സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും; കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ ജൂലൈ 31, ഓഗസ്റ്റ് 1 ദിവസങ്ങളിലും തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ആഴ്ചകളിലെ പോലെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്.

അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍കൂടി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫൊട്ടോ സ്റ്റുഡിയോകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രിവര്‍ത്തിക്കാം. ഇതോടൊപ്പം വിത്ത്, വളക്കടകളും അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു. വിവിധ പ്രവേശന പരീക്ഷകളടക്കം നടക്കുന്ന സാഹചര്യത്തിലാണ് ഫൊട്ടോ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് പത്ത് ശതമാനത്തില്‍ താഴേയെത്താത്തതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ്.

ഈ സാഹചര്യത്തില്‍ കേരളത്തെ സഹായിക്കാന്‍ ആറംഗ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന് ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിരിക്കുകയാണ്. കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ കേരള സര്‍ക്കാരിനെ സഹായിക്കും. അതേസമയം കേരളത്തില്‍ കൊവിഡ് കുറച്ച്‌ കാലം കൂടി നിലനില്‍ക്കുമെന്നാണ് ഐസിഎംആറും പറയുന്നത്.

Related posts

Leave a Comment