അധികാരപ്രമത്തതയുടെ കൊടിയടയാളങ്ങള്‍

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

കേരളത്തിലിപ്പോള്‍ സിപിഎമ്മിന്‍റെ സമ്മേളനകാലമാണ്. നാട്ടിലാകെ ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കല്‍ ഏരിയ സമ്മേളനങ്ങളും പൊടിപൊടിക്കുന്നു. അഞ്ചര വര്‍ഷത്തെ ഭരണാനുകൂല്യങ്ങളുടെ കുമിഞ്ഞുകൂടിയ അഴിമതിപ്പണത്തിന്‍റെ സര്‍വ അലങ്കാരങ്ങളുമടങ്ങിയതാണ് ഈ സമ്മേളനങ്ങള്‍. പ്രാദേശിക തലത്തിലെ വെറും സാമ്പിള്‍ പൂരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ഥ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ. ജില്ലാ സമ്മേളനങ്ങള്‍, സംസ്ഥാന സമ്മേളനം എന്നിവ പിന്നിട്ട് പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കുന്നു. ഇതെല്ലാം ഭംഗിയായി നടത്താന്‍ കേരളമല്ലാതെ സിപിഎമ്മിനു വേറൊരിടവുമില്ല.

ഏറ്റവും ഒടുവില്‍ കേരളത്തില്‍ നടന്ന ആലപ്പുഴ പാര്‍ട്ടി കോണ്‍ഗ്രസിനു മാത്രം ആറു കോടിയിലധികം രൂപ ചെലവു വന്നു. വരാനിരിക്കുന്ന സമ്മേളനങ്ങള്‍ക്ക് അതിന്‍റെ ഇരട്ടി തുക വേണ്ടിവരുമെന്നാണു കണക്ക്. അതിന്‍റെ പിരിവും മുറതെറ്റാതെ നടക്കുന്നുണ്ട്. പക്ഷേ, പലതും ഗൂണ്ടാപ്പിരിവാണെന്നു മാത്രം. പണ്ട് കംബോഡിയയിലെ ഖമര്‍ റൂഷുകളെപ്പോലെയാണിപ്പോള്‍ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം. സ്വന്തം പാര്‍ട്ടി അനുയായികളെപ്പോലും തള്ളിപ്പറയുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന അധികാരപ്രമത്തതയുടെ കൊടിയടയാളങ്ങളാണ് എവിടെയും.

  • ഷാഹിയുടെ ജീവിതത്തിലേക്കു

    കുത്തിയിറക്കിയ ചെങ്കൊടി

ഒരു കൊടിക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മൈനാഗപ്പള്ളി കോവൂര്‍ മായാഭവനില്‍ ഷാഹി വിജയനും ഷൈനിയും അറിഞ്ഞില്ല. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവര്‍ യുഎസിലാണ്. അവിടെ രാപ്പകല്‍ പണിയെടുത്തു നേടിയ സമ്പാദ്യമെല്ലാം സ്വന്തം നാട്ടില്‍ ചെലവഴിച്ച് സ്വയം ജീവിക്കുകയും ഒപ്പം ഏതാനും ചിലര്‍ക്കു തൊഴിലവസരം നല്‍കാമെന്നു തീരുമാനിക്കുകയും ചെയ്തതാണ് അവര്‍ ചെയ്ത കുറ്റം.  

 കൈയിലുള്ള തുക തികയാതെ വന്നപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും ജോലിയുടെ ഈടില്‍ കുറച്ചു വായ്പ തരപ്പെടുത്തി. എന്നിട്ടും പണം തികഞ്ഞില്ല. പിന്നീടാണ് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പദ്ധതിയില്‍പ്പെടുത്തി കെഎസ്എഫ്ഇയില്‍ നിന്നു വലിയ തുക കൂടി കടമെടുത്തത്. എല്ലാം ചേര്‍ത്ത് പത്ത് കോടി മുടക്കി പണികള്‍ ഏകദേശം പൂര്‍ത്തിയായപ്പോഴാണ് അശനിപാതം പോലെ ഒരു കൊടി ഷാഹിയുടെ മുന്നിലേക്കു മുഷ്ടി ചുരുട്ടിയെത്തിയത്.

കണ്‍വെന്‍ഷന്‍ സെന്‍ററിനോടു ചേര്‍ന്ന് സിപിഎം നിര്‍മിക്കുന്ന ശ്രീകുമാര്‍ മന്ദിരത്തിനു വേണ്ടി പതിനായിരം രൂപ കൊടുത്തില്ലെങ്കില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിനു മുന്നില്‍ കൊടി കുത്തുമെന്ന ഭീഷണിയുമായി ഗുഹാനന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു രംഗത്തെത്തി. നിര്‍മാണം തടസപ്പെടുത്തുമെന്നും ഒരുകാലത്തും കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും ബിജു കട്ടായം പറഞ്ഞു.

കേരളത്തിന്‍റെ പൊതുസമൂഹവും മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ നേതൃത്വം ബിജുവിനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്തി. പക്ഷേ, ഷാഹി വിജയനു നീതി കിട്ടുമെന്ന് ഉറപ്പില്ല. ഇതൊക്കെ പതിവുള്ളതാണെന്നും പാര്‍ട്ടി ഫണ്ട് പിരിക്കുന്നതു പുതിയ കാര്യമല്ലെന്നുമാണ് മേല്‍ക്കമ്മിറ്റികളുടെ വിലയിരുത്തല്‍. എന്നുവച്ചാല്‍ പാര്‍ട്ടിക്കു സഖാക്കളാണു വലുത്. ആരെയും കൊള്ളയടിക്കാനുള്ള ലൈസന്‍സാണു പാര്‍ട്ടിയുടെ ചെങ്കൊടി. അതു കൈവശമുള്ളവര്‍ എന്തും ചെയ്യും.

 സമാനമായ സംഭവം കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ നമ്മള്‍ കണ്ടതാണ്. ചവറയില്‍ കൊള്ളയുടെ കൊടി കുത്തിയത് ഒരു ബ്രാഞ്ച് സെക്രട്ടറിയാണെങ്കില്‍ ആന്തൂരിലെ കൊടിയടയാളം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അദ്ദേഹത്തി‌ന്‍റെ ഭാര്യയുമാണ്. ഷാഹി വിജയനു തീ തിന്നേണ്ടി വന്നതല്ലാതെ ജീവന്‍ വെടിയേണ്ടി വന്നില്ല. പക്ഷേ, കണ്ണൂരിലെ ആന്തൂരില്‍ പതിനഞ്ചു കോടി രൂപ ചെലവാക്കി കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിച്ച പാറയില്‍ സാജന്‍ എന്ന എന്‍ആര്‍ഐ നിക്ഷേപകനു സ്വന്തം ജീവനും ജീവിതവും ചെങ്കൊടിയുടെ അധികാരമുഷ്ടിക്കു മുന്നില്‍ കുരുതി കൊടുക്കേണ്ടി വന്നു.

 ജനിച്ച നാട്ടില്‍ നിക്ഷേപം നടത്തിയ സാജനെന്ന സ്വന്തം സഖാവിനെപ്പോലും കുരുതികൊടുത്ത ഭരണ ഭീകരതയാണ് കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിക്കാനെന്ന വ്യാജേന കോടികള്‍ തുലച്ച് നിക്ഷേപക സംഗമങ്ങളും വിദേശ യാത്രകളും നടത്തുന്നത്. ഇവിടെയുള്ള നിക്ഷേപകര്‍ പോലും ജീവനുംകൊണ്ട് ഓടിപ്പോകുന്നതിനു കാരണം സാജന്‍ പാറയിലിനെപ്പോലുള്ളവരുടെ ദ‌ുര്യോഗമാണ്.

  • ബ്രാഞ്ച് സെക്രട്ടറിമാരുടെ നിലയ്ക്കാത്ത പൈശാചികത

സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ മൂന്നു കാര്യങ്ങളാണ്. ഒന്ന് പെണ്ണ്, രണ്ട് പണം, മൂന്ന് സ്വര്‍ണം. പിണറായി വിജയന്‍റെ തുടര്‍ഭരണം തണല്‍ വരിക്കുന്നത് ഈ മൂന്നു കാര്യങ്ങള്‍ക്കു വേണ്ടി മാത്രം. ചവറ കെ​എംഎംഎല്‍, കെഎസ്എഫ്ഇ എ‌ന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പോലീസ് കേസ് നേരിടുന്ന ഒരു ബ്രാഞ്ച് സെക്രട്ടറി കൂടിയുണ്ട്, കൊല്ലം ചവറയില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം നാടായ പിണറായി സര്‍വീസ് സഹകരണ സംഘം സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരക്കോലിക്കെതിരേയും ഈയിടെ പൊലീസ് കേസുണ്ടായി. ബാങ്കില്‍ വായ്പ ആവശ്യപ്പെട്ടെത്തിയ യുവതിക്ക് വാട്സ് ആപ്പില്‍ അശ്ലീല സന്ദേശമയച്ചതിനാണു കേസ്.

കൊട്ടാരക്കരയില്‍ വെണ്ടാര്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ എണ്‍പത്തഞ്ചുകാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സോമന്‍ നല്‍കിയ കേസ് പോലീസ് തന്നെ മുക്കി. സെക്രട്ടറി സുമേഷിന് താന്‍ ജാമ്യം നല്‍കി വാങ്ങിക്കൊടുത്ത വായ്പയില്‍ ഒരു രൂപ പോലും തിരികെ അടച്ചില്ലെന്ന് പാര്‍ട്ടി അനുഭാവിയായ സോമന്‍ പറയുന്നു. ഇതേക്കുറിച്ചു ചോദിച്ചതിനാണു അച്ഛനെക്കാള്‍ പ്രായമുള്ള തന്നെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതത്രേ. അതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളത്തിലുടനീളം നടക്കുന്ന മാര്‍ക്സിസ്റ്റ് തേര്‍വാഴ്ചയുടെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ്. അഴിമതിക്കു സാര്‍വത്രിക ലൈസന്‍സ്, അഴിമതിക്കാര്‍ക്കു പൂര്‍ണ സംരക്ഷണം. സിപിഎമ്മിന്‍റെ പുതിയ ഭരണ തന്ത്രത്തിന്‍റെ ആകെ നിലവാരം ഇപ്പോള്‍ ഇതു മാത്രമാണ്.      

Related posts

Leave a Comment