നഷ്ടപരിഹാരം നൽകാൻ പോലും ഫണ്ടില്ല; ധനമന്ത്രിക്കെതിരെ സഭയിൽ വനംമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ പരോക്ഷ വിമർശവുമായി വനം മന്ത്രി നിയമസഭയിൽ. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ പോലും ധനവകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമാകുന്നില്ലെന്ന് ചോദ്യോത്തര വേളയിൽ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനംവകുപ്പിന്റെ പല പദ്ധതികളും നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക പരിമിതി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട് സഭയിലെ ചോദ്യങ്ങൾ കേൾക്കാൻ പോലും ധനമന്ത്രി തയാറാവുന്നില്ലെന്നും പകരം സ്പീക്കറെ നോക്കിയിരിക്കുകയാണെന്നും ശശീന്ദ്രൻ പരോക്ഷമായി ധനമന്ത്രിയെ വിമർശിച്ചു.
അത്യാവശ്യ ഘട്ടങ്ങളിൽ പോലും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഓടി എത്താൻ വാഹനങ്ങളില്ല. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. കാസർകോട് ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നും മാറ്റിവയക്കണമെന്നുമാണ് ധനവകുപ്പ് നിർദേശിച്ചത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാൽ ഒന്നാമത്തെ പരിഗണന കാസർകോട് ഫോറസ്റ്റ് സ്റ്റേഷന് തന്നെയായിരിക്കും നൽകുക. പുതിയ സാമ്പത്തിക വർഷത്തിൽ ഫണ്ട് കിട്ടുന്ന മുറക്ക് വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പഴക്കമുള്ള കേസുകൾ പ്രകാരം സമയ ബന്ധിതമായി തീർക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment