കോവിഡിന് അവസാനമില്ല, ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഇനി അധിക നാളുകളില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ലോകത്ത് കോവിഡിന് അവസാനമില്ല. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഇനി അധിക നാളുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.ഏറ്റവും അപകടകാരിയായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. എവൈ ഫോര്‍-2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ത്ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് ഇത്.

ഇന്ത്യയടക്കം 40 ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എവൈ ഫോര്‍-2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. ഇതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം എവൈ ഫോര്‍-2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.

Related posts

Leave a Comment