിസ്റ്റുകള്‍ പോരാ. അഭിനവ അന്തം കമ്മികളുടെ പിന്‍ബലത്തില്‍ നല്ല മുന്തിയ ഇനങ്ങളെ തീറ്റിപ്പോറ്റിയേ തീരൂ.  അതുകൊണ്ടാണ് സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ചെലവില്‍ സെക്രട്ടേറിയറ്റിലിരുത്തി സ്വര്‍ണം കള്ളക്കടത്തിന്‍റെ ക്വട്ടേഷന്‍ നല്‍കിയത്. ഒരു വര്‍ഷം കൊണ്ട് സഖാവ് സ്വപ്ന ഏതാണ്ടു മുന്നൂറു കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തി,  കിലോഗ്രാമിന് ഏഴര ലക്ഷം രൂപ കമ്മിഷന്‍ വ്യവസ്ഥയില്‍. പകുതി പാര്‍ട്ടിക്ക്, ബാക്കി സ്വപ്നയ്ക്ക് എന്നതായിരുന്നു ഇടപാടിന്‍റെ അനുപാതം.

കണ്ണൂര്‍ ജയിലില്‍ കിടന്നുകൊണ്ട് സഖാവ് കൊടി സുനി ശതകോടികളുടെ സ്വര്‍ണം കച്ചവടം ചെയ്യുന്നതും ഏതാണ്ട് ഇതേ വ്യവസ്ഥയില്‍. കാരാട്ട് ദേശം തന്നെ സര്‍ണം കടത്തിനു തീറെഴുതിക്കൊടുത്തിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാര്‍ട്ടി പാടുപെടുകയാണ്. അതുകൊണ്ടാണ്, സഖാക്കന്മാരെ, സഖാവ് പി.വി. അന്‍വറെ നിലമ്പൂരില്‍ നിര്‍ത്തി മത്സരിപ്പിച്ച് വിജയിപ്പിച്ച്, ജനങ്ങളുടെ ചെലവില്‍ ദക്ഷിണാഫ്രിക്കയില്‍ വിട്ട് സ്വര്‍ണഖനി തന്നെ നടത്തുന്നത്. ഖനി നടത്തിപ്പിന്‍റെ ചുമതല മാത്രമേ അന്‍വറിനുള്ളൂ എന്നാണ് അശരീരി. ബിനാമികള്‍ മിക്കവരും പാര്‍ട്ടിയുടെ സമുന്നതന്മാരാണു പോലും. അന്‍വര്‍ നിയമസഭയില്‍ വന്നിരുന്നാല്‍ പാര്‍ട്ടിക്ക് ഒരു ഗുണവും കിട്ടില്ലെന്ന് അറിയാത്തവരല്ല, ഏകെജി സെന്‍ററിലിരിക്കുന്നത്.

 അന്‍വറിനു കിട്ടുന്ന ഒന്നര-രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ എംഎല്‍എ ആനുകൂല്യങ്ങളില്‍ നിന്നു ഏറിപ്പോയാല്‍ പത്തോ പതിനായിരമോ രൂപ ലെവി പിരിക്കാം. എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍ നിന്നു കോരുന്നത് മുക്കാല്‍ ചക്രത്തിന്‍റെ ഇന്ത്യന്‍ കറന്‍സിയല്ല, നല്ല പെടയ്ക്കുന്ന ഡോളറാണ്. അത് യഥേഷ്ടം കോരിയെടുക്കാനാണ് അന്‍വറിന് അവധി നല്‍കി പാര്‍ട്ടി ആഫ്രിക്കയിലേക്കു വിട്ടിരിക്കുന്നത്.  അതൊന്നുമറിയാതെ അന്‍വര്‍ എവിടെയെന്നു തിരയുന്ന നിലമ്പൂരിലെ സാദാ വോട്ടര്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും തന്തയ്ക്കു വിളി വാങ്ങിക്കൂട്ടാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

 എംഎല്‍എയെ കാണിനില്ലെന്ന പത്രവാര്‍ത്തകളും ചുവരെഴുത്തുകളും പോസ്റ്ററുമൊക്കെ എഴുതി നടന്നാല്‍, അതൊക്കെ നല്ല വിസിബിലിറ്റിയും മാസ് എന്ട്രിയുമൊക്കെയാകുന്ന ചെലവു കുറഞ്ഞ പബ്ലിസിറ്റി എലമെന്‍റുകളാണെന്നെങ്കിലും തിരിച്ചറിയണം, തന്നെ തപ്പിയിറങ്ങുന്നവരെന്നു അന്‍വര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ദോഷം പറയരുത്. പണക്കാര്‍ക്കും സമ്പന്നന്മാര്‍ക്കും മാത്രമേ സിപിഎം വാരിക്കോരി കൊടുക്കുന്നുള്ളൂ എന്നു പറയരുത്. സാധാരണ സഖാക്കന്മാരെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. റേഷന്‍ കടകള്‍ വഴി പുഴുവരിച്ച അരിയും വേവാത്ത കടലയും ഗുണമില്ലാത്ത ഏലയ്ക്കയും മധുരം കുറഞ്ഞ ശര്‍ക്കരയും വിഷം പുരട്ടിയ പപ്പടവുമൊക്കെ ഒരു കിറ്റിലാക്കിത്തന്ന് മൂലയ്ക്കിരുത്തിയിരിക്കുന്നത് മുകളില്‍ നടക്കുന്നതൊക്കെ കണ്ടില്ലെന്നു നടിക്കാനാണ്. രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെകാലത്തു പാസാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള സൗജന്യ റേഷനടങ്ങിയ ഭക്ഷ്യക്കിറ്റും കിഫ്ബി വഴി കടമെടുക്കുന്ന പണംകൊണ്ട് ധൂര്‍ത്തും നടത്താമെന്ന ക്യാഷ് പ്രൊഡക്‌ഷന്‍ ആന്‍റ് ഇന്‍റേണല്‍  മാനെജ്മെന്‍റ് സംവിധാനത്തിന്‍റെ പുതിയ ചുരുക്കപ്പേരാണ് സിപിഎം എന്നെങ്കിലും മനസിലാക്കണം സാദാ സഖാക്കന്മാര്‍. അതു മനസിലാക്കിയിട്ടു മതി, അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് ഗോപിനാഥിനെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കേണ്ടത്.

കെ. മുരളീധരന്‍ എംപിയോടുമുണ്ട് ഒരപേക്ഷ. വെറുതേ അന്‍വറിനെ തെരഞ്ഞ് സമയം കളയരുത്. മുരളീധരനും ഗോപിനാഥിനുമൊക്കെ ആകെ ചെയ്യാവുന്നത്, വിവരാവകാശ കമ്മിഷനിലേക്ക് ഒരു കത്തയച്ച്, എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ വാങ്ങിയിട്ടുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രയെന്നു മനസിലാക്കി, പൊതുഖജനാവിന് അതു തിരികെ കിട്ടുമോ എന്നു പരിശോധിക്കുക മാത്രമാണ്.

  • സ്വര്‍ണം കുഴിച്ചെടുക്കുന്ന എംഎല്‍എയ്ക്കു നിലമ്പൂരിലെ

    ജനങ്ങള്‍ നല്കുന്നത് കോടികള്‍

 തെരഞ്ഞെടുത്ത ജനങ്ങളുടെ വീടുകളില്‍ മരണമോ വിവാഹമോ മറ്റു ചടങ്ങുകളോ നടന്നാല്‍ പങ്കെടുക്കുന്നതല്ല തന്‍റെ പണിയെന്നു നിലമ്പൂരിലെ എംഎല്‍എ പി.വി. അന്‍വര്‍ പറയുന്നു. കോവിഡ് അടക്കമുള്ള അതീവ ഗുരുതര ജീവല്‍പ്രശ്നങ്ങളില്‍പ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ ജനങ്ങളെ സഹായിക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നില്ല. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത് സ്വന്തം മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനും അന്‍വറിനു സമയമില്ല. പക്ഷേ, ആഫ്രിക്കയിലിരുന്ന സ്വര്‍ണക്കച്ചവടം നടത്തുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അന്‍വര്‍ വാങ്ങുന്നതെന്തൊക്കെ എന്നെങ്കിലും അദ്ദേഹത്തെ അവിടേക്കു തെരഞ്ഞടുത്തുവിട്ട സഖാക്കന്മാര്‍ ഒന്നു മനസിലാക്കിയിരിക്കുന്നതു നല്ലതാണ്.

പ്രതിമാസ ഫിക്സഡ് അലവന്‍സ് 2000 രൂപ, നിയോജക മണ്ഡലം അലവന്‍സ്                 25,000 ,ടെലിഫോണ്‍ അലവന്‍സ്11,000, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000, സമ്പാദ്യ അലവന്‍സ് 8000, ഫിക്സഡ് ടിഎ 20,000, ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് അധിക നിരക്ക് Rs 10  , പ്രതിവര്‍ഷം എസി റെയില്‍ കൂപ്പണ്‍ 3 ലക്ഷം, സംസ്ഥാനത്തിനുള്ളില്‍ ഒരു ദിവസത്തെ ദിനബത്ത 1000, സംസ്ഥാനത്തിനു പുറത്താണെങ്കില്‍ ദിനബത്ത 1,200, പരിധിയില്ലാത്ത മൊബൈല്‍ ഫോണ്‍ ബില്ല്, വീട്ടില്‍ സൗജന്യ ബിഎസ്എന്‍എല്‍, സമ്പൂര്‍ണ മെഡിക്കല്‍ റി ഇംപേഴ്സ്മെന്‍റ്/ സൗജന്യ ചികിത്സ, കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ ആജീവനാന്ത സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ്, പലിശരഹിതമോ കുറഞ്ഞ നിരക്കിലോ പത്തു ലക്ഷം രൂപ വരെ ഭവനവായ്പ, പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 15,000 രൂപ എന്നിങ്ങനെയാണ് ശമ്പളവും അലവന്‍സുകളും. ഇതിനു പുറമേ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍റെ സേവനം വേറേ.

 പ്രതിമാസം ഇരുപതിനായിരം രൂപ നിരക്കില്‍ രണ്ടു പേഴ്സണല്‍ സ്റ്റാഫ്. ഇത്രയും ആനുകൂല്യം പറ്റിയ ശേഷമാണ് പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ പോയി സ്വര്‍ണം കുഴിച്ചെടുക്കുന്നത്. സിപിഎമ്മിലല്ലാതെ ഭൂമിമലയാളത്തില്‍ വേറേ ഏതെങ്കിലും പാര്‍ട്ടിയില്‍ ഇത് അനുവദിക്കുമോ?

  • രമ്യ ഹരിദാസന്‍റെ കാറും

യൂത്ത് കോണ്‍ഗ്രസിന്‍റെ പിരിവും

സിപിഎം നടത്തുന്ന തീവെട്ടിക്കൊള്ളയുടെ ഒരു ധൂളി മാത്രമാണ് ഇതുവരെ വിവരിച്ചത്. അതു പറഞ്ഞപ്പോഴാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസന്‍റെ കാറിനെക്കുറിച്ച് ഓര്‍മ വന്നത്. വളരെ പാവപ്പെട്ട ജീവിതസാഹചര്യത്തില്‍ നിന്നു വരുന്നയാളാണ് രമ്യ. ചെറുപ്പകാലത്തു തന്നെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട്, ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചതിന്‍റെ പിന്‍ബലത്തില്‍ അവര്‍ ആലത്തൂരില്‍ നിന്നു പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തന്‍റെ മണ്ഡലത്തിലെ എഴുപതില്‍പ്പരം പ‍ഞ്ചായത്തുകളില്‍ ഓടിയെത്താന്‍ അവര്‍ക്കു പലരുടെയും വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കേണ്ടി വന്നു. കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരുചക്രവാഹനങ്ങള്‍ പോലും ഇതിനായി ഉപയോഗിച്ചു. അപ്പോഴാണ് 14 ലക്ഷം രൂപ ചെലവില്‍ അവര്‍ക്ക് ഒരു കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്. അതില്‍ 6.30 ലക്ഷം രൂപ പാര്‍ട്ടി അനുഭാവികളില്‍ നിന്നു പിരിച്ചെടക്കുകയും ചെയ്തു.

 എന്നാല്‍ കെപിസിസിയുടെ അനുമതിയോ അംഗീകാരമോ കൂടാതെ നടത്തിയ പണപ്പിരിവിനെതിരേ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടിയെടുത്തു. അദ്ദേഹത്തിന്‍റെ വിമര്‍ശനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തനിക്കു കാര്‍ വേണ്ടെന്ന് രമ്യ പ്രഖ്യാപിച്ചു. അതുവരെ പിരിച്ചെടുത്ത പണം യൂത്ത് കോണ്‍ഗ്രസ്, ഉടമസ്ഥര്‍ക്കു മടക്കി നല്‍കുകയും ചെയ്തു. അതാണു കോണ്‍ഗ്രസ്. ആര്‍ക്കും വായിക്കാന്‍ കഴിയുന്ന തുറന്ന പുസ്തകം.

 എന്നാല്‍, സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്പോലും നിഗൂഢതകളുടെ ഉരുക്കുകോട്ട കെട്ടി നടത്തുന്ന ഡ്രാക്കുളഭരണത്തിന്‍റെ സംരക്ഷണയിലാണു സിപിഎം. ആരെയും ഒന്നിനെയും പേടിയില്ലാത്ത കാട്ടാളനീതിയുടെ കാവല്‍ക്കാര്‍. പഴയ കംബോഡിയയിലെ കമറൂഷുകളെ വെല്ലുന്ന ഭീകരത പുറംലോകമറിയണമെങ്കില്‍ എന്നെങ്കിലും ജനാധിപത്യശക്തികള്‍ കേരളത്തില്‍ അധികാരത്തിലെത്തണം. അതുവരെ സാധാരണക്കാരുടെ കണ്ണില്‍ സൗജന്യക്കിറ്റിന്‍റെ പൊടിയിട്ട്, ഖജനാവിനെയും ബഹുജനങ്ങളെയും കൊള്ളയടിച്ച് സാത്താന്‍ കോട്ടയിലെ ഡ്രാക്കുളകള്‍ ചോരകുടിച്ചുകൊണ്ടേയിരിക്കും. പരാദങ്ങളെപ്പോലെ.      

Related posts

Leave a Comment