അവരും മനുഷ്യർ; ലേഖനം വായിക്കാം

ശബരിനാഥ് കോടോത്ത്, കാനത്തൂർ

വാളയാർ ആവർത്തിക്കപ്പെടുകയാണ്.പാലത്തായി കൺമുന്നിലുണ്ട്. വടകര സംഭവം വിദൂരത്തല്ലല്ലോ.
കേരളത്തിലെ ‘സ്ത്രീ സുരക്ഷ’ വാക്യം മാത്രമാകുമ്പോൾ കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു..
ഇനി ഈ രാജ്യത്തിന് ശാന്തമായി ഉറങ്ങാൻ ആവില്ല. “എനിക്ക് ജീവിക്കണം എനിക്ക് ജീവിക്കണം” ഇന്ത്യക്കാരായ നാമോരോരുത്തരും പ്രാർത്ഥിക്കുകയാണ്. കൊടും ക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവന്നരുടെ കൂട്ടത്തിൽ ഇന്നിതാ പുതുതായി ചിലർ കൂടി.. അശരണരായ അവരുടെ നിലവിളി നമ്മുടെ ഉറക്കം കെടുത്തി കൊണ്ടേയിരിക്കും. നമ്മെ നോക്കിയാണ് അവർ വിതുമ്പിയത്. മനുഷ്യരെന്ന് വിളിക്കപ്പെടുന്ന ചില ക്രൂര മൃഗങ്ങളുടെ പീഡനമേറ്റ് അവസാന ശ്വാസവും നിലയ്ക്കുമ്പോൾ അവർ കണ്ണീരൊഴുക്കിയത് കണ്ണിൽ ചോരയില്ലാത്ത നമ്മുടെ ഈ കെട്ട കാലത്തെക്കുറിച്ച് ഓർത്തായിരിക്കാം.

സ്ത്രീയെ ദേവിയായും അമ്മയായും പൂജിച്ച് പരിപാലിച്ചിരുന്ന ഭാരത സംസ്കാരത്തിൽ ജീവിക്കുന്ന നമ്മൾക്കിടയിൽ ഇത്രയും മൂല്യച്യുതിയുണ്ടാകാനുള്ള കാരണത്തെ പറ്റി ആലോചിക്കുമ്പോൾ എല്ലാവരും പറയുന്നതുപോലെ ദേശസ്നേഹിയാകാനും രാജ്യസ്നേഹിയാകാനും അല്ല, മറിച്ച് അറപ്പും വെറുപ്പുമാണ് തോന്നുന്നത്.

ഒരു പെണ്ണാവുക, അതും ഒരു കുട്ടിയാവുക, വംശവെറിയുടെയും മതവൈരത്തിൻ്റെയും, വൈതാളികന്മാർക്ക് ചവിട്ടിയരക്കാൻ, സംഘമായി കശാപ്പ് ചെയ്യാൻ ഇവിടെ ഒരു കുഞ്ഞിൻ്റെ ഓമന മുഖമൊ,ദൈന്യതയോ കണ്ണുനീരോ ഒന്നും തന്നെ വിഷയമല്ല. അതിനേക്കാൾ ഹീനം അതിന് ഒത്താശ ചെയ്യാനും പ്രതികളെ രക്ഷിക്കാനും ഒക്കെ ബന്ധപ്പെട്ട അധികാരികൾ തന്നെ ഉണ്ടാകുന്നു എന്നതാണ്. എന്തൊക്കെ നടന്നാലും മനുഷ്യരെന്ന നിലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു എന്ന സ്ഥിരം പല്ലവി കേൾക്കുമ്പോൾ പുത്തൻ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു റിലാക്സേഷൻ ഉണ്ട്! ഇങ്ങനെ റിലാക്സ് ചെയ്ത് നമ്മുടെ നീതിന്യായ വ്യവസ്ഥ എവിടെ എത്തി നിൽക്കുന്നു എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്തരക്കാരെ മൃഗമെന്ന് വിളിക്കാനാകില്ല. കാരണം അനുമതിയോടെ അല്ലാതെ അവർ ഇണചേരാറില്ല, വിശപ്പടക്കാൻ അല്ലാതെ വേട്ടയാടാറില്ല.അവർ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ്.

പിഞ്ചോമനകൾപ്പോലും ബലിയാടാകുന്ന ഇത്തരം ലജ്ജാവഹമായ കാഴ്ചകൾ കാണുന്നതും കേൾക്കുന്നതും നടക്കുന്നതും ഈ സ്വച്ഛ ഭാരതത്തിലാണ്. സംരക്ഷിക്കേണ്ടവർ തന്നെ ശിക്ഷിക്കുന്ന തരത്തിൽ നമ്മുടെ നാട് അധ:പതിച്ചിരിക്കുന്നു. നമ്മെ ഏറെ ഭയപ്പെടുത്തുന്നതും അധികാരികളുടെ ഈ നിശബ്ദത തന്നെ. നമ്മുടെ കണ്ണും കാതും പോലെ നമ്മുടെ ശരീരത്തിൻ്റെ ഭാഗവും ഭാഗ്യവുമാണ് കുട്ടികൾ. ബാലപീഢനങ്ങളും ബലാൽസംഗങ്ങളും കടന്നു കയറാത്ത ഒരു മാധ്യമങ്ങൾപ്പോലും നമ്മുടെ മുന്നിലെത്താറില്ല. നാൾക്കുനാൾ ഇത് കൂടുന്നതല്ലാതെ അതിന് തടയിടാൻ നമുക്കായിട്ടില്ല. എന്തിനു വേണ്ടിയാണോ വിദ്യാസമ്പന്നരാകുന്നത് അതിൻ്റെ വിപരീതമാണ് ഇന്ന് സമൂഹത്തിൽ പലരും പെരുമാറുന്നത്. ഇതുതന്നെയല്ലെ വിദ്യാഭ്യാസത്തിൻ്റെ വിരോദ്ധാഭാസം.

‘ഓരോ ശിശു രോദനത്തിലും കേൾപ്പൂ ഞാൻ ഒരു കോടി ഈശ്വര വിലാപം’ എന്ന കവി വാക്യം ഓരോ സന്ദർഭത്തിലും ദു:ഖസാന്ദ്രം പൂരിപ്പിക്കപ്പെടുകയാണ്. ആരാധനാലയങ്ങൾപ്പോലും കശാപ്പുശാലകളായി മാറുമ്പോൾ കവി പറഞ്ഞ ഈശ്വരവിലാപം കൂടി അവിടെ ഉണ്ടായിട്ടുണ്ടാകണം. സ്വയം ശാക്തീകരിക്കപ്പെടുകെയന്നത് അവരുടെ മേൽ കുതിര കയറാനുള്ള ലൈസൻസല്ല, ശക്തിയില്ലായ്മയെ മുതലെടുക്കുന്നതിൻ്റെ അവസാന ഇരയായിരുന്നു അവൾ.കേവലം അവൾ എന്ന് മാത്രമെ പറയാൻ പറ്റുള്ളു. കാരണം ഒരോ ദിനവും ഹാഷ് ടാഗുകളിലെ പേര് മാത്രമെ മാറുന്നുള്ളു.

മാപ്പ് ചോദിക്കുന്നില്ല. കാരണം മാപ്പ് എന്ന വാക്കിനുമപ്പുറമാണത്…..!

Related posts

Leave a Comment