സംയുക്ത സേന മേധാവിയുടെ ഹെലികോപ്ടറിലുണ്ടായിരുന്നത് 14 പേർ ; അപകടത്തിൽ 11 പേർ മരണപ്പെട്ടു

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടറിലുണ്ടായിരുന്നത് 14 പേർ. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്ടറിൽ 14 യാത്രികരാണുണ്ടായിരുന്നത്. അപകടത്തിൽ 11 പേർ മരണപ്പെട്ടുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം. മൃതദേഹങ്ങൾ കണ്ടെടുത്ത് വെല്ലിങ്ടൺ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും പറഞ്ഞു. ഇവർക്ക് 85 ശതമാനം പൊള്ളലേറ്റിരിക്കുകയാണ്.

ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നു. ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേരുന്നുമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെൻറിൽ അപകടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും. രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച് മടങ്ങി

Related posts

Leave a Comment