തിക്കോടിയിലെ പ്രണയപ്പക: തീ കൊളുത്തിയ യുവാവും മരിച്ചു

കോഴിക്കോട്: പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാറും (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കൃഷ്ണ പ്രിയയുടെ സുഹൃത്തായിരുന്നു നന്ദകുമാർ.
ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറ‍ഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാർ പറ‌ഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിൽ പ്രോജക്ട് അസിസ്റ്റൻറായി കൃഷ്ണപ്രിയ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചത്.

Related posts

Leave a Comment