അമ്പലത്തിലെ പൂജാരിയുടെ വീടിന് കുറ്റിയടിച്ചത് പള്ളിയിലെ ഉസ്താദ്

മലപ്പുറം: മതത്തിന്റെ പേരിൽ പുറമേ നിന്നുള്ളവർ മലപ്പുറം ജില്ലയെ അധിക്ഷേപിക്കുമ്പോൾ മതേതരത്വത്തിന് എന്നും മാതൃക കാണിച്ച് മലപ്പുറം ജില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് വർഗീയ വിഷം ചീറ്റി മലപ്പുറത്തിന്റെ മണ്ണിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ അതേമണ്ണിൽ മതത്തിനും മേലെ സൗഹാർദ്ദം തീർക്കുകയാണ് ഇവിടുത്തെ ജനത. ഇത്തവണ അരീക്കോട് സൗത്ത് പുത്തലത്തെ യുവാവാണ് മതസൗഹാർദത്തിന്റെ വേറിട്ട മാതൃക കാണിച്ചത്. സ്വന്തം വീടിന്റെ തറക്കല്ലിടൽ ചടങ്ങ് മഹല്ല് ഖാദിയെകൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു സൗത്ത് പുത്തലം കറുത്ത ചോലയിൽ വേലായുധന്റെ മകൻ വിജേഷ്. പുതിയ വീടിന്റെ തറക്കല്ലിടലിന് മഹല്ല് ഖാദി കബീർ ദാരിമിയാണ് നേതൃത്വം നൽകിയത്.
എല്ലാവരുടെയും പ്രാർഥനയോടെ തറക്കല്ലിടൽ നിർവഹിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അതുകൊണ്ടാണ് പ്രസ്തുത കർമ്മം നിർവഹിക്കാൻ ഖാദിയെ ക്ഷണിച്ചതെന്നും വിജീഷ്. സ്വന്തം തറവാട് ക്ഷേത്രമായ കറുത്ത ചോലയിൽ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാതി കർമ്മങ്ങൾ ചെയ്യുന്നതും വിജീഷാണ്. തറക്കല്ല് സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് വിട്ടുടമയുടെ മതാചാരങ്ങൾ പ്രകാരമുള്ള എല്ലാ കർമ്മങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. മതത്തിന്റെ പേരിൽ സമൂഹങ്ങൾ തമ്മിൽ പോരടിക്കുന്ന കാലത്ത് ഒരു മഹത്തായ സന്ദേശം കൂടിയാണ് വിജേഷ് നൽകിയത്. എല്ലാവരും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയണമെന്ന തന്റെ ആഗ്രഹമാണ് വിജേഷ് ഏറെ സ്‌നേഹിക്കുന്ന പള്ളിയിലെ ഖാദിയെ ക്ഷണിക്കാൻ പ്രേരിപ്പിച്ചത്.
നിരവധി പേരാണ് വിജേഷിനെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി അഭിനന്ദിക്കുന്നത്. താൻ മഹല്ല് ഖാദിയായി പ്രവർത്തിക്കുന്ന കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിനിടെയുള്ള ആദ്യ അനുഭവമാണ് ഇത്തരത്തിലൊരു തറക്കല്ലിടൽ ചടങ്ങെന്ന് പറഞ്ഞു മഹല്ല് ഖാദിയും സന്തോഷം പങ്കുവെച്ചു.

Related posts

Leave a Comment